Advertisment

റിട്ട: ജസ്റ്റിസ് കമാല്‍ പാഷക്ക് നല്‍കിയിരുന്ന  സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

New Update

തിരുവനന്തപുരം:  മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍പാഷക്ക് നല്‍കിയിരുന്ന പൊലീസ് സൂരക്ഷ  പിന്‍വലിച്ച നടപടി  കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലന്നും, അത് കൊണ്ട് ഈ തിരുമാനം അടിയന്തിരമായി പിന്‍വലിച്ച് അദ്ദേഹത്തിന്റെ സുരക്ഷ പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Advertisment

നമ്മുടെ സമൂഹത്തില്‍ ദൂര  വ്യാപകമായപ്രത്യാഘാതം ഉണ്ടാക്കിയ നിരവധി കേസുകളുടെ വിധി പ്രഖ്യാപിച്ച ന്യായാധിപന്‍ എന്ന നിലയില്‍ പലതവണ അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉയര്‍ന്നിരുന്നു.  കേരളത്തില്‍ ഏറ്റവും കൂടുതല്‍ വധ ശിക്ഷകള്‍ നല്‍കിയ ജഡ്ജി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

publive-image

രാജ്യാന്തര ഭീകര സംഘടനയായ ഐസിസ് ന്റെ ഹിറ്റ് ലിസ്റ്റിലും അദ്ദേഹത്തിന്റെ പേരുണ്ടെന്ന് പ്രമാദമായ കനകമല ഐസിസ് റിക്രൂട്‌മെന്റ് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടു വര്‍ഷം മുമ്പ് അദ്ദേഹത്തിന്  സായുധരായ നാലു പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ സര്‍ക്കാര്‍ നല്‍കിയത്.

ഇപ്പോള്‍ അതു പിന്‍വലിക്കാനുള്ള നീക്കം അദ്ദേഹത്തിന്റെ ജീവന്‍ പന്താടുന്നതിനു തുല്യമാണ്.  ഇത് മുന്‍നിര്‍ത്തിയാണ്  ഈ നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയുകയും, പിന്‍വലിച്ച സുരക്ഷ സര്‍ക്കാര്‍ അടിയന്തിരമായി പുനഃസ്ഥാപിക്കുകയും വേണമെന്നാവിശ്യപ്പെട്ട്  രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

വാളയാറില്‍ പിഞ്ചു സഹോദരിമാരുടെ ദുരൂഹ മരണം, അട്ടപ്പാടിയിലേ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള പകപോക്കലായും ഈ നടപടി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍  സൂചിപ്പിക്കുന്നു.

ജനാധിപത്യത്തിന്റെ അടിത്തറയായ  ക്രിയാത്മകമായ വിമര്‍ശനങ്ങള്‍  അംഗീകരിക്കനുള്ള വിശാലമായ ജനാധിപത്യ ബോധം  മുഖ്യമന്ത്രി കാണിക്കണമെന്നും  ജസ്റ്റിസ് കമാല്‍ പാഷയുടെ ജീവന്‍ അപകടത്തിലാകുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലന്നും  കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

പിന്‍വലിച്ച അദ്ദേഹത്തിന്റെ സുരക്ഷ ഉടന്‍ പുനഃസ്ഥാപിച്ചു അദ്ദേഹത്തിന്റെ  ജീവനുള്ള ഭീഷണി ഒഴിവാക്കേണ്ടത്  സര്‍ക്കാരിന്റെ അടിയന്തര കടമയാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ്  തന്റെ കത്ത് ചുരുക്കുന്നത്.

Advertisment