Advertisment

ജോര്‍ജ്ജിനെ വിഴുങ്ങാന്‍ ബിജെപി പിടിച്ചത് കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിരം വീക്ക്നെസില്‍ ? മകന് അവസരം ലഭിച്ചപ്പോള്‍ പഴയതൊക്കെ മറന്ന് ജോര്‍ജ്ജ് വീണു !!

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  തരാതരം നിലപാടുകള്‍ മാറ്റുന്നുവെന്നതാണ് പി സി ജോര്‍ജ്ജിനെതിരെയുള്ള പ്രധാന ആക്ഷേപം. രാഷ്ട്രീയത്തില്‍ ഒറ്റയാനായത് കൊണ്ട് ജോര്‍ജ്ജിന് നിലപാട് മാറ്റമൊക്കെ ഇപ്പോഴും സാധ്യവുമാണ്‌. സ്വന്തം രാഷ്ട്രീയ തറവാടായിരുന്ന കേരള കോണ്‍ഗ്രസുമായി ജോര്‍ജ്ജ് തെറ്റുന്നത് മക്കള്‍ രാഷ്ട്രീയത്തെയും ആ രാഷ്ട്രീയത്തിലെ മക്കളെയും വിമര്‍ശിച്ചായിരുന്നു.

Advertisment

publive-image

കേരളാ കോണ്‍ഗ്രസില്‍ രണ്ടു പ്രധാനികളുടെ മക്കളായ ജോസ് കെ മാണിയും ഫ്രാന്‍സിസ് ജോര്‍ജ്ജുമാണ് പി സി ജോര്‍ജ്ജിന്റെ പ്രധാന ശത്രുക്കള്‍. എന്നാലിപ്പോള്‍ മകന്റെ കാര്യം വന്നപ്പോള്‍ ജോര്‍ജ്ജ് പഴയതൊക്കെ വിഴുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

മകന് പത്തനംതിട്ട ലോക്സഭയില്‍ മത്സരിക്കാന്‍ അവസരം ഒരുങ്ങുന്നു എന്ന ഘട്ടം വന്നപ്പോഴാണ് ജോര്‍ജ്ജിന്റെ മനംമാറ്റമെന്നതാണ് റിപ്പോര്‍ട്ട്. ഈരാറ്റുപേട്ടയിലെയും പൂഞ്ഞാറിളെയും എരുമേലിയിലെയുമൊക്കെ മുസ്ലിം പ്രാതിനിധ്യ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവായിരുന്നു പി സി ജോര്‍ജ്ജ്.

publive-image

അദ്ദേഹത്തിന്‍റെ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള പ്രധാന പിന്തുണയും ഈ മേഖലയില്‍ നിന്നായിരുന്നു. ഒറ്റയാനായി മത്സരിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിനെ പിന്തുണച്ച ഏക പാര്‍ട്ടി തീവ്ര മുസ്ലീം നിലപാടുള്ള എസ് ഡി പി ഐ ആയിരുന്നു.

എന്നാല്‍ ആ പിന്തുണയൊക്കെ മറന്ന് അതിനു നേരെ ഘടകവിരുദ്ധമായ രാഷ്ട്രീയ നിലപാടാണ് ഹിന്ദു തീവ്രനിലപാടുകളുള്ള ബി ജെ പി - ആര്‍ എസ് എസ് സംഘടനകളുമായി ചേര്‍ന്നുള്ള ജോര്‍ജ്ജിന്റെ പുതിയ രാഷ്ട്രീയം.

publive-image

അത്തരമൊരു നീക്കത്തിന് ജോര്‍ജ്ജിനെ പ്രേരിപ്പിച്ചത് കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ വീക്ക്നെസ്സായ മക്കളുടെ 'ഭാവി' ചൂണ്ടിക്കാട്ടിയുള്ള ബി ജെ പിയുടെ നീക്കമാണെന്നാണ് വിലയിരുത്തല്‍.

മുന്നണിയുടെ ഭാഗമാകുന്ന പി സി ജോര്‍ജ്ജിന്റെ പാര്‍ട്ടിക്ക് പത്തനംതിട്ട സീറ്റാണ് ഓഫര്‍.  മാണിയെപ്പോലെ താന്‍ എം എല്‍ എ ആയിരിക്കുന്ന ലോക്സഭാ മണ്ഡലത്തില്‍ മക്കള്‍ എം പിയായി കാണാന്‍ ജോര്‍ജ്ജും ആഗ്രഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

ഇവിടെ ബി ജെ പിയും പി സി ജോര്‍ജ്ജും ലക്‌ഷ്യം വയ്ക്കുന്നത് ഒന്നുതന്നെയാണ്.  ക്രിസ്ത്യന്‍ - ഹിന്ദു മേഖലകളില്‍ നിന്നുള്ള പിന്തുണ. സമീപകാലത്ത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ്ജ് സ്വീകരിച്ച നിലപാട് വിശ്വാസികള്‍ക്ക് അത്ര രസിച്ചില്ലെങ്കിലും ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും ഏറെ ഇഷ്ടമായിരുന്നു.

അതിനാല്‍ത്തന്നെ മകനെ മുന്നില്‍ കണ്ടുള്ള തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ക്രിസ്ത്യന്‍ വിഭാഗത്തിന്‍റെ പിന്തുണയുണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് ജോര്‍ജ്ജ്.

publive-image

ഒപ്പം ഹിന്ദു വിഭാഗങ്ങളുടെ കോട്ടായ പിന്തുണയും മകന് ലഭിക്കുമെന്ന് ജോര്‍ജ്ജ് പ്രതീക്ഷിക്കുന്നു.  എല്ലാംകൂടി ചേര്‍ത്ത് മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ പത്തനംതിട്ടയില്‍ വിജയിപ്പിക്കാം എന്നാണ് പി സിയുടെ കണക്കുകൂട്ടല്‍. ഒറ്റയാനായി വിജയിച്ച കഴിഞ്ഞ പൂഞ്ഞാര്‍ മത്സരത്തിന്റെ കരുത്താണ് മുതല്‍ക്കൂട്ട്.

അപ്പോഴും ഒരു വിമര്‍ശനത്തിന് ജോര്‍ജ്ജ് ഉത്തരം പറയേണ്ടി വരും, ഈ പാര്‍ട്ടിയില്‍ അപ്പനും മകനും മാത്രം മതിയോ എന്ന ജോര്‍ജ്ജിന്റെ മുന്‍ വിമര്‍ശനത്തിന് ! പാര്‍ട്ടിക്ക് ആകെ ലഭിക്കുന്ന 2 പാര്‍ലമെന്‍ററി പദവികള്‍ അപ്പനും മകനും വീതിച്ചെടുക്കുകയാണോ എന്ന ചോദ്യത്തിന് ?

Advertisment