Advertisment

മാണി യുഡിഎഫിലെത്തിയതോടെ അനാഥമാകുന്നത് പി സി ജോര്‍ജ്ജും ഫ്രാന്‍സിസ് ജോര്‍ജ്ജും ! എങ്ങനെയും  എല്‍ഡിഎഫില്‍ കയറിപ്പറ്റാനായി ഇരുവരും തീവ്രശ്രമത്തില്‍ !

New Update

publive-image

Advertisment

കോട്ടയം:  കേരളാ കോണ്‍ഗ്രസ് - എമ്മിന്റെ യു ഡി എഫ് പുനപ്രവേശനത്തോടെ അനാഥമാകുന്നത് മാണിയുടെ ഒഴിവില്‍ മുന്നണിയില്‍ കയറിപ്പറ്റാന്‍ കാത്ത് നിന്ന പി സി ജോര്‍ജ്ജിന്റെയും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും പാര്‍ട്ടികള്‍.

മാണി ഇടത് മുന്നണിയിലേക്ക് പോയാല്‍ യു ഡി എഫില്‍ ഇരിപ്പിടം ഉറപ്പിച്ച നേതാക്കളായിരുന്നു പി സി ജോര്‍ജ്ജും ഫ്രാന്‍സിസ് ജോര്‍ജ്ജും. ഇരുകൂട്ടരെയും മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തന്നെ ഉറപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

publive-image

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഇടത് മുന്നണിയുമായി സഹകരിച്ചാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും അവരുടെ നാലില്‍ രണ്ടു സ്ഥാനാര്‍ഥികളും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഒരാള്‍ക്ക് ചരിത്രത്തിലാദ്യമായി കെട്ടിവച്ച കാശ് പോലും നഷ്ടപ്പെടുകയും ചെയ്തതോടെ ഇടത് മുന്നണിയില്‍ ആ പാര്‍ട്ടി അപ്രസക്തരായി.

സര്‍ക്കാര്‍ പദവികളിലെ വീതം വയ്പില്‍ ഉള്‍പ്പെടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണി അവഗണിക്കുകയായിരുന്നു. തങ്ങള്‍ ഇടത് മുന്നണിയുടെ ഭാഗമാണെന്നു ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും പറയുന്നുണ്ടെങ്കിലും അവര്‍ ഞങ്ങള്‍ക്കൊപ്പമുള്ളവരാണെന്ന് ഇടത് നേതാക്കള്‍ പറയുന്നില്ല.

publive-image

ഈ സാഹചര്യത്തില്‍ മാണി യു ഡി എഫ് വിട്ടാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഉള്‍പ്പെടുത്തി യു ഡി എഫില്‍ മാണിയുടെ വിടവ് നികത്താനായിരുന്നു കോണ്‍ഗ്രസിന്റെ ആലോചന.

മാണി എല്‍ ഡി എഫില്‍ പോയാല്‍ പി ജെ ജോസഫും മോന്‍സ് ജോസഫും പാര്‍ട്ടി പിളര്‍ത്തി യു ഡി എഫില്‍ തുടരുമെന്നും അവര്‍ക്കൊപ്പം സമാന മനസ്കരായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, ഡോ. കെ സി ജോസഫ് ഉള്‍പ്പെടെയുള്ള പഴയ ജോസഫ് ഗ്രൂപ്പുകാരെ ഉള്‍പ്പെടുത്തി പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. ആ നീക്കമാണ് മാണിയുടെ തിരിച്ചുവരവോടെ പാളിയത്.

publive-image

പി സി ജോര്‍ജ്ജ് യു ഡി എഫില്‍ ബര്‍ത്ത് ഉറപ്പിഹ മട്ടിലായിരുന്നു പെരുമാറിയിരുന്നത്. അതിനായി അദ്ദേഹം ഇടത് മുന്നണിയുമായി കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂരില്‍ മാണി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പി സി ജോര്‍ജ്ജ് ഇടതുമുന്നണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആ പിന്തുണ സ്വീകരിച്ചതായി ഇടത് നേതാക്കളോ സ്ഥാനാര്‍ഥിയോ പോലും പ്രതികരിച്ചുമില്ല. പി സി ജോര്‍ജ്ജ് വിളിച്ച ചെങ്ങന്നൂര്‍ കണ്‍വെന്‍ഷനിലേക്ക് ഇടത് നേതാക്കളെ ക്ഷണിച്ചെങ്കിലും അവര്‍ പങ്കെടുക്കാന്‍ തയാറായതുമില്ല.

publive-image

എന്തായാലും മാണി വീണ്ടും യു ഡി എഫിലായതോടെ ഇടത് മുന്നണിയില്‍ കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിലാണ് പി സി ജോര്‍ജ്ജ്. അതിനായി പിണറായി സര്‍ക്കാരിന് നിയമസഭയില്‍ കട്ട സപ്പോര്‍ട്ടാണ് ജോര്‍ജ്ജ് നല്‍കുന്നത്. ജോര്‍ജ്ജിന് മാത്രമല്ല ഫ്രാന്‍സിസ് ജോര്‍ജ്ജിന് മുമ്പിലും ഇനി അത് തന്നെയാണ് അവശേഷിക്കുന്ന മാര്‍ഗ്ഗം.

Advertisment