Advertisment

കോണ്‍ഗ്രസില്‍ 2 സിറ്റിംഗ് എം പിമാരെ മാറ്റിനിര്‍ത്താന്‍ ആലോചന ? മുല്ലപ്പള്ളിയും കൊടിക്കുന്നിലും മാറി നില്‍ക്കും ! ജയസാധ്യത മാത്രം നോക്കി സ്ഥാനാര്‍ഥി നിര്‍ണ്ണയം. ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. പ്രഖ്യാപനം നേരത്തെയുണ്ടാകും

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  ലോകസഭ തെരഞ്ഞെടുപ്പിന് കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടങ്ങി.

Advertisment

പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയിലുള്ള കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നീ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഒന്നാംഘട്ട സീറ്റ് ചര്‍ച്ചകള്‍ക്ക് ശേഷമേ മടങ്ങുകയുള്ളൂ.

publive-image

ജയസാധ്യതയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതോടെ സിറ്റിംഗ് എം പിമാരില്‍ ചിലരുടെ നില പരുങ്ങലിലായി.  സിറ്റിംഗ് എം പിമാരില്‍ പത്തനംതിട്ട എം പി ആന്‍റോ ആന്റണി, എറണാകുളം എംപി കെ വി തോമസ്‌, മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ കാര്യത്തിലാണ് വീണ്ടുവിചാരമുള്ളത്.

കൊടിക്കുന്നില്‍ സുരേഷ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായതോടെ അദ്ദേഹത്തെ സ്വാഭാവികമായും ഇനി പരിഗണിക്കില്ലെന്നാണ് സൂചന.  അദ്ദേഹത്തിനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് താല്പര്യം.

പകരം മാവേലിക്കരയില്‍ കഴിഞ്ഞ തവണ ആലത്തൂരില്‍ മത്സരിച്ച എന്‍ കെ സുധീര്‍, മുന്‍ എം എല്‍ എ എഴുകോണ്‍ നാരായണന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

publive-image

കെ വിയുടെ നില പരുങ്ങലില്‍ ! പകരം സൗമിനി ?

എറണാകുളത്ത് കെ വി തോമസിനെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ എ ഐ സി സിയിലും കെ പി സി സിയിലും ഒരു വിഭാഗം കടുത്ത എതിര്‍പ്പിലാണ്.  പഴയ മോഡി സ്തുതി പ്രസംഗം തന്നെയാണ് കെ വിയ്ക്കെതിരെ ഇവര്‍ എടുത്തുകാട്ടുന്നത്. പകരം മുന്‍ മേയര്‍ സൗമിനി ജെയ്ന്‍, ഡൊമിനിക് പ്രസന്റേഷന്‍, കെ പി ധനപാലന്‍ എന്നീ പേരുകളാണ് പരിഗണനയില്‍.

കഴിഞ്ഞ തവണ സിറ്റിംഗ് സീറ്റ് മാറേണ്ടി വന്ന ധനപാലന്റെ കാര്യത്തില്‍ ഇത്തവണ മുന്‍ഗണന ഉണ്ടാകും.  അതേസമയം, 10 ജനപഥില്‍ തോമസ്‌ മാഷിന്റെ പഴയ സ്വാധീനത്തിന് വലിയ കുറവില്ലെന്നത് ശ്രദ്ധേയമാണ്.

publive-image

പത്തനംതിട്ടയില്‍ ആന്‍റോ ആന്റണിക്ക് പകരം ശിവദാസന്‍ നായരും പരിഗണനയില്‍

പത്തനംതിട്ടയില്‍ ആന്‍റോ ആന്റണിക്ക് കഴിഞ്ഞ തവണ തന്നെ എതിര്‍പ്പ് ശക്തമായിരുന്നു.  അത് ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ആന്‍റോയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. ആദ്യ തവണ 1.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നത് കഴിഞ്ഞ തവണ 56191 ആയി കുത്തനെ ഇടിഞ്ഞു.

ആന്‍റോ വീണ്ടും മത്സരിച്ചാല്‍ അത് തിരിച്ചടിയായേക്കുമെന്ന ഭയത്തിന് പുറമെയാണ് ശബരിമല വിഷയത്തെ തുടര്‍ന്നുള്ള മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടായി മാറണമെങ്കില്‍ പത്തനംതിട്ടയില്‍ ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാകും ഉചിതമെന്നതാണ് പൊതുവികാരം.

ആന്‍റോ ആന്റണി വീണ്ടും മത്സരിച്ചാല്‍ അത് ബി ജെ പിക്ക് നേട്ടമായി മാറുമെന്ന വിലയിരുത്തലും ശക്തമാണ്. അങ്ങനെ വന്നാല്‍ മുന്‍ എം എല്‍ എമാരായ കെ ശിവദാസന്‍ നായര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് മുന്‍ഗണനയിലുള്ളത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കൂടിയാണ്.

publive-image

ഷാനവാസിന് പിന്‍ഗാമി സിദ്ദിഖോ പ്രകാശോ ?

മറ്റൊരു മണ്ഡലം എം ഐ ഷാനവാസിന്റെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്ന വയനാടാണ്. ഇവിടെ കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ ടി സിദ്ദിഖ്, മലപ്പുറം ഡി സി സി അധ്യക്ഷന്‍ വി വി പ്രകാശ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. കെ പി സി സി മുന്‍ അധ്യക്ഷന്‍ എം എം ഹസ്സനും ഷാനിമോള്‍ ഉസ്മാനും ഈ സീറ്റ് ആഗ്രഹിക്കുന്നവരാണ്.

publive-image

സീറ്റുറപ്പിച്ച് തരൂരും രാഘവനും

കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പിമാരില്‍ കോഴിക്കോട് എം കെ രാഘവനും തിരുവനന്തപുരത്ത് ശശി തരൂരും സീറ്റുറപ്പിച്ചവര്‍ തന്നെ.  കാസര്‍കോഡും കണ്ണൂരും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിയുന്ന വടകരയിലും കോണ്‍ഗ്രസ് ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തിരയുകയാണ്.

കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത ഏറെയാണ്.

തൃശൂരിലും പാലക്കാട്ടും ഡി സി സി അധ്യക്ഷന്മാര്‍ തന്നെ സ്ഥാനാര്‍ഥികളായി വരാനാണ് സാധ്യത.  ടി എന്‍ പ്രതാപനാണ് തൃശൂരില്‍ മികച്ച സ്ഥാനാര്‍ഥി എന്നാണ് വിലയിരുത്തല്‍. പാലക്കാട് വി കെ ശ്രീകണ്ഠനും പരിഗണനയില്‍ തന്നെ.

ചാലക്കുടിയിലും കെ പി ധനപാലന്റെ പേര് പരിഗണനാ ലിസ്റ്റിലുണ്ട്.  രാഷ്ട്രപതിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വേണു രാജാമണി, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ എന്നീ പേരുകളും കോണ്‍ഗ്രസിന്റെ സാധ്യതാ ലിസ്റ്റിലുണ്ട്.

publive-image

ഇടുക്കിയില്‍ മാത്യു എം കുഴല്‍നാടനും പരിഗണനയില്‍

ഇടുക്കിയില്‍ യുവ നേതാവ് മാത്യു എം കുഴല്‍നാടന്റെ പേരിനാണ് മുന്‍തൂക്ക൦.  കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനും ഇടുക്കിയിലാണ് താല്പര്യം. ജോസഫ് വാഴയ്ക്കന്റെ പേരും പി സി ചാക്കോയുടെ പേരും ഇടുക്കിയില്‍ സാധ്യതാ ലിസ്റ്റിലുണ്ട്.

എന്നാല്‍ തൊട്ടുമുമ്പുള്ള ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുവ നേതാക്കളെ പരിഗണിച്ചപ്പോള്‍ അവസരം ലഭിക്കാതിരുന്ന കുഴല്‍നാടന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രത്യേക താല്പര്യമുണ്ട്.

ആറ്റിങ്ങല്‍ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇവിടെ എ സമ്പത്തിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ കോണ്‍ഗ്രസ് അവതരിപ്പിക്കും. മണ്ഡലത്തിലെ സാധ്യതാ പട്ടിക ഇതുവരെ ലഭ്യമായിട്ടില്ല.

publive-image

രാഹുല്‍ ഗാന്ധിയുടെ ലിസ്റ്റ് വില്ലനാകും

മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ പാകത്തിലാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതിനിടെ ഗ്രൂപ്പ്, സാമുദായിക പരിഗണനകളും പരിഗണിക്കേണ്ടതുണ്ട്.

കേരളത്തിലെ മണ്ഡലങ്ങളില്‍ ഹൈക്കമാന്റ് നടത്തിയ സാധ്യതാ പഠനത്തിന്റെ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് പക്കലുണ്ട്.  കേരളത്തില്‍ നിന്നുള്ള ലിസ്റ്റും രാഹുല്‍ ഗാന്ധിയുടെ ലിസ്റ്റും ഒത്തുനോക്കിയാണ് അന്തിമ പട്ടിക തയാറാക്കുക.

Advertisment