Advertisment

ആറ്റിങ്ങലില്‍ സമ്പത്തിനെ തളയ്ക്കാനുറച്ച് അടൂര്‍ പ്രകാശ് എംഎല്‍എ കളത്തിലിറങ്ങി ? കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഘാതകന്‍ ബിജു രമേശിന്റെ ബന്ധുവായ അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഹൈക്കമാന്റിന് പരാതി പ്രവാഹം ! ആറ്റിങ്ങലിലും കോന്നിയിലും വിജയം ഉറപ്പെന്ന് പാര്‍ട്ടിക്ക് പ്രകാശിന്റെ ഉറപ്പ് !

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  മുന്‍ മന്ത്രി അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയേക്കും.  കോന്നി എം എല്‍ എ ആയ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ മത്സരിക്കാന്‍ താല്പര്യം അറിയിച്ച് പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു.  കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

സമ്പത്തിന് നാലാം ഊഴം ഉണ്ടാകുമോ ? 

ആറ്റിങ്ങല്‍ സിറ്റിംഗ് എം പിയും സി പി എമ്മിന്റെ ജനകീയ മുഖവുമായ എ സമ്പത്ത് ഇത്തവണയും ഇവിടെ മത്സരത്തിനിറങ്ങാന്‍ സാധ്യത ഏറെയാണ്‌.  അതേസമയം മൂന്ന്‍ തവണ എം പിയായ സമ്പത്തിനെ സി പി എമ്മിന്റെ രീതി അനുസരിച്ച് വീണ്ടും മത്സരിപ്പിക്കുന്നതിന് തടസമുണ്ട്.

മൂന്നാം തവണത്തെ മത്സരത്തിന് കഴിഞ്ഞ പ്രാവശ്യം രംഗത്ത് വന്നപ്പോള്‍ തന്നെ സമ്പത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നതാണ്.  നാലാം തവണ മത്സരത്തിന് അനുമതി കൊടുക്കുമ്പോഴും ഇതേ സാഹചര്യം മുന്നിലുണ്ട്.  എന്നാല്‍ സമ്പത്തിന്റെ ജയസാധ്യതയാണ് ഇവിടെ പാര്‍ട്ടി പരിശോധിക്കുക.

publive-image

ആറ്റിങ്ങലിലും കോന്നി ഉപതെരഞ്ഞെടുപ്പിലും വിജയം ഉറപ്പെന്ന് അടൂര്‍ പ്രകാശ്

സമ്പത്തിനെ ആറ്റിങ്ങലില്‍ തളയ്ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി എന്ന നിലയിലാണ് കോണ്‍ഗ്രസ് അടൂര്‍ പ്രകാശിന്റെ താല്പര്യത്തെ പിന്തുണയ്ക്കുന്നത്. അടൂര്‍ പ്രകാശ് എം പി ആയാല്‍ കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് വരുമെന്നതാണ് മറ്റൊരു തടസം.

എന്നാല്‍ ആറ്റിങ്ങലിലും കോന്നി ഉപതെരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാം എന്നതാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.  ഈഴവ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ നിര്‍ത്തിയാല്‍ സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്.

എസ് എന്‍ ഡി പി യോഗവുമായി അടൂര്‍ പ്രകാശ് അത്ര നല്ല ബന്ധത്തിലല്ലെങ്കിലും ശിവഗിരി മഠവുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ്‌ അടൂര്‍ പ്രകാശ്.

publive-image

വിനയാകുന്നത് ബിജു രമേശിന്റെ ബന്ധുത 

വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായ അബ്കാരി വ്യവസായി ബിജു രമേശിന്റെ അടുത്ത ബന്ധുവാണെന്നതാണ് എസ് എന്‍ ഡി പിയുടെ എതിര്‍പ്പിന് കാരണം.  അടൂര്‍ പ്രകാശിന്റെ മകന്‍ വിവാഹം ചെയ്തിരിക്കുന്നത് ബിജു രമേശിന്റെ മകളെയാണ്.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരനായ ബിജു രമേശുമായുള്ള അടുപ്പവും അതെ തുടര്‍ന്നുള്ള ബന്ധുതയും കോണ്‍ഗ്രസിലും യു ഡി എഫിലും വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

publive-image

അടൂര്‍ പ്രകാശിനെതിരെ ഹൈക്കമാന്റിനും പരാതി പ്രവാഹം

ഇപ്പോള്‍ കോണ്‍ഗ്രസിലെ സീറ്റ് മോഹികള്‍ അടൂര്‍ പ്രകാശിനെതിരെ ഉയര്‍ത്തുന്ന ആരോപണവും ബിജു രമേശിന്റെ ബന്ധുതയാണ്. യു ഡി എഫിന്റെ ശത്രു നിരയിലുള്ള ബാര്‍ മുതലാളിയുടെ അടുത്ത ബന്ധുവിനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി അറ്റിങ്ങലിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിന് കത്ത് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതൊന്നും വകവയ്ക്കാതെയാണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് സജീവമായിരിക്കുന്നത്.  മണ്ഡലത്തിലെ പാര്‍ട്ടി പരിപാടികളില്‍ ഇപ്പോള്‍ അടൂര്‍ പ്രകാശ് സജീവമാണ്. ബിജു രമേശും തന്റെ കോണ്‍ഗ്രസ് ബന്ധങ്ങള്‍ ഉപയോഗിച്ച് അടൂര്‍ പ്രകാശിന് സീറ്റിനായി രംഗത്തുണ്ട്.

publive-image

Advertisment