Advertisment

ബിജെപി കണ്ണെറിയുന്ന പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വിയര്‍പ്പൊഴുക്കേണ്ടി വരും. ശബരിമല വികാരത്തില്‍ ഹിന്ദു വോട്ട് ചോര്‍ച്ച ഒഴിവാക്കാന്‍ ആന്‍റോ ആന്റണിക്ക് പകരം പ്രയാര്‍ ഗോപാലകൃഷ്ണനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് !

New Update

പത്തനംതിട്ട:  ആളിക്കത്തുന്ന ശബരിമല സമര നിലപാടുകള്‍ സംസ്ഥാനത്തെ ഹൈന്ദവ സമൂഹത്തില്‍ വ്യാപകമായ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്.  അതില്‍ ആദ്യം ലോക്സഭാ മണ്ഡലം ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ആയിരിക്കും. ശബരിമല വിഷയത്തെ ആളിക്കത്തിച്ച് പത്തനംതിട്ട ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന ആരോപണം ഈ വിവാദത്തിന്റെ തുടക്കം മുതല്‍ സജീവമാണ്.

Advertisment

publive-image

സമീപ കാലത്തൊന്നും എല്‍ ഡി എഫിന് കിട്ടിയിട്ടില്ലാത്ത പത്തനംതിട്ടയെ സംബന്ധിച്ച് ഇടതുപക്ഷത്തിന് പ്രത്യേക ആശങ്കയ്ക്കൊന്നും കാരണമില്ല. എന്നാല്‍ യു ഡി എഫിന്റെ സ്ഥിതി അതല്ല.

ജോര്‍ജ്ജിന് സാധിച്ചു, ആന്‍റോയ്ക്ക് കഴിഞ്ഞില്ല

തുടക്കം മുതല്‍ തന്നെ ശബരിമല വിവാദത്തിന്റെ പ്രമുഖ സ്ഥാനത്ത് നിലയുറപ്പിക്കാന്‍ സ്ഥലം എം പി ആന്‍റോ ആന്റണിക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് അതിന് പരിമിതികളുമുണ്ട്. പക്ഷേ, അതൊന്നും ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരണങ്ങളല്ല.  അതേ പരിമിതിയുള്ള പി സി ജോര്‍ജ്ജ് വിശ്വാസി പക്ഷത്തിനൊപ്പം ഉറച്ചു നിന്നു. അതിനൊപ്പം സ്ഥലം എം പിയുടെ പങ്ക് ഉയര്‍ന്നുകേട്ടതുമില്ല.

ശബരിമല ഏറ്റുമുട്ടല്‍ ബി ജെ പിയും സി പി എമ്മും തമ്മിലായപ്പോള്‍ കളം കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും പൂര്‍ണ്ണമായി നഷ്ടമാകാതെ കാത്തത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനുമാണ്.

publive-image

മാറുന്ന രാഷ്ട്രീയം ആരെ തുണയ്ക്കും ?

ആന്‍റോ ആന്റണിയാണ് കഴിഞ്ഞ 2 തവണയായി പത്തനംതിട്ട എം പി. ആദ്യ തവണ ഒന്നേകാല്‍ ലക്ഷമായിരുന്ന ഭൂരിപക്ഷം കഴിഞ്ഞ പ്രാവശ്യം അമ്പതിനായിരത്തിലേക്ക് ഒതുക്കി. മാത്രമല്ല, കോണ്‍ഗ്രസില്‍ തന്നെ ആന്‍റോയോട് എതിര്‍പ്പും ശക്തമായിരുന്നു. രാഹുല്‍ ഗാന്ധി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേയില്‍ പോലും സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസിന് ഉറപ്പില്ലാത്ത കേരളത്തിലെ 2 മണ്ഡലങ്ങളില്‍ ആദ്യത്തേത് പത്തനംതിട്ടയായിരുന്നു.

അതിനാല്‍ തന്നെ ഇവിടെ സ്ഥാനാര്‍ഥി മാറ്റം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ആയിരുന്നു പൊടുന്നനെ ശബരിമല സ്ത്രീ പ്രവേശനം ഇടിത്തീ ആയി വിവാദ വിഷയമായി മാറുന്നത്.

publive-image

ശബരിമല വിവാദം: ആന്‍റോ ആന്റണിയുടെ നില പരുങ്ങലില്‍ !

സ്വതവേ ദുര്‍ബലമായിരിക്കെയാണ് ശബരിമല വിവാദം ആന്‍റോ ആന്റണിക്ക് പ്രതികൂലമായി മാറിയിരിക്കുന്നത്. ബി ജെ പി ഇതിലൂടെ വലിയ മുന്നേറ്റത്തിനാണ് ശ്രമിക്കുന്നത്.  പത്തനംതിട്ടയിലെ പാര്‍ട്ടി ഘടകങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് അവര്‍ക്ക് ശബരിമല വിഷയം ഊര്‍ജ്ജമായി മാറി. അങ്ങനെ വന്നാല്‍ ബി ജെ പിയുടെ പ്രമുഖ സ്ഥാനാര്‍ഥി തന്നെ ഇവിടെ രംഗത്ത് വരാം.  എം ടി രമേശ്‌, അല്‍ഫോന്‍സ്‌ കണ്ണന്താനം എന്നീ പേരുകള്‍ സജീവ പരിഗണനയിലാണ്.

അതേസമയം, ഹിന്ദു വികാരം അണപൊട്ടി ഒഴുകുമ്പോള്‍ കോണ്‍ഗ്രസിനും ആ നിലയ്ക്ക് ആലോചിക്കേണ്ടി വരും.  അല്ലെങ്കില്‍ സ്വന്തം വോട്ട് ബാങ്കില്‍ വരെ ചോര്‍ച്ചയുണ്ടാകാം. അതിന്റെ നേട്ടം കൊണ്ടുപോകുക ബി ജെ പി ആയിരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദുര്‍ബലനായാല്‍ ആ വോട്ടുകളില്‍ നല്ലൊരു ശതമാനം ബി ജെ പി കൊണ്ടുപോകും.

publive-image

അതിനു പരിഹാരം ഹൈന്ദവ വികാരത്തെ സ്വാധീനിക്കാന്‍ പ്രാപ്തനായ സ്ഥാനാര്‍ഥിയെ പരിഗണിക്കുകയാവും.  നിലവിലെ സാഹചര്യത്തില്‍ അത്തരം ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ സജീവമായി കഴിഞ്ഞു. അതില്‍ ഒന്നാം പേരുകാരന്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ്.

ശബരിമല യുവതീ പ്രവേശന വിവാദത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാള്‍ പ്രയാറാണ്. ബി ജെ പി നേതാക്കളെപ്പോലും കടത്തിവെട്ടി വിശ്വാസി പക്ഷത്തെ പ്രമുഖ നേതാവാണിപ്പോള്‍ പ്രയാര്‍.

അതിനാല്‍ തന്നെ പ്രയാറിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകള്‍ അതേപടി നിലനിര്‍ത്തുന്നതിനും കുറെയൊക്കെ അധികമായി ആകര്‍ഷിക്കുന്നതിനും സഹായകമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

publive-image

Advertisment