പി സി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനാവശ്യം ചര്‍ച്ച പോലും ചെയ്യേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കളുടെ തീരുമാനം. മുന്നണിയില്‍ നിന്നുകൊണ്ട് നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അവഹേളിച്ചു സംസാരിച്ച ജോര്‍ജ്ജിനെ യുഡിഎഫിന്റെ പടികയറ്റരുതെന്ന് നേതാക്കള്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 11, 2019

തിരുവനന്തപുരം:  പി സി ജോര്‍ജ്ജ് അധ്യക്ഷനായ ജനപക്ഷത്തിന്റെ യു ഡി എഫ് പ്രവേശന ആവശ്യം ചര്‍ച്ച പോലും ചെയ്യേണ്ടതില്ലെന്ന് യു ഡി എഫ് നേതാക്കളുടെ തീരുമാനം. യു ഡി എഫില്‍ ഉള്‍പ്പെടുത്തണമെന്ന ജോര്‍ജ്ജിന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ അനൌദ്യോഗിക തീരുമാനം.

മുമ്പ് യു ഡി എഫിന്റെ ഭാഗമായിരുന്നപ്പോള്‍ യു ഡി എഫ് നേതാക്കളെ നിരന്തരം അവഹെളിച്ച് സംസാരിക്കുന്നതായിരുന്നു പി സി ജോര്‍ജ്ജിന്റെ പതിവ് നടപടി.  സോളാര്‍ കേസില്‍ പ്രതിപക്ഷം പോലും പറയാന്‍ മടിച്ച പല ആരോപണങ്ങളും ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ചത് പി സി ജോര്‍ജ്ജായിരുന്നു.

ജയിലില്‍ വച്ച് സോളാര്‍ നായിക എഴുതിയ കത്തില്‍ മൂന്ന്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത് അതില്‍ ഉമ്മന്‍ചാണ്ടിയുടെയും മറ്റ്‌ ചില കേരളാ കോണ്‍ഗ്രസ് നേതാക്കളുടെയും പേരുകള്‍ തിരുകികയറ്റിയത് അന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച പി സി ജോര്‍ജ്ജും ആര്‍ ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും ചേര്‍ന്നായിരുന്നു എന്നാണ് കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിട്ടുള്ളത്.

യു ഡി എഫ് നേതാക്കളെ വ്യക്തിപരമായും അവരുടെ കുടുംബാംഗങ്ങളെ പോലും പരസ്യമായും അവഹേളിക്കുന്ന തരത്തില്‍ എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചാണ് ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചകളില്‍ പോലും പ്രത്യക്ഷപ്പെട്ടിരുന്നത്.  അത്തരത്തില്‍ മുന്നണിയുടെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാന്‍ കൂട്ടാക്കാതിരുന്ന ഒരാള്‍ക്ക് വീണ്ടും മുന്നണിയില്‍ രാഷ്ട്രീയ അഭയം നല്‍കേണ്ടെന്നാണ് യു ഡി എഫ് നേതാക്കളുടെ അഭിപ്രായം.

യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസും മുസ്ലീം ലീഗും കോണ്‍ഗ്രസിലെ എ വിഭാഗവും ആര്‍ എസ് പിയും ജോര്‍ജ്ജിന്റെ മുന്നണി പ്രവേശന നീക്കങ്ങളെ ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുമായി ജോര്‍ജ്ജ് അടുപ്പത്തിലാനെങ്കിലും നിലവില്‍ അവര്‍ക്കും സഹായിക്കാന്‍ പറ്റാത്തതാണ് സാഹചര്യം.

എസ് ഡി പി ഐ സഹായത്തോടെ പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിച്ച് വമ്പന്‍ വിജയം നേടിയ ജോര്‍ജ്ജ്, എന്നാല്‍ അതിന് ശേഷം എല്‍ ഡി എഫ് പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ ബി ജെ പി പാളയത്തിലെത്തിയിരുന്നു. ബി ജെ പി മുന്നണിയുടെ ഭാഗമായി രണ്ടു ദിവസം ഓ രാജഗോപാലുമായി നിയമസഭയില്‍ ഒന്നിച്ചിരുന്ന ശേഷമാണ് പിന്നത്തെ ആഴ്ച ആരും കാണാതെ ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കാണാന്‍ ശ്രമം നടത്തിയത്.

എന്നാല്‍, സോണിയ സന്ദര്‍ശനാനുമതി നിഷേധിച്ചു. കേരള നേതൃത്വത്തിന്റെ അനുമതി വാങ്ങി വരാനായിരുന്നു സോണിയയുടെ നിര്‍ദ്ദേശം.  ഈ വാര്‍ത്ത പുറത്തായതോടെ ബി ജെ പിക്കാരും ജോര്‍ജ്ജിനെ കയ്യൊഴിഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റൊരു ഗത്യന്തരവുമില്ലാതെയാണ് ജോര്‍ജ്ജ് യു ഡി എഫ് പ്രവേശനത്തിന് ശ്രമിക്കുന്നത്.

×