Advertisment

സംസ്ഥാനത്ത് പരക്കെ ലഹരി കടത്ത് സംഘങ്ങളും ഗുണ്ടാ മാഫിയാ സംഘങ്ങളും എല്ലാ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുന്നു. ഒന്നും ചെയ്യാതെ പൊലീസ് - രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് നിഷ്ഠൂരമായ കൊലപാതകങ്ങളും ലഹരി മാഫിയയുടെയും ഗുണ്ടാസംഘങ്ങളുടെയും അഴിഞ്ഞാട്ടവും നിത്യസംഭവങ്ങളായത് പൊലീസിന്റെ വീഴ്ചകാരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല പറഞ്ഞു.

Advertisment

കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ യുവാക്കളെ അടിച്ചു കൊല്ലുകയും പെണ്‍കുട്ടികളെ തീവച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

publive-image

തലസ്ഥാന നഗരിയില്‍ കരമനയില്‍ പട്ടാപ്പകല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മൂന്ന് മണിക്കൂര്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. പൊലീസ് കൃത്യസമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ കൊലപാതകം തടയാന്‍ കഴിയുമായിരുന്നു.

നഗരത്തില്‍ തിരക്കേറിയ ഹൈവേക്ക് അരികില്‍ മൂന്ന് മണിക്കൂര്‍ യുവാവിനെ പീഡിപ്പിച്ചിട്ടും പൊലീസിന് അത് അറിയാന്‍ കഴിയാതെ പോയത് എന്തു കൊണ്ടാണ്? പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് യുവാവിനെ അടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോയത്.

ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. നഗര മദ്ധ്യത്തില്‍ തന്നെ അക്രമി സംഘം ഒളിത്താവളം ഒരുക്കി ലഹരിസേവയും മറ്റു അത്രികമങ്ങളും നടത്തിയിട്ടും പൊലീസ് അറിയാതെ പോയി എന്നത് പൊലീസിന്റെ പൂര്‍ണ്ണമായ പരാജയമാണ് കാണിക്കുന്നത്.

എറണാകുളത്ത കാക്കനാടിന് അടുത്ത് പാലച്ചുവട്ടില്‍ യുവാവിനെ വിളിച്ചു വരുത്തി അടിച്ചു കൊന്നത് കഴിഞ്ഞ ദിവസമായിരുന്നു. തിരുവല്ലയില്‍ പഠിക്കാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ റോഡില്‍ കുത്തി വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചതും കഴിഞ്ഞ ദിവസമായിരുന്നു.

അതിന്റെ ഞെട്ടല്‍ മാറുംമുന്‍പ് ഇന്നലെ കൊച്ചി പനമ്പിള്ളി നഗറില്‍ മറ്റൊരു പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകത്തിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ല. തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ തന്നെ ലഹരിമാഫിയകളുടെ ഏറ്റുമുട്ടല്‍ തടയാന്‍ ശ്രമിച്ച ഒരു യുവാവ് കുത്തേറ്റു മരിച്ചു.

പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയും നിര്‍ജീവമാക്കുകയും ചെയ്തതിന്റെ ഫലമാണ് അടിക്കടി ഇത്തരം ക്രൂര സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ലഹരി കടത്ത് സംഘങ്ങളും ഗുണ്ടാ മാഫിയാ സംഘങ്ങളും എല്ലാ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയാണ്. ഇവരെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment