മുല്ലപ്പള്ളി പ്രസിഡന്റ്, ബെന്നി ബഹന്നാനും വി ഡി സതീശനും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ – മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിക്ക് കൈമാറിയ ലിസ്റ്റ് ഇങ്ങനെ. മുരളീധരനും സുധാകരനും ഉള്‍പ്പെട്ട ജനപ്രിയ നേതാക്കള്‍ പുറത്ത് !

ജെ സി ജോസഫ്
Tuesday, July 31, 2018

ഡല്‍ഹി:  കെ പി സി സി പുനസംഘടന സംബന്ധിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റും ബെന്നി ബെഹന്നാന്‍, വി ഡി സതീശന്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുമായുള്ള ലിസ്റ്റിനാണ് മുകുള്‍ വാസ്നിക്കിന്റെ റിപ്പോര്‍ട്ടില്‍ മുന്‍ഗണനയെന്ന്‍ പറയുന്നു.

എം എം ഹസനെ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്കും നിര്‍ദ്ദേശിച്ചിട്ടുള്ളതായാണ് സൂചന. നാല് സ്ഥാനങ്ങളും ഒന്നിച്ച് ഒരു പായ്ക്കേജാക്കി പ്രഖ്യാപിക്കാനാണ് സാധ്യത. ഇതോടെ കെ മുരളീധരന്‍, കെ സുധാകരന്‍ എന്നീ ജനപ്രിയ നേതാക്കളൊന്നും പാര്‍ട്ടിയെ നയിക്കേണ്ടവരുടെ ലിസ്റ്റിലുണ്ടാകില്ലെന്നുറപ്പായി.

അതേസമയം, ഡി സി സി അധ്യക്ഷന്മാരെ ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് വിവരശേഖരണം നടത്തി തയാറാക്കിയ ലിസ്റ്റാണ് മുകുള്‍ വാസ്നിക് കൈമാറിയിട്ടുള്ളത്. ലിസ്റ്റ് അതേപടി രാഹുല്‍ ഗാന്ധി അംഗീകരിക്കുമോ എന്നും വ്യക്തമല്ല.

ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനും പ്രവര്‍ത്തകരെ ആവേശഭരിതരാക്കാനും വേണ്ട ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് പാര്‍ട്ടിക്ക് വേണ്ടതെന്ന അഭിപ്രായം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തമായി പ്രവര്‍ത്തക പിന്തുണയില്ലാത്ത നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ പുനസംഘടന വരുന്നത്.

പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാന്‍ മനസ്ഥിതിയില്ലാത്ത നേതാക്കളെ പാര്‍ട്ടി തലപ്പത്ത് എത്തിക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ വികാരമാണുള്ളത്. ഇത് അവഗണിച്ചാണ് തീരുമാനമെങ്കില്‍ അത് പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

×