റവ.ഡോ. ജോസഫ് തടത്തില്‍ സീറോ മലബാര്‍ സഭയിലെ പ്രഥമ ആര്‍ച്ച്പ്രീസ്റ്റ്

ബെയ് ലോണ്‍ എബ്രഹാം
Monday, January 28, 2019

കുറവിലങ്ങാട്:  കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയ വികാരിയുടെ ആര്‍ച്ച്പ്രീസ്റ്റ് പദവിയ്ക്ക് സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരം. ജനുവരി ഏഴുമുതല്‍ 18 വരെ തിയതികളില്‍ സഭാ ആസ്ഥാനത്ത് നടന്ന സിനഡിലാണ് ഇതുസംബന്ധിച്ച തീരുമാനം.

കുറവിലങ്ങാട് ഇടവകയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദേവാലയമാക്കി കഴിഞ്ഞ വര്‍ഷം ജനുവരി 21ന് ഉയര്‍ത്തിയതോടെ ഇടവകയുടെ ചരിത്രവും സഭയുടെ പാരമ്പര്യവും പരിഗണിച്ച് വികാരിയെ ആര്‍ച്ച്പ്രീസ്റ്റ് എന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാമകരണം ചെയ്തിരുന്നു. ഈ നാമകരണത്തിനാണ് സിനഡ് അംഗീകാരം നല്‍കിയത്. ഇതോടെ ആര്‍ച്ച്പ്രീസ്റ്റ് പദവിയ്ക്ക് സാര്‍വ്വത്രിക സഭയുടെ അംഗീകാരമായി.

സിനഡ് തീരുമാനത്തോടെ റവ.ഡോ. ജോസഫ് തടത്തില്‍ സീറോ മലബാര്‍ സഭയിലെ പ്രഥമ ആര്‍ച്ച്പ്രീസ്റ്റായി. കുറവിലങ്ങാട് പള്ളിയിലെ ഇനിയുള്ള എല്ലാ വികാരിമാരും ആര്‍ച്ച്പ്രീസ്റ്റ് എന്ന് അറിയപ്പെടും.

മാന്നാര്‍ സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജോസഫ് തടത്തില്‍ മാന്നാര്‍ തടത്തില്‍ പരേതനായ വര്‍ക്കിയുടേയും ഇലഞ്ഞി പാലക്കുന്നേല്‍ കുടുംബാംഗം മറിയാമ്മയുടേയും 11 മക്കളില്‍ നാലാമനാണ്.

മാന്നാര്‍ ഗവ.എല്‍പിസ്‌കൂള്‍, തലയോലപറമ്പ് ഗവ.യുപി, ഹൈസ്‌കൂളുകളിലായി സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. 1977 ജൂണ്‍ 16ന് പാലാ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെമിനാരിയില്‍ ഫിലോസഫി പഠനം. പാലാ സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റിയില്‍ റീജന്‍സി. വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനം.

1988 ജനുവരി ആറിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ കൈവയ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ളാലം പള്ളി അസി.വികാരിയായി ചുമതലയേറ്റു. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.

ഉരുളികുന്നം വികാരി ഇന്‍ചാര്‍ജ്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, രൂപത വിശ്വാസ പരിശീലന കേന്ദ്രം, ദൈവവിളി ബ്യൂറോ, ചെറുപുഷ്പമിഷന്‍ ലീഗ് ഡയറക്ടര്‍, ശാലോം പാസ്റ്ററല്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍, കുട്ടക്കച്ചിറ, കാഞ്ഞിരത്താനം പള്ളികളില്‍ വികാരി, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം പ്രഥമ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2015 ഫെബ്രുവരി ഏഴുമുതല്‍ കുറവിലങ്ങാട് പള്ളി വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.

സഹോദരങ്ങള്‍: മേരി മാത്യു പറമ്പിതടത്തില്‍ (മുട്ടുചിറ), ജോയി (ജെഡബ്ല്യൂഒ ഐ എഎഫ്) , സിസ്റ്റര്‍. ജോയ്‌സ് ജോര്‍ജ് (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിഎഫ്എസ്എസ്, ഡല്‍ഹി), റൂബി ജോയി പത്തുപറ (വൈക്കം), ലഫ്. കേണല്‍ ത്രേസ്യാമ്മ ബെന്നി മുടക്കാംപുറം (ചത്തീസ്ഗഡ്), രാജു വര്‍ഗീസ് (സൗദി), ബിജു, ഷൈനി നിധീഷ് മുണ്ടയ്ക്കല്‍ തൊടുപുഴ (അയര്‍ലന്റ്), റെജി ഫിലിപ്‌സണ്‍ കൈതവനത്തറ ആലപ്പുഴ (യുകെ), ബിനി ഷാബു കൂട്ടിയാനി തിടനാട് (ഇസ്രായേല്‍).

×