Advertisment

സിപിഎം യുവതുര്‍ക്കികളായ പി രാജീവിനെയും കെ എന്‍ ബാലഗോപാലിനെയും ലോക്സഭ സ്ഥാനാര്‍ഥികളാക്കിയേക്കും ! കെ വിയെ തളയ്ക്കാന്‍ രാജീവും പ്രേമചന്ദ്രനെ തടുക്കാന്‍ ബാലഗോപാലും പരിഗണനയില്‍ 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  സി പി എമ്മിന്റെ പ്രമുഖ യുവ നേതാക്കളായ പി രാജീവിനെയും കെ എന്‍ ബാലഗോപാലിനെയും ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കും. ബാലഗോപാലിനെ കൊല്ലത്തും പി രാജീവിനെ കൊച്ചിയിലും മത്സരിപ്പിക്കാനാണ് സി പി എം ആലോചിക്കുന്നത്. ഇരുവരും മുന്‍ രാജ്യസഭാംഗങ്ങളും ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറിമാരുമാണ്.

Advertisment

publive-image

സി പി എമ്മിന്റെ ജനകീയ മുഖങ്ങളായാണ് രാജീവിനെയും ബാലഗോപാലിനെയും വിശേഷിപ്പിക്കുന്നത്. രാജ്യസഭാംഗമെന്ന നിലയില്‍ രാജീവിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യസഭയില്‍ കക്ഷി - രാഷ്ട്രീയ ഭേദമന്യേ പ്രശംസിക്കപ്പെട്ടതാണ്.

കാലാവധി പൂര്‍ത്തിയായ ശേഷം പോലും രാജ്യസഭാംഗങ്ങള്‍ക്ക് ക്ലാസെടുക്കാന്‍ രാജീവിനെ വിളിച്ചുവരുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദേശാഭിമാനി ചീഫ് എഡിറ്ററായ രാജീവ് മുമ്പ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.

publive-image

എറണാകുളത്ത് പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും അതീതമായ ബന്ധങ്ങളുള്ള രാജീവ് സ്ഥാനാര്‍ഥിയായാല്‍ വര്‍ഷങ്ങളായി യു ഡി എഫ് കൈവശം വച്ചിരിക്കുന്ന ഈ സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍. യു ഡി എഫില്‍ നിന്നും സിറ്റിംഗ് എം പി പ്രൊഫ. കെ വി തോമസായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് കരുതുന്നതെങ്കിലും കോണ്‍ഗ്രസ് ഇവിടെയ്ക്ക് മറ്റുള്ളവരെക്കൂടി പരിഗണിക്കുന്നുണ്ട്.

publive-image

മുന്‍ മേയര്‍ സൗമിനി ജെയ്ന്‍, കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരൊക്കെ പരിഗണനാ ലിസ്റ്റിലുണ്ട്.  മോഡി ആരാധകനായ കെ വി തോമസിന് ഇത്തവണ സീറ്റ് കൊടുക്കരുതെന്ന ശക്തമായ വികാരം കോണ്‍ഗ്രസിലെ പ്രമുഖര്‍ക്കുണ്ട്.

ഹൈക്കമാന്റിനും തോമസിനോട് ഇപ്പോള്‍ പഴയ താല്പര്യമില്ല. ഈ സാഹചര്യത്തില്‍ യു ഡി എഫിലേ സീറ്റ് തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് സി പി എം കരുതുന്നു.

publive-image

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ തോല്‍പ്പിക്കണമെന്ന വാശിയിലാണ് ഇത്തവണ സി പി എം.  കഴിഞ്ഞ തവണ സീറ്റ് വിഭജനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് ആര്‍ എസ് പി ഇടതു മുന്നണി വിട്ട് യു ഡി എഫിലെത്തി മത്സരിച്ചത്.

അന്നുതന്നെ പ്രേമചന്ദ്രനെ കൊല്ലത്ത് തളയ്ക്കാനുള്ള വാശിയിലായിരുന്നു നിയമസഭാംഗമായിരിക്കെ എം എ ബേബിയെ ഇവിടെ പ്രേമചന്ദ്രനെതിരെ മത്സരിപ്പിച്ചത്. പക്ഷേ, ബേബിയെ തളച്ച് പ്രേമചന്ദ്രന്‍ വിജയം നേടി.

publive-image

അതിനാല്‍ ഇത്തവണയെങ്കിലും പ്രേമചന്ദ്രനെ തറപറ്റിക്കണമെന്ന വാശിയാണ് സി പി എമ്മിന്.  അതിന് ഏറ്റവും അനുയോജ്യന്‍ ജില്ലാ സെക്രട്ടറി കൂടിയായ കെ എന്‍ ബാലഗോപാലാണെന്ന വിലയിരുത്തലാണ് സി പി എമ്മിനുള്ളത്. ബാലഗോപാലിന്റെ ജനപ്രിയത അതിന് സഹായകമാകുമെന്ന് പാര്‍ട്ടി കരുതുന്നു.

എന്തായാലും ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് യുവതുര്‍ക്കികളെയും സി പി എം പരിഗണിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Advertisment