Advertisment

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിഷ്ണുനാഥും അടക്കമുള്ള വിഐപി സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസും പി രാജീവ്, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടുന്ന ജനപ്രിയ പട്ടികയുമായി സിപിഎമ്മും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് ! ചര്‍ച്ചകള്‍ തകൃതി !

New Update

publive-image

Advertisment

തിരുവനന്തപുരം:  ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെമാത്രം ശേഷിക്കെ സ്ഥാനാര്‍ഥി പട്ടികയുമായി സി പി എമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് 17 സീറ്റുകളിലും സി പി എം 15 സീറ്റുകളിലും മത്സരിക്കാനാണ് ഒരുങ്ങുന്നത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികളെ സംബന്ധിച്ചും നിര്‍ണ്ണായകമായതിനാല്‍ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥി പട്ടികയാണ് ഇരു പാര്‍ട്ടികളും തയാറാക്കുന്നത്. കോണ്‍ഗ്രസ് ലിസ്റ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും പോലും കടന്നുകൂടുമ്പോള്‍ മുന്‍ മന്ത്രി കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നവരുമായാണ് സി പി എമ്മിന്റെ ലിസ്റ്റ് ഒരുങ്ങുന്നത്.

അതേസമയം, സി പി എമ്മിന്റെ 5 സിറ്റിംഗ് എം പിമാരില്‍ (2 സ്വതന്ത്രരുമുണ്ട്) 4 പേര്‍ വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ഇന്നസെന്റ്‌ ഇനി മത്സരത്തിനില്ല ?

ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റിന് വീണ്ടും മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ദേശാഭിമാനി ചീഫ് എഡിറ്ററും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി രാജീവിന് ഈ സീറ്റ് ഇതിനോടകം ഉറപ്പായിട്ടുണ്ട്.

publive-image

ഇടുക്കിയില്‍ ജോയ്സോ, ഫ്രാന്‍സിസ് ജോര്‍ജ്ജോ ?

ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിനെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ സി പി എമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. മന്ത്രി എം എം മണിക്ക് ജോയ്സിനെ മത്സരിപ്പിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ജില്ലാ സെക്രട്ടറി ജയചന്ദ്രനും കൂട്ടര്‍ക്കും അതിനോട് താല്പര്യമില്ല.

മാത്രമല്ല ഇടുക്കി രൂപതയുടെ പിന്തുണയും ഇത്തവണ ജോയ്സിനില്ല. പുതിയ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സഭ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതിനോട് താല്പര്യമുള്ള ആളല്ല.

ഇടുക്കിയില്‍ മറ്റൊരു സാധ്യത ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഈ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജിന് അനുവദിക്കുകയെന്നതാണ്. അതേസമയം ഇടുക്കിയില്‍ ജോയ്സിന് രണ്ടാമൂഴം അനുവദിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പത്തനംതിട്ടയില്‍ പരിഗണിച്ചേക്കും.

publive-image

ആറ്റിങ്ങലില്‍ സമ്പത്തിന് നാലാമൂഴം ഉണ്ടാകുമോ ?

3 തവണ എം പിയായ എ സമ്പത്തിനെ വീണ്ടും മത്സരിപ്പിക്കണമെങ്കില്‍ അതിന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വേണം. എന്നാല്‍ സമ്പത്തിന്റെ ജനപിന്തുണ ഇവിടെ മറ്റൊരു സ്ഥാനാര്‍ഥിക്കും അവകാശപ്പെടാനില്ലാത്തതിനാല്‍ സമ്പത്തിന് തന്നെ നറുക്ക് വീഴാനും സാധ്യതയുണ്ട്.  ഇനി സമ്പത്തിന് ഇവിടെ സീറ്റ് നിഷേധിച്ചാല്‍ ഡി വൈ എഫ് ഐ നേതാവ് എ റഹീം സ്ഥാനാര്‍ഥിയായേക്കും.

കാസര്‍കോഡ് കരുണാകരന് പകരം സതീശ് ചന്ദ്രനോ ?

കാസര്‍കോഡ് എ കരുണാകരന്‍ എം പിയും വീണ്ടും മത്സരത്തിനില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മുന്‍ എംഎല്‍എ കെ പി സതീശ് ചന്ദ്രന്‍ ഇവിടെ മത്സരിക്കാനാണ് സാധ്യത.

ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ !

ആലത്തൂരിലെ സിറ്റിംഗ് എംപി പി കെ ബിജുവിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സി പി എം ആലോചിക്കുന്നത്. ഒപ്പം മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണനെ ആലത്തൂരില്‍ മത്സരിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാണ് സി പി എമ്മിന്റെ ആലോചന.

അങ്ങനെ വന്നാല്‍ പാലക്കാട്ടെ എം ബി രാജേഷ് ഒഴികെ സിറ്റിംഗ് എം പിമാര്‍ക്കാര്‍ക്കും സീറ്റ് ഉറപ്പില്ലെന്നതാണ് സി പി എമ്മിന്റെ സ്ഥിതി.

publive-image

യുഡിഎഫില്‍ ഉമ്മന്‍ചാണ്ടിയും പരിഗണനയില്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാല്‍ അദ്ദേഹം കോട്ടയത്ത് മത്സരിച്ചേക്കും. ഇവിടെ സി പി എമ്മിന്റെ സ്ഥാനാര്‍ഥിയായി വരാന്‍ സാധ്യത ജില്ലാ സെക്രട്ടറി വി എന്‍ വാസവനാണെന്ന് കേള്‍ക്കുന്നു.

ഉമ്മന്‍ചാണ്ടിയുടേത് മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പേരും ലോക്സഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും ഡല്‍ഹിയിലേക്ക് മാറ്റി സംസ്ഥാനത്ത് പുതിയ നേതൃ നിരയെ രംഗത്തിറക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താല്പര്യമുണ്ട്. എന്നാല്‍ ചെന്നിത്തല കേരളം വിടാന്‍ താല്പര്യം കാണിക്കുന്നില്ല.

കോട്ടയത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുന്നില്ലെങ്കിലും നിലവില്‍ കേരളാ കോണ്‍ഗ്രസിന്റെ പക്കലുള്ള ഈ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയാകും മത്സരിക്കുകയെന്ന്‍ ഉറപ്പായിട്ടുണ്ട്.  ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി, ലതികാ സുഭാഷ് എന്നിവര്‍ ഇവിടെ പരിഗണനാ ലിസ്റ്റിലുണ്ട്.

publive-image

സൗമിനിയും വിഷ്ണുനാഥും ഉണ്ണിത്താനും ലിസ്റ്റിലായി

എറണാകുളത്ത് കെ വി തോമസിന് വീണ്ടും സീറ്റ് നല്‍കുന്നതിനെതിരെ എതിര്‍പ്പ് ശക്തമാണ്. മോഡിയെ പുകഴ്ത്തിയ വിവാദ പ്രസംഗത്തോടെ അദ്ദേഹം ഹൈക്കമാന്റിനും അനദിമതനായിട്ടുണ്ട്. പകരം മേയര്‍ സൗമിനി ജെയിനെ ഇവിടെ പരിഗണിക്കാനാണ് സാധ്യത.

കോണ്‍ഗ്രസ് വക്താക്കളില്‍ പ്രധാനിയായ രാജ് മോഹന്‍ ഉണ്ണിത്താന്‍ ഇത്തവണ ആറ്റിങ്ങലില്‍ പരിഗണിക്കപ്പെട്ടെക്കാം. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണകൂടി സീറ്റ് അനുവദിച്ചേക്കും. പാലക്കാട് ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍, മുന്‍ എംഎല്‍എ സി പി മുഹമ്മദ്‌ എന്നീ പേരുകള്‍ പരിഗണനയിലുണ്ട്.

വയനാട്ടില്‍ എം ഐ ഷാനവാസിന് വീണ്ടും സീറ്റ് ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ  സി വിഷ്ണുനാഥ്‌, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൌക്കത്ത്, കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ ടി സിദ്ദിഖ് എന്നിവരുടെ പേരുകള്‍ പരിഗണനയിലാണ്. സിദ്ദിഖിനെ കഴിഞ്ഞ തവണ മത്സരിച്ച കാസര്‍കോഡും പരിഗണിക്കുന്നുണ്ട്.

publive-image

ആറ്റിങ്ങലില്‍ സമ്പത്തിനെതിരെ വിഷ്ണുനാഥ്‌ !

ആറ്റിങ്ങലില്‍ എ സമ്പത്താണ്‌ സ്ഥാനാര്‍ഥിയെങ്കില്‍ ഇവിടെയും വിഷ്ണുനാഥിന്റെ പേര് പരിഗണനയിലുണ്ട്. രാജ്യസഭാ സീറ്റ് ലഭിക്കാതെ വഴക്കിട്ട് നടക്കുന്ന വി എം സുധീരന് മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ തൃശൂരില്‍ തന്നെ പരിഗണിക്കും. പക്ഷേ മത്സരിക്കാനില്ലെന്നതാണ് സുധീരന്റെ 'ആദര്‍ശാധിഷ്ഠിത' നിലപാട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസിന് ചാലക്കുടിയില്‍ സീറ്റ് നല്‍കിയേക്കും. കഴിഞ്ഞ തവണ ഇടുക്കിയിലാണ് ഡീന്‍ മത്സരിച്ചതെങ്കിലും ഇടുക്കി ഇത്തവണ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കും. ഇവിടെ അടുത്ത 'മകന്‍' മത്സരിക്കാനുള്ള ഒരുക്കങ്ങളിലാണ്. അങ്ങനെയെങ്കില്‍ ചാലക്കുടി ഡീന്‍ ഉറപ്പിച്ചിട്ടുണ്ട്. സുധീരന്‍ മത്സരത്തിനില്ലെങ്കില്‍ തൃശൂരിലും ഡീനിന്റെ പേര് പരിഗണിച്ചേക്കും.

അതേസമയം, കെ സുധാകരന്‍ ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ്.

loksabha election
Advertisment