പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിച്ചുവാങ്ങരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 12, 2018

തിരുവനന്തപുരം:  പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥരില്‍ നിന്ന് ഒരു മാസത്തെ വേതനം നിര്‍ബന്ധമായി പിടിച്ച് വാങ്ങുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഗുണ്ടാ പിരവ് നടത്തുന്നത് അവസാനിപ്പിക്കണം. ജീവനക്കാരെ ഭീഷണിപ്പെടുത്തി ഒരു മാസത്തെ ശമ്പളം പിടിച്ചുവാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഭരണ കക്ഷി യൂണിയനുകള്‍ ജീവനക്കാര്‍ക്ക് നേരെ സ്ഥലം മാറ്റ ഭീഷണി ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ എടുക്കമെന്ന് ഭീഷണിപ്പെടുത്തുകയാണ്. സ്വമേധയാ തുക നല്‍കുന്നതിന് ജീവനക്കാര്‍ തയ്യാറുള്ളപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

ഇപ്പോള്‍ തന്നെ ഓണത്തിന് നല്‍കുന്ന ഉല്‍സവ ബത്ത സര്‍ക്കാര്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ പിടിച്ചു വച്ചു. ഇനി ഒരു മാസത്തെ ശമ്പളം കൂടി പിടിച്ചു വാങ്ങുന്നത് സര്‍ക്കാര്‍ ഉദ്യേഗസ്ഥരോട് കാണിക്കുന്ന ക്രൂരയാണ്. എണ്‍പത് ശതമാനം സര്‍ക്കാര്‍ ജീവനക്കാരും പരിമിതമായ ശമ്പളത്തോടെ ജോലി ചെയ്യുന്നവരാണ്. മക്കളുടെ വിദ്യാഭ്യാസം, ലോണ്‍, ആരോഗ്യ പരിരക്ഷ തുടങ്ങി ദൈനം ദിനജീവിതത്തിലെ എല്ലാ കാര്യങ്ങളും മുമ്പോട്ട് കൊണ്ട് പോകുന്നത് ഈ ശമ്പളം വഴിയാണ്.

ഗുരുതരമായ രോഗം ബാധിച്ച നിരവധി സര്‍ക്കാര്‍ ഉദ്യേഗസ്ഥരമുണ്ട്. സര്‍ക്കാര്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിതമായി ശമ്പളം പിടിച്ചു വാങ്ങുമ്പോള്‍ അവരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ വഴി മുട്ടുകയാണ് ചെയ്യുന്നത്. ഐ എ എസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥരില്‍ നിന്ന് ഇത്തരത്തില്‍ ഈടാക്കിയാല്‍ അതിനൊരു ന്യായീകരണം ഉണ്ട്.

എന്നാല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഇത്തരത്തില്‍ ശമ്പളം പിടിച്ചുവാങ്ങുന്നത് ഗുണ്ടാ പിരിവാണെന്നും ഒരു ജനകീയ സര്‍ക്കാര്‍ അതു ചെയ്യാന്‍ പാടില്ലന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

സ്വമേധയാ ആരെങ്കിലും ശമ്പളം സര്‍ക്കാരിന് നല്‍കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ യാതൊരു നിയമ പ്രാബല്യവുമില്ലാതെ സര്‍ക്കാര്‍ ഉദ്യേഗസ്ഥരുടെ ശമ്പളം സര്‍ക്കാര്‍ പിടിച്ചുവാങ്ങുന്നതിലൂടെ സര്‍ക്കാര്‍ അതിന്റെ സംവിധാനങ്ങളെ സ്വയം ദുര്‍ബലപ്പെടുത്തുകയാണെന്നും രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.

ഒരു മാസത്തെ ശമ്പളം നല്‍കാത്തവര്‍ക്ക് നേരെ സ്ഥലം മാറ്റമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും തെറ്റാണ്. ഉദ്യേഗസ്ഥരെ ഉപയോഗിച്ച് ഫണ്ട് പിരിക്കുന്നതും ശരിയില്ല. സര്‍ക്കാരിന് സ്വന്തം സംവിധാനത്തെ വിശ്വാസമില്ലാത്തതിന്റെ തെളിവാണ് ഈ നടപടിയെന്നും അതില്‍ നിന്ന് ഉടന്‍ പിന്‍വാങ്ങണമെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

×