Advertisment

റഹ്‌മാൻ മുന്നൂര് വിട വാങ്ങി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

മുക്കം:  ബഹു ഭാഷാ പണ്ഡിതൻ, പത്ര പ്രവർത്തകൻ, ഗ്രന്ഥകാരൻ, വിവർത്തകൻ, ഗവേഷകൻ, പാട്ടെഴുത്തുകാരൻ, നാടക്യത്ത്, കഥാക്യത്ത് എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന റഹ്‌മാൻ മുന്നൂര് എന്ന പിടി അബ് ദുറഹിമാൻ വിട വാങ്ങി. കുറച്ച് കാലമായി അസുഖബാധിതനായ അദ്ദേഹം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

Advertisment

publive-image

മൂന്ന് പതിറ്റാണ്ട് കാലം വൈജ്ഞാനിക, സാഹിത്യരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയിരുന്നു. ശാന്തപുരം ഇസ് ലാമിയാ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ പിടി നല്ലൊരു എഴുത്തുകാരനായി പേരെടുത്തിരുന്നു. നംഹർ ശാന്തപുരം എന്ന തൂലികാ നാമത്തിലായിരുന്നു അക്കാലത്ത് പിടിയുടെ സാഹിത്യ പ്രവർത്തനം. പാട്ടെഴുത്ത് സംഗീത നാടക രചന, നാടക രചന, കഥാ രചന തുടങ്ങിയ സർഗ സാഹിത്യ മേഖലയിലും അക്കാലത്ത് തന്നെ പിടി നിറഞ്ഞ് നിന്നു.

പഠനം കഴിഞ്ഞ ഉടനെ പിടി പ്രബോധനത്തിൽ സഹ പത്രാധിപരായി ചേർന്നു. പ്രബോധനം സബ് എഡിറ്റർ, ബോധനം എക്സിക്യൂട്ടീവ് എഡിറ്റർ, ആരാമം ചീഫ് എഡിറ്റർ, യുവസരണി സബ് എഡിറ്റർ, വിജ്ഞാന കോശം അസോസിയേറ്റ് എഡിറ്റർ, ഐ.പി.എച്ച് എഡിറ്റർ, ധർമ്മധാര കോ ഓഡിനേറ്റർ തുടങ്ങി ജമാഅത്തേഇസ്ലാമിയുടെ ആഭിമുഖ്യത്തിലുള്ള പ്രസിദ്ധീകരണ സംരംഭങ്ങളുടെയും തലപ്പത്ത് പ്രവർത്തിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമി ദഅ് വത്ത് നഗർ സമ്മേളന പതിപ്പ്, ജമാഅത്തെ ഇസ്ലാമി അമ്പതാം വാർഷിക പതിപ്പ്, പ്രബോധനം കെ.സി അനുസ്മരണ പതിപ്പ് തുടങ്ങിയവയുടെ ചുമതലയും പി.ടി ക്കായിരുന്നു. പി.ടി എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബോധനം ത്രൈമാസിക മലയാളത്തിലെ നല്ല നിലവാരമുള്ള ഗവേഷണ മാസികയെന്ന നിലയിൽ അംഗീകാരം നേടിയിരുന്നു. കഴിഞ്ഞ വർഷം ഐ.പി.എച്ചിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചതിന് ശേഷം ജമാഅത്തെ ഇസ്ലാമി കേരളയുടെ ചരിത്ര രചനയിൽ ഏർപെട്ട് കൊണ്ടിരിക്കെയാണ് പി.ടി അപ്രതീക്ഷിതമായി രോഗബാധിതനായത്.

മലയാളത്തിലെ എണ്ണം പറഞ്ഞ വിവർത്തകരിൽ ഒരാളാണ് പി.ടി. ഒരേ സമയം അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ നിന്ന് അനായാസം മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്ന പി.ടിയെ പോലെ അധികം പേർ മലയാളത്തിലില്ല. മനോഹരമാണ് പിടിയുടെ പരിഭാഷ. പി.ടി വിവർത്തനം ചെയ്ത പുസ്തകങ്ങളിൽ മിക്കതും കാലത്തെ അതിജീവിക്കുന്ന മികച്ച രചനകളാണെന്ന സവിശേഷത കൂടിയുണ്ട്.

സർവത്ത് സൗലത്തിൻ്റെ ഇസ്ലാമിക ചരിത്രം സംഗ്രഹം (നാല് വാല്യം), അബ്ദുൽ ഹഖ് അൻസാരിയുടെ സൂഫിസവും ശരീഅത്തും, വിശ്വാസിയുടെ ജീവിത ലക്ഷ്യം, അമീൻ അഹ് സൻ ഇസ്ലാഹിയുടെ ആത്മ സംസ്കരണം, മൗലാനാ മൗദൂദിയുടെ സുന്നത്തിൻ്റെ പ്രാമാണികത, വ്യതാനുഷ്ഠാനം, താരീഖ് സുവൈദാൻ്റെ ഫലസ്തീൻ സമ്പൂർണ ചരിത്രം, അബ്ദുല്ലാ അടിയാറിൻ്റെ ഞാൻ സ്നേഹിക്കുന്ന ഇസ് ലാം, സദ്റുദ്ധീൻ ഇസ്ലാഹിയുടെ നിഫാഖ് അഥവാ കാപട്യം, സയ്യിദ് അബുൽ ഹസൻ അലി നദ് വിയുടെ മാസ്റ്റർ പീസായ മാദാ ഖസിറൽ ആലം ബിഇൻഹിത്വാത്വിൽ മുസ്ലിമീൻ തുടങ്ങിവ. ഇവയിൽ അവസാന കൃതിക്ക് അറബിയിൽ നിന്നുള്ള വിവർത്തനം കൃതിക്കുള്ള പ്രഥമ സി.കെ മുഹമ്മദ് അവാർഡ് ലഭിച്ചിട്ടുണ്ട്.

സുഫിക്കഥകൾ, സഅ്ദി

പറഞ്ഞ കഥ, മുഹമ്മദലി ക്ലേ, മറിയം ജമീല, കുട്ടികളുടെ മൗദൂദി, ഖുർആൻ അതുല്യ ഗ്രന്ഥം തുടങ്ങിയവ പിടിയുടെ സ്വതന്ത്ര രചനകളാണ്. തസ്വവ്വുഫിനെ കുറിച്ചടക്കം ഇസ്ലാമിക വിജ്ഞാന കോശത്തിൽ എഴുതിയ നിരവധി ലേഖനങ്ങളും പ്രബോധനത്തിൽ ഖുർആനിലെ 19 എന്ന സംഖ്യയെ കുറിച്ച് മർഹും മുട്ടാണിശേരിയിൽ കോയക്കുട്ടി മൗലവിയുമായി നടത്തിയ ദീർഘമായ സംവാദവും പി.ടിയിലെ ഗവേഷകനെ അടയാളപ്പെടുത്തുന്നതാണ്.

ഗാന രചയിതാവെന്ന നിലയിൽ യു.കെ അബുസഹ് ലയുടെ യഥാർത്ഥ പിൻഗാമിയായിരുന്നു റഹ്‌മാൻ മൂന്നൂര്. ഈ തമസ്സിൻ അപ്പുറത്തൊരു വെളിച്ചമുണ്ടോ.., ഒലിവു കൊമ്പുൾ ആടിയാടി.., പൂജാ പാട്ടുകളല്ല.. തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളാണ്. മീഡിയാവൺ പതിനാലാം രാവ് റിയാലിറ്റി ഷോ യിൽ പി.ടിയുടെ പല പാട്ടുകളും ആലപിച്ചിരുന്നു.

നാടക രചനാ രംഗത്ത് അബു വളയംങ്കുളം സംവിധാനം ചെയ്ത് അവതരിപ്പിച്ച മൗദൂദി നാടകം ശ്രദ്ധേയമായിരുന്നു. പി.ടിയുടെ നാടകമോ സംഗീത ശിൽപമോ ഇല്ലാത്ത ഇസ്ലാമിയാ കോളേജ്, മദ്രസ പരിപാടികളൊന്നും ഒരു കാലത്തുണ്ടായിരുന്നില്ല. ചില ടെലിവിഷൻ പരിപാടികളുടെ തിരക്കഥയും പി.ടി തയ്യാറാക്കിയിരുന്നു. തനിമ കലാസാഹിത്യ വേദിയുടെ രൂപീകരണത്തിലും സംഘാടനത്തിലും പി.ടിക്ക് പ്രധാന പങ്കുണ്ടായിരുന്നു.

അതിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു പി.ടി. അങ്ങനെ എല്ലാ അർത്ഥത്തിലും ബഹുമുഖ പ്രതിഭയായ പി.ടി അതിൻ്റ തലക്കനം തീരെയില്ലാത്ത സൗമ്യനും വിനയാന്വിതനുമായിരുന്നു. ഒരാൾക്ക് ഇത്രത്തോളം വിനയം ആവശ്യമുണ്ടോ എന്ന് തോന്നാവുന്ന അത്രയും വിനയം. അതേ സമയം അസാമാന്യമായ ഇഛാശക്തിയുടെ ഉടമ കൂടിയായിരുന്നു പി.ടി. അസുഖം ഏതാണ്ട് പൂർണമായും ശരീരത്തെ കീഴടക്കി എന്നറിഞ്ഞിട്ടും ഈ വർഷത്തെ ഹജ്ജ് കർമ്മം അദ്ദേഹം നിർവഹിച്ചത് ആ ഇഛാശക്തി കൊണ്ട് മാത്രമാണ്.

Advertisment