Advertisment

തിരുവനന്തപുരത്ത് ശശി തരൂരിനെ തളയ്ക്കാമെന്ന് ഉറപ്പില്ലെങ്കില്‍ സീറ്റ് വിട്ടുതരണമെന്ന് സിപിഐയോട് സിപിഎം ? എങ്കില്‍ എം എ ബേബിയേയോ പി രാജീവിനെയോ പോരിനിറക്കാനൊരുങ്ങി സിപിഎം ! അതുവേണ്ട, തരൂരിനെതിരെ പന്ന്യന്‍ രവീന്ദ്രനെയോ മന്ത്രി സുനില്‍ കുമാറിനെയോ പരിഗണിക്കാമെന്ന് സിപിഐ ? അങ്കത്തിന് മുമ്പേ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ശ്രദ്ധേയമായി തിരുവനന്തപുരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  10 വര്‍ഷത്തോളമായി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കേരളത്തിലെ ലോക്സഭാ മണ്ഡലമാണ് തിരുവനന്തപുരം.  കാരണം ശശി തരൂരിന്റെ സാന്നിധ്യം തന്നെ ! കഴിഞ്ഞ തവണ എതിര്‍ സ്ഥാനാര്‍ഥി സീറ്റ് വിലയ്ക്ക് വാങ്ങിയാണ് മത്സരിച്ചതെന്ന ആരോപണം കോടതി കയറുകയും ചെയ്തു.

Advertisment

തങ്ങള്‍ക്ക് ലഭിച്ച സീറ്റ് വിറ്റ്‌ കാശാക്കിയെന്ന ആരോപണത്തില്‍ കോടതി നടപടികള്‍ നേരിടേണ്ടി വന്ന ഇന്ത്യയിലെ ആദ്യ പാര്‍ട്ടിയെന്ന സ്ഥാനം അതോടെ ഇടത് മുന്നണിയില്‍ ഈ സീറ്റില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്ന സി പി ഐയ്ക്ക് ലഭിച്ചു.

publive-image

പക്ഷേ, ഇത്തവണ സാഹചര്യം മാറും.  യു ഡി എഫില്‍ ശശി തരൂര്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്നത് ഉറപ്പിക്കാം. തരൂര്‍ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരമാണ്.

പല ദേശീയ മാധ്യമങ്ങള്‍ പോലും മോദിക്കെതിരെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന പേരില്‍ തരൂരിനെ അവതരിപ്പിച്ചിരുന്നു.  അതിലൊന്നും അടിസ്ഥാനമില്ല. പക്ഷേ, കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ശശി തരൂര്‍ അതില്‍ നിര്‍ണ്ണായക ഘടകമായിരിക്കും.

publive-image

എന്നാല്‍ സംസ്ഥാന തലസ്ഥാനത്ത് യു ഡി എഫിന് അത്തരം താരത്തിളക്കങ്ങള്‍ അനുവദിച്ചു കൊടുക്കേണ്ടതില്ലെന്ന വാശിയിലാണ് ഇത്തവണ എല്‍ ഡി എഫ്. തരൂരിനെ തിരുവനന്തപുരത്ത് തളയ്ക്കണമെന്ന വാശി സി പി എമ്മിനുണ്ട്.  അതിന് നിങ്ങളെക്കൊണ്ട് കഴിയില്ലെങ്കില്‍ പകരം കോട്ടയം ഏറ്റെടുത്ത് തിരുവനന്തപുരം തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം സി പി ഐയ്ക്ക് മുമ്പില്‍ സി പി എം അവതരിപ്പിച്ചുകഴിഞ്ഞു.

കോട്ടയം കഴിഞ്ഞ തവണ ജനതാദള്‍ മത്സരിച്ച മണ്ഡലമാണ്.  ഇത്തവണ ദളില്‍ നിന്നും ഈ സീറ്റ് വാങ്ങി സി പി ഐയ്ക്ക് കൊടുക്കാമെന്നാണ് സി പി എമ്മിന്റെ ഓഫര്‍. സി പി ഐയെ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം നാടാണ് കോട്ടയം.

publive-image

സീറ്റ് വച്ചുമാറാന്‍ സി പി ഐ തയാറായാല്‍ എം എ ബേബി, പി രാജീവ് എന്നീ പേരുകളാണ് സി പി എമ്മിന്റെ പരിഗണനയില്‍.  ഇരുവരും സി പി എമ്മിലെ ജനപ്രിയ മുഖങ്ങള്‍.

രാജീവിനെ നിലവില്‍ എറണാകുളത്താണ് പരിഗണിക്കുന്നതെങ്കിലും തിരുവനന്തപുരം വിട്ടുകിട്ടിയാല്‍ തരൂരിനെതിരെ രാജീവിനെ പരിഗണിക്കുന്ന കാര്യം സി പി എമ്മിന്റെ ആലോചനയിലുണ്ട്. അത് സാധ്യമായില്ലെങ്കില്‍ പി ബി അംഗമായ എം എ ബേബിയെ തരൂരിനെതിരെ നിര്‍ത്താനും ആലോചനയുണ്ട്.

അതേസമയം, തിരുവനന്തപുരം സീറ്റ് വിട്ടുനല്‍കുന്ന കാര്യത്തില്‍ സി പി ഐ ഇതുവരെ മനസുതുറന്നിട്ടില്ല.  പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ നാണക്കേടുണ്ടാക്കിയ ഒരു മണ്ഡലം എന്ന നിലയില്‍ തിരുവനന്തപുരത്തെ ചൊല്ലി ഒരു പരസ്യമായ വിഴുപ്പലക്കലിന് സി പി ഐ ഒരുക്കമല്ല.

publive-image

മാത്രമല്ല, സീറ്റ് കച്ചവടമെന്ന പഴി വീണ്ടും ഉയര്‍ന്നാല്‍ അത് സി പി ഐയ്ക്ക് തിരിച്ചടിയാകും.  അത്തരം ആക്ഷേപങ്ങള്‍ ഉയരാതിരിക്കാന്‍ തിരുവനന്തപുരത്തെ വിട്ടുപിടിക്കാന്‍ സി പി ഐ ചിലപ്പോള്‍ തയാറായേക്കും.

അതല്ല, ഇവിടെ തങ്ങള്‍ തന്നെ മത്സരിച്ച് വിജയിച്ച് പഴയ ചീത്തപ്പേര് മാറ്റും എന്ന വാശി സി പി ഐയില്‍ ചിലര്‍ക്കുണ്ട്. അവര്‍ മുന്നോട്ട് വയ്ക്കുന്ന പേര് പന്ന്യന്‍ രവീന്ദ്രന്റെതാണ്.  പക്ഷേ, പന്ന്യന് വീണ്ടും മത്സരിക്കാന്‍ താല്പര്യമില്ല.

publive-image

എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനും വയ്യ.  അഥവാ ഇനി പന്ന്യന്‍ സമ്മതിച്ചില്ലെങ്കില്‍ മന്ത്രി സുനില്‍ കുമാറിനെ രാജിവയ്പ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്.  സി പി ഐയുടെ കൈവശം നിലവിലുള്ള ശക്തരായ രണ്ടു സ്ഥാനാര്‍ഥികളാണ് ഇരുവരും.

അതുമല്ലെങ്കില്‍ മുന്‍ റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്റെ പേരും സി പി ഐയുടെ പരിഗണനയിലുണ്ട്. ശക്തരല്ലാത്തവരോ ദുര്‍ബലരോ ആയ സ്ഥാനാര്‍ഥികളെ വീണ്ടും രംഗത്തിറക്കിയാല്‍ പ്രതിപക്ഷം പഴയ ആരോപണം പൊടിതട്ടിയെടുക്കുമോ എന്ന ഭയം സി പി ഐയ്ക്കുണ്ട്.

എന്തായാലും വരും ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി തിരുവനന്തപുരം മാറും !

Advertisment