Advertisment

രമ്യ ഹരിദാസിനെ 14 ലക്ഷത്തിന്റെ ആഡംബര കാര്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചത് രക്ഷിക്കാനോ ശിക്ഷിക്കാനോ ? വെട്ടിലായത് അനില്‍ അക്കര ! അണികളുടെ അബദ്ധം തിരുത്തിയ മുല്ലപ്പള്ളിയെ പരിഹസിച്ചതിനെതിരെ ഒറ്റക്കെട്ടായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും. ഒറ്റപ്പെട്ട് വടക്കാഞ്ചേരി എം എല്‍ എ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  കെ പി സി സി അധ്യക്ഷനെ വിമര്‍ശിച്ച് ആദര്‍ശ വഴിയേ പാര്‍ട്ടിയില്‍ ഒറ്റയാനായി ശക്തനാകാന്‍ തുനിഞ്ഞിറങ്ങിയ അനില്‍ അക്കര എം എല്‍ എ വെട്ടിലായി.  സ്വന്തം മണ്ഡലമായ വടക്കാഞ്ചേരിയില്‍ പോലും കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍ എം എല്‍ എയെ തള്ളിപ്പറഞ്ഞതോടെ പാര്‍ട്ടിയില്‍ അനില്‍ അക്കര ഒറ്റപ്പെടുകയാണ്.

Advertisment

ഞാന്‍ വെറും എം എല്‍ എ മാത്രമല്ല, എ ഐ സി സി അംഗമെന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒപ്പത്തിനൊപ്പമെന്ന നിലയിലായിരുന്നു അനില്‍ അക്കരയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. രമ്യ ഹരിദാസിന് ആഡംബര കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ മുല്ലപ്പള്ളി എതിര്‍ത്തതായിരുന്നു അനില്‍ അക്കരയുടെ രോക്ഷപ്രകടനത്തിന് കാരണം.

publive-image

മുല്ലപ്പള്ളിയ്ക്ക് ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കാമെങ്കില്‍ എ ഐ സി സി അംഗമായ തനിക്കും ആകാമെന്നായിരുന്നു അനില്‍ മാധ്യമങ്ങളോട് പറഞ്ഞത്.  ഫലത്തില്‍ എം എല്‍ എയുടെ പ്രതികരണം 'അങ്കമാലിയിലെ പ്രധാനമന്ത്രി' പ്രയോഗം പോലെ ആയതോടെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നടക്കം നേതാക്കള്‍ അനില്‍ അക്കരയ്ക്കെതിരെ തിരിഞ്ഞു.

താരമായി തിളങ്ങിയ രമ്യയെ വിവാദത്തിലാക്കി ? 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ ആലത്തൂര്‍ എം പി രമ്യ ഹരിദാസിന്റെ രാഷ്ട്രീയ ഗ്രാഫ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയ പക്വതയില്ലാത്ത തീരുമാനമായിരുന്നു കാര്‍ വിവാദമെന്ന വിമര്‍ശനം വ്യാപകമാണ്. കടുത്ത ദാരിദ്ര്യം നിരവധി ഇല്ലായ്മകളും അനുഭവിച്ച് വളര്‍ന്ന രമ്യയ്ക്ക് 14 ലക്ഷത്തിന്റെ ആഡംബര കാര്‍ തന്നെ വാങ്ങി നല്‍കാന്‍ തീരുമാനിച്ചത് ശത്രുക്കളാരോ ഉപദേശിച്ചത് പോലെയായിപ്പോയെന്ന വിമര്‍ശനമാണ് മുതിര്‍ന്ന നേതാക്കള്‍പോലും ഉന്നയിച്ചത്.  ഇത് ഇടതുപക്ഷം സമര്‍ത്ഥമായി ഉപയോഗിച്ചു.

കോണ്‍ഗ്രസില്‍ നിന്നും യു ഡി എഫ് ആഭിമുഖ്യമുള്ള മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെ പ്രശ്നത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയാണ് വിവാദത്തില്‍ നിന്നും യു ഡി എഫ് തലയൂരിയത്‌. മുല്ലപ്പള്ളിയുടെ പക്വമായ ഇടപെടല്‍ വിവാദത്തില്‍ കോണ്‍ഗ്രസിന് രക്ഷയായെന്ന് മാത്രമല്ല, രമ്യ ഹരിദാസിന് വിവാദത്തില്‍ നിന്നും തലയൂരാനും അതുപകരിച്ചു.

പിടിപ്പുകേടുകള്‍ ഒന്നിനുപുറകെ ഒന്നായി പറഞ്ഞ് അനില്‍ അക്കര !

രമ്യ ഹരിദാസിന്റെ ചീഫ് ഇലക്ഷന്‍ എജന്റായിരുന്നു അനില്‍ അക്കര എം എല്‍ എ. ആലത്തൂര്‍ മണ്ഡലത്തിലെ ഏക എം എല്‍ എ എന്ന നിലയിലായിരുന്നു ഇത്.  അതിനാല്‍ രമ്യയുടെ ഗംഭീര വിജയത്തിന്റെ ക്രെഡിറ്റും അദ്ദേഹം സ്വയമങ്ങെടുത്തതായി നേതാക്കള്‍ പറയുന്നു.

രമ്യയുടെ പാട്ടും പ്രസംഗവും ജീവിത സാഹചര്യങ്ങളും ചുറുചുറുക്കും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതായിരുന്നു ആലത്തൂരിലെ ഗംഭീര വിജയത്തിന് കളമൊരുക്കിയത്. അതൊരു ജനകീയ മുന്നേറ്റമായിരുന്നു. എന്നാല്‍ രമ്യയ്ക്ക് ആഡംബര കാര്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സംഭവം വിവാദമായപ്പോള്‍ അതിന് അനില്‍ അക്കര പറഞ്ഞ വിശദീകരണങ്ങളായി അതിലേറെ പരിഹാസ്യങ്ങളായി മാറിയത്. അവ ഇപ്രകാരമായിരുന്നു.

publive-image

1,  എം പിയുടെ ശമ്പളത്തില്‍ നിന്ന് വായ്പ അടയ്ക്കാന്‍ തികയില്ല !

എം പിയുടെ ശമ്പളം ഒന്നിനും തികയില്ലെന്നായിരുന്നു അക്കരയുടെ ആദ്യ വാദം. ഡല്‍ഹിയിലെയും നാട്ടിലെയും ഓഫീസുകളുടെ ചിലവ് നടത്തിക്കഴിയുംപോള്‍ സമ്പളം തീരുമെന്നാണ് അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞത്.

ഒരു പാര്ലമെന്റ്റ് അംഗത്തിന് സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം മണ്ഡലം അലവന്‍സ് ഉള്‍പ്പെടെ എം പിയുടെ അക്കൌണ്ടില്‍ ലഭിക്കുന്നത് 1.90 ലക്ഷം രൂപ.  ഡല്‍ഹിയിലെ സ്റ്റാഫിന്റെ ശമ്പളവും മണ്ഡലത്തിലെ ഓഫീസിന്റെ വാടകയും ഉള്‍പ്പെടെ 40000 രൂപ ഇതിനുപുറമേ ലഭിക്കും.

ഇതില്‍ ഡല്‍ഹിയിലെ എം പിമാരുടെ സെക്രട്ടറിമാര്‍ക്ക് നല്‍കുന്ന ശമ്പളം ശരാശരി 25000 രൂപയാണ്. അത് എല്ലാ എം പിമാരും ഒന്നിച്ചെടുത്ത തീരുമാനമാണ്. ബാക്കി വരുന്ന 15000 രൂപ കൊണ്ട് മണ്ഡലത്തിലെ ഓഫീസ് മെയിന്റനന്‍സ് നടത്തു൦. നാട്ടില്‍ ഒരു പി എയെ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള ഈ പി എയുടെ ശമ്പളം സര്‍ക്കാര്‍ നല്‍കും. ഒരു ഡ്രൈവറെയും സര്‍ക്കാര്‍ നല്‍കും. അഥവാ എന്തെങ്കിലും കൂടുതലായി ചിലവഴിക്കേണ്ടി വന്നാല്‍ അതിന് 40000 ല്‍ നിന്നും മിച്ചം വരുന്ന 15000 ബാക്കിയുണ്ട്.

ഇതിനുപുറമേ പാര്‍ലമെന്റ് സമ്മേളനം ഉള്ളപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഒരു ദിവസം 2000 രൂപ ലഭിക്കും. അതായത് നിലവില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം നാളെ അവസാനിക്കുമ്പോള്‍ 30 ദിവസമാണ് സമ്മേളനം നടന്നത്. ആ വകയില്‍ 60000 രൂപ വേറെയും ലഭിക്കും. കൂടാതെ വര്‍ഷം 34 വിമാനടിക്കറ്റ് എക്സിക്യുട്ടീവ്‌ ക്ലാസില്‍ (രമ്യ സഞ്ചരിക്കുന്നത് ഇക്കോണമി ക്ലാസിലാണ്) ലഭിക്കും.  കമ്മറ്റികളില്‍ പങ്കെടുക്കേണ്ടി വന്നാല്‍ അതിന് ടിക്കറ്റും സിറ്റിംഗ് സീറ്റും വേറെയും ലഭിക്കും.

ഈ ആനുകൂല്യങ്ങളെല്ലാം അനില്‍ അക്കരയുടെ എം പി രമ്യാ ഹരിദാസിനും ലഭിക്കും.  അല്ലാതെ പാവപ്പെട്ട പിന്നോക്കക്കാരി എന്ന തര൦തിരിവൊന്നും അവിടെയുണ്ടാവില്ല. അത്രയും ആനുകൂല്യങ്ങള്‍ അടുത്ത 5 വര്‍ഷത്തേക്ക് ലഭിക്കുന്ന ഒരു എം പിയ്ക്ക് വായ്പയെടുത്ത് കാര്‍ വാങ്ങിയാല്‍ തിരിച്ചടവിന് പണം തികയില്ലെന്ന് പറഞ്ഞാല്‍ അതിനെ എങ്ങനെ ന്യായീകരിക്കും എന്ന് അനില്‍ അക്കര കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞുകൊടുക്കുമല്ലോ ?

മുല്ലപ്പള്ളിയ്ക്ക് ഒപ്പമെത്തിയ നേതാവെന്ന നിലയില്‍ പഠിപ്പിക്കാനും ഉപദേശിക്കാനുമൊക്കെയുള്ള അറിവും സീനിയോറിറ്റിയും തനിക്കുമുണ്ടെന്നാണല്ലോ എം എല്‍ എയുടെ നിലപാട്.

publive-image

എം പിയ്ക്ക് സിബില്‍ സ്കോര്‍ കുറവായതിനാല്‍ വായ്പ കിട്ടില്ല പോലും ! 

രമ്യ ഹരിദാസിന് നാട്ടില്‍ 7 ലക്ഷം രൂപയുടെ വായ്പ ഉണ്ടായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആ കുടിശിക അടച്ചുതീര്‍ത്തത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെന്നുമാണ് അനില്‍ അക്കര പറഞ്ഞത്.  കുടിശിക ഉണ്ടായിരുന്നതിനാല്‍ സിവില്‍ സ്കോര്‍ കുറയുന്നതിനാല്‍ എം പിക്ക് വായ്പ അനുവദിക്കാന്‍ വ്യവസ്ഥ ഇല്ലെന്നാണ് അനില്‍ അക്കര പറഞ്ഞത്.

കുടിശികയുള്ള വായ്പ അടച്ചുതീര്‍ത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സിവില്‍ സ്കോര്‍ ഉയരുമെന്ന വിവരം നാട്ടിലെ ഒരു എം എല്‍ എയായ അനില്‍ അക്കരയ്ക്ക് അറിവില്ലാത്തതാണോ ?

മറ്റൊന്ന്, അതൊക്കെയുണ്ടെങ്കിലും ഡല്‍ഹിയില്‍ പാര്ലമെന്റ്റ് മന്ദിരത്തിലെ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെത്തി ഒരു അപേക്ഷ എഴുതി ഒപ്പിട്ട് നല്‍കിയാല്‍ രമ്യ ഹരിദാസിന് കാറിന് വായ്പ കിട്ടിയില്ലെങ്കില്‍ അതിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഉത്തരം പറയും.  ഒരു എം പിക്കും വാഹന വായ്പ നിഷേധിച്ച ചരിത്രം സമീപ കാലത്ത് കേന്ദ്ര സര്‍ക്കാരിന് ഉണ്ടായിട്ടില്ല. അക്കാര്യവും അനില്‍ അക്കര എം എല്‍ എയ്ക്ക് മിനിമം അറിവുണ്ടാകേണ്ടതായിരുന്നു.

ഈ നാട്ടില്‍ ഏത് സാധാരണക്കാരനും ലഭിക്കുന്ന ഒരു ആനുകൂല്യം ഒരു പാര്ലമെന്റ്റ് അംഗത്തിന് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞു ജനത്തെ തെറ്റിദ്ധരിപ്പിച്ചതാണ് അനില്‍ അക്കരയുടെ മറ്റൊരു അബദ്ധം.

ആലത്തൂരിലെ ജനങ്ങള്‍ എന്തുകൊണ്ടാണ് രമ്യ ഹരിദാസിനെ നെഞ്ചേറ്റി വിജയിപ്പിച്ചതെന്ന് അനില്‍ അക്കര ഒഴികെയുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബോധ്യമുണ്ട്. അതെന്തായാലും അനില്‍ അക്കര ചീഫ് ഇലക്ഷന്‍ എജന്റ്റ് ആയതുകൊണ്ടല്ല.

അങ്ങനെ ഇല്ലായ്മകളുടെയും പരാധീനതകളുടെയും ഇടയില്‍ നിന്ന് വന്ന ഒരു സാധാരണ പെണ്‍കുട്ടിക്ക് സഞ്ചരിക്കാന്‍ ഏത് സാധാരണക്കാരനും എപ്പോള്‍ വേണമെങ്കിലും കയറി അഭിപ്രായം പറയുന്ന സോഷ്യല്‍ മീഡിയ ഒക്കെ ജാഗ്രതയോടെ ഇരിക്കുന്ന കാലത്ത് 14 ലക്ഷം രൂപ മുടക്കുള്ള (രജിസ്ട്രേഷന്‍, ടാക്സ് ചിലവുകള്‍ ഒന്നര ലക്ഷത്തോളം വേറെയും) മഹേന്ദ്ര മറാസോ എന്ന ആഡംബര കാര്‍ തന്നെ വേണമെന്ന വാശി എന്തിനായിരുന്നു. അത് രമ്യയെ രക്ഷിക്കാനായിരുന്നോ ശിക്ഷിക്കാനായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകരും നേതാക്കളും ഉന്നയിച്ചിരിക്കുന്നത്.

അനില്‍ അക്കര ആദര്‍ശത്തിന്റെ ആള്‍രൂപമായി കാണുന്ന എ കെ ആന്റണി സഞ്ചരിക്കുന്നത് വാഗണ്‍ ആര്‍ കാറിലാണ്.  അനില്‍ അക്കരയ്ക്ക് അത്രയും മതിപ്പില്ലെങ്കിലും ഉമ്മന്‍ചാണ്ടി എന്ന കേരളത്തിലെ മറ്റ്‌ കോണ്‍ഗ്രസുകാരുടെയൊക്കെ പ്രിയങ്കരനായ മുന്‍ മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു കാര്‍ പോലുമില്ല.

അനില്‍ അക്കരയുടെ ചെറുപ്പകാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവായിരുന്ന ഇപ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന മമതാ ബാനര്‍ജി ഇപ്പോഴും സഞ്ചരിക്കുന്നത് ഹുണ്ടായ് സാന്‍ട്രോ കാറിലാണ്.  നിയമസഭയില്‍ അനില്‍ അക്കരയ്ക്ക് അപ്പുറവും ഇപ്പുറവും മുന്‍പിലും പിന്‍പിലും ഇരിക്കുന്ന എം എല്‍ എമാരില്‍ പകുതിയില്‍ താഴെപ്പേരെങ്കിലും സഞ്ചരിക്കുന്നത് 8 ലക്ഷം രൂപയ്ക്ക് താഴെയുള്ള സാധാരണ കാറുകളില്‍ ആണ്.

ഇക്കാര്യങ്ങളൊക്കെ നല്ലവണ്ണം ബോധ്യമുള്ള അനില്‍ അക്കര എന്തുകൊണ്ടാണ് രമ്യാ ഹരിദാസിനായി മഹേന്ദ്ര മറാസോ (ആദ്യം ടയോട്ടാ ക്രിസ്റ്റോയുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നത് ഇവിടെ പ്രതിപാദിക്കുന്നില്ല) തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നാണ് ഇപ്പോള്‍ കെ പി സി സി നേതൃത്വം തലപുകഞ്ഞ് ആലോചിക്കുന്നത്.

അതിനാല്‍ കാര്‍ വിവാദത്തില്‍ അനില്‍ അക്കരയ്ക്ക് തെറ്റ് പറ്റി എന്ന കാര്യത്തില്‍ തര്‍ക്കമുള്ളവരുടെ എണ്ണം പരിമിതമായിരുന്നു. ഇക്കാര്യത്തില്‍ മാതൃകാപരമായ ഉപദേശം എന്ന ധാര്‍മ്മിക ചുമതല നിര്‍വഹിച്ച കെ പി സി സി അധ്യക്ഷനെ പരസ്യമായി വിമര്‍ശിച്ചതിന് എം എല്‍ എയുടെ മറുപടി എന്തായിരിക്കുമെന്നറിയാന്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അധികാരമുണ്ട്‌. രമ്യയെ ഇവ്വിധം അപമാനിച്ചത് അനില്‍ അക്കര മനപ്പൂര്‍വ്വം ആയിരുന്നില്ല എന്നാണ് പ്രവര്‍ത്തകര്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

ramya haridas
Advertisment