പത്തനംതിട്ടയ്ക്കായി പി ജെ കുര്യനും തൃശൂരും ഇടുക്കിയും ലക്‌ഷ്യം വച്ച് പി സി ചാക്കോയും രംഗത്ത്. കോണ്‍ഗ്രസില്‍ ഇത്തവണയും പുതുമുഖങ്ങള്‍ക്ക് ഭീഷണിയായി പഴയ നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്ത് !

ജെ സി ജോസഫ്
Wednesday, January 9, 2019

ഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെ സീറ്റ് ലക്ഷ്യമിട്ട് പഴയ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്. പല തവണ മത്സരിക്കുകയും പദവികള്‍ വഹിക്കുകയും ചെയ്ത പ്രൊഫ. പി ജെ കുര്യന്‍, പി സി ചാക്കോ എന്നിവരാണ് ഇത്തവണ കേരളത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി രംഗത്തിറങ്ങിയിരിക്കുന്നത്.

പലതവണ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പി ജെ കുര്യന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് പത്തനംതിട്ട സീറ്റ് ലക്‌ഷ്യം വച്ചാണ്.  ഇവിടെ 2 തവണ ജയിച്ച ആന്‍റോ ആന്റണിയെ മാറ്റി തനിക്ക് സീറ്റ് നല്‍കണമെന്നാണ് കുര്യന്റെ ആവശ്യം.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട ഒരു ലക്ഷത്തോളം മാര്‍ത്തോമാ വോട്ടുകളെ സ്വാധീനിക്കാന്‍ കഴിയുമെന്നതാണ് കുര്യന്റെ അവകാശവാദം. എന്നാല്‍ പി ജെ കുര്യനാണ് സ്ഥാനാര്‍ഥിയെങ്കില്‍ കണക്കുതീര്‍ക്കാന്‍ തക്കം പാര്‍ത്ത് യു ഡി എഫിലെ വിവിധ ഘടകങ്ങള്‍ രംഗത്തുണ്ട്.

കഴിഞ്ഞ തവണ തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയെ തോല്‍പ്പിച്ചത് കുര്യനാണെന്നാണ് മാണി ഗ്രൂപ്പിന്റെ ആരോപണം.  ആ കണക്ക് അവര്‍ തീര്‍ക്കും.  രാജ്യസഭാ സീറ്റ് നഷ്ടമായപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞു നടന്നതിന്റെ പക എ’ ഗ്രൂപ്പും തീര്‍ക്കും.  അവര്‍ക്കൊക്കെ പറഞ്ഞു തീര്‍ക്കാവുന്നതിനും അപ്പുറമുള്ള പക പി ജെ കുര്യന്റെ കാര്യത്തിലുണ്ട്.

അതിലുമൊക്കെ അപ്പുറം പാര്‍ട്ടിയിലെ പഴയ കാളക്കൂട്ടങ്ങളെ വീണ്ടും കുഴച്ചിട്ട് രംഗത്ത് കൊണ്ടുവരുമ്പോള്‍ അണികള്‍ക്കുണ്ടാകാവുന്ന പ്രതിഷേധവും നിരാശയുമാണ്‌.

പി സി ചാക്കോയുടെ കാര്യത്തിലും ഇത് തന്നെയാണ് ഗതി. ഒരിക്കല്‍ മത്സരിച്ച മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ പോലും വയ്യാത്ത അവസ്ഥ സൃഷ്ടിക്കുന്നതാണ് ചാക്കോയുടെ പ്രശ്നം.

കഴിഞ്ഞ തവണ തൃശൂരിലെ സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ചാണ് അദ്ദേഹം കെ പി ധനപാലനെ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റില്‍ നിന്ന് തുരത്തി ഹൈക്കമാന്റിനെ സ്വാധീനിച്ച് ചാലക്കുടി പിടിച്ചെടുത്തത്. പകരം ധനപാലനെ ഒരു ബന്ധവും ഇല്ലാത്ത തൃശൂര്‍ക്ക് കെട്ട് കെട്ടിച്ചു. ഒടുവില്‍ തൃശൂരും പോയി ചാലക്കുടിയും നഷ്ടമായി.

ഇത്തവണ തൃശൂര്‍, ഇടുക്കി മണ്ഡലങ്ങളിലാണ് പി സി ചാക്കോയുടെ കണ്ണ്‍.  കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍ത്താലും ഹൈക്കമാന്റിന്റെ സ്വാധീനത്തില്‍ സീറ്റുറപ്പിക്കാം എന്ന പ്രതീക്ഷയിലാണ് പി സി ചാക്കോ.  തൃശൂരില്‍ ഇത്തവണ ജയസാധ്യത ഉണ്ടെന്നാണ് ചാക്കോയുടെ കണക്കുകൂട്ടല്‍.

അതേസമയം, കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ ഭാഗമായ പി സി ചാക്കോയെ മാറ്റി നിര്‍ത്താന്‍ ഹൈക്കമാന്റിനും പരിമിതിയുണ്ട്. ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയായ ചാക്കോ അതുവഴി വര്‍ക്കിംഗ് കമ്മിറ്റിയുടെയും ഭാഗമാണ്.

ചാക്കോ ചുമതല ഏറ്റ ശേഷമാണ് കോണ്‍ഗ്രസ് ഭരണത്തിലിരുന്ന ഡല്‍ഹിയില്‍ 60 ല്‍ 57 സീറ്റും നേടി എ എ പി അധികാരത്തിലെത്തിയത്. എങ്കില്‍പ്പോലും ചാക്കോയുടേത് മികച്ച ഏകോപനമാണെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.

മാത്രമല്ല കഴിഞ്ഞ സര്‍ക്കാരില്‍ ജെ പി സി അധ്യക്ഷനായിരുന്ന പി സി ചാക്കോ തന്ത്രപരമായ ഇടപെടലിലൂടെ ആര്‍ക്കും ആക്ഷേപമില്ലാത്ത രീതിയിലായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ളവരെ ആരോപണത്തില്‍ നിന്ന് രക്ഷിച്ചെടുത്തത്.

×