എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമായി. തുഷാര്‍ വെള്ളാപ്പള്ളി വീണ്ടും ബിജെപി പാളയത്തില്‍. ഇത്തവണ രാജ്യസഭാംഗത്വത്തിനും സാധ്യത ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 6, 2018

തിരുവനന്തപുരം:  പുതിയ ബി ജെ പി സംസ്ഥാന അധ്യക്ഷനായി അഡ്വ. പി എസ് ശ്രീധരന്‍പിള്ള ചുമതലയേറ്റതോടെ ഘടകകക്ഷിയായ ബി ഡി ജെ എസിനെ അനുനയിപ്പിച്ച് എന്‍ഡിഎ ശക്തിപ്പെട്ടുത്താന്‍ നീക്കം സജീവമായി. ഇതിന്റെ ഭാഗമായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായും തുഷാര്‍ ഇപ്പോള്‍ കൂടിക്കാഴ്ച നടത്തും. ശ്രീധരന്‍ പിള്ള ഇടപെട്ടാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയിരിക്കുന്നത്.

മുമ്പ് പല തവണ തുഷാര്‍ മോഡിയെയും അമിത് ഷായെയും കണ്ട് പല ഉറപ്പുകള്‍ വാങ്ങിയിരുന്നെങ്കിലും അതൊന്നും നടപ്പിലാക്കാന്‍ ബി ജെ പി തയാറായിരുന്നില്ല. ഇത്തവണ എല്ലാം ശരിയാക്കാം എന്ന ഉറപ്പോടെയാണ് ശ്രീധരന്‍ പിള്ള തുഷാറിനെ ഡല്‍ഹിക്ക് അയച്ചിരിക്കുന്നത്.

ഗവര്‍ണര്‍, രാജ്യസഭാ കേന്ദ്രമന്ത്രി തുടങ്ങിയ പദവികളാണ് ബി ഡി ജെ എസ് ആവശ്യമെങ്കിലും രാജ്യസഭ പരിഗണിക്കപ്പെട്ടെക്കാന്‍ സാധ്യതയുണ്ട്. തുഷാറിനെ മധ്യ പ്രദേശില്‍ നിന്നോ യു പിയില്‍ നിന്നോ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാനാണ് സാധ്യത.

ഇരു സര്‍ക്കാരുകളും കേസുകള്‍ കൊണ്ട് വരിഞ്ഞുമുറുക്കുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന്റെ സഹായം ബി ജെ പിയ്ക്ക് ലഭിച്ചിരുന്നില്ല. അവര്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്തു. എസ് എന്‍ ഡി പി നടത്തിയ മൈക്രോ ഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ പോലീസിന്റെ പരിഗണനയിലായിരുന്നതിനാല്‍ ഇടതുപക്ഷത്തെ പിണക്കാന്‍ വെള്ളാപ്പള്ളി തയാറായിരുന്നില്ല.

മാത്രമല്ല, സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രണ്ടു തവണ വെള്ളാപ്പള്ളി സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളാപ്പള്ളിയ്ക്കും തുഷാറിനുമെതിരെയുള്ള അന്വേഷണം പൊടിതട്ടിയെടുക്കുകയും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരെയും കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതോടെയാണ് ബി ഡി ജെ എസ് വീണ്ടും ബി ജെ പിയുമായുള്ള ചര്‍ച്ചകള്‍ സജീവമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിനെക്കൂടി ഒപ്പം നിര്‍ത്തി സംസ്ഥാനത്ത് രണ്ടു സീറ്റുകളില്‍ വിജയം ഉറപ്പിക്കണമെന്നാണ് ശ്രീധരന്‍പിള്ളയുടെ ആഗ്രഹം.

×