Advertisment

നടപ്പിലാക്കില്ലെന്ന് ഉറപ്പുള്ള കർഷക പ്രശ്നങ്ങളുടെ മറവിൽ ചർച്ച് ആക്ട് വിഷയത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് കത്തോലിക്കാ സഭയുടെ കർഷക മതിൽ ! റബ്ബർ വിലസ്ഥിരതാ ഫണ്ട് നിർത്തലാക്കി മൂന്നര വർഷം കഴിഞ്ഞിട്ടും മിണ്ടാതിരുന്ന ബിഷപ്പുമാരുടെ പുതിയ സമരാവേശത്തിനു പിന്നിൽ ?

New Update

കോട്ടയം:  കർഷക മഹാസംഗമത്തിന്റെ പേരിൽ ചർച്ച് ആക്ട് നടപ്പാക്കുന്നതിനെതിരെ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച്‍ കത്തോലിക്കാ സഭ രംഗത്ത്. സർക്കാർ ചർച്ച് ആക്ട് നടപ്പിലാക്കാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇക്കാര്യം പറയാതെ കർഷക പ്രശ്നങ്ങളുടെ പേരിൽ സർക്കാരിനെതിരെ വിവിധയിടങ്ങളിൽ പതിനായിരങ്ങളെ അണിനിരത്താൻ സഭ ഒരുങ്ങുന്നത്.

Advertisment

റബ്ബറിന് 250 രൂപ വിലസ്ഥിരത, കർഷകർക്ക് പതിനായിരം രൂപ പെൻഷൻ, നാണ്യവിള വില സുരക്ഷാ തുടങ്ങിയ അടുത്തകാലത്തെങ്ങും ഒരു സർക്കാരും നടപ്പിലാക്കില്ലെന്ന് ഉറപ്പുള്ള കാരണങ്ങൾ നിരത്തിയാണ് സംസ്ഥാനത്ത് അഞ്ചിടത്ത് കർഷക മതിൽ തീർക്കാൻ കത്തോലിക്കാ സഭ ഒരുങ്ങുന്നത്.

publive-image

യു ഡി എഫ് സർക്കാർ നടപ്പിലാക്കിയ റബ്ബറിന് 150 രൂപ വിലസ്ഥിരത ഫണ്ട് ഇടതു സർക്കാർ നിർത്തലാക്കി മൂന്നര വർഷം കഴിയുന്നതുവരെ ഒരക്ഷരം മിണ്ടാതിരുന്ന സഭ നേതൃത്വമാണ് പെട്ടെന്ന് ബോധോദയം ഉണ്ടായപോലെ ഇപ്പോൾ 250 രൂപ വിലസ്ഥിരതാ ഫണ്ട് എന്ന ആവശ്യവുമായി വിശ്വാസികളെ തെരുവിലിറക്കുന്നത്.

വിശ്വാസികളുടെ ശക്തി കാണിച്ച് പിന്നിലൂടെ സഭയുടെ ഹിഡൻ അജണ്ടകൾ നേടിയെടുക്കാൻ സർക്കാരിനുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ് പുതിയ നീക്കം.

ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും സഭാ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ആശങ്കകളുമായി രംഗത്ത് വരികയും ചെയ്തതിനു പിന്നാലെ ചർച്ച് ആക്ട് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ ചർച്ച് ആക്ട് നടപ്പിലാക്കാനുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽ സജീവമായി നടക്കുന്ന വിവരം പുറത്തുവന്നതോടെയാണ് സഭയും സമ്മർദ്ദ നീക്കങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

സഭയുടെ വിജയം ചർച്ച് ആക്ട് ആണെങ്കിലും ആ കാര്യം പറഞ്ഞു സമരത്തിനിറങ്ങാൻ വിശ്വാസികളെ കിട്ടില്ലെന്നതാണ് സഭയിലെ നിലവിലെ സ്ഥിതി. അതിനാലാണ് കർഷകരുടെ നീറുന്ന പ്രശ്നങ്ങൾ എന്നുപറഞ്ഞു മറ്റ് പല കാര്യങ്ങളും സമര കാരണങ്ങളായി തെരഞ്ഞെടുത്തത്.

publive-image

റബ്ബറിന് 78 രൂപ വരെ വില താഴ്ന്നപ്പോൾ കർഷകർ വിൽക്കുന്ന ഒരു കിലോ റബ്ബറിന് 72 രൂപ വരെ ഉമ്മൻചാണ്ടി സർക്കാർ സബ്സിഡിയായി നൽകിയിരുന്നു. ഒരു കാർഷിക ഉൽപ്പന്നത്തിന് ഇന്ത്യയിൽ തന്നെ ഒരു സർക്കാർ നൽകിയ ഏറ്റവും വലിയ ആനുകൂല്യമായിരുന്നു ഇത്.

എന്നിട്ടുപോലും അന്ന് ആ പദ്ധതിയെ പ്രശംസിക്കാനോ മുഖവിലയ്‌ക്കെടുക്കാനോ പല ബിഷപ്പുമാരും തയാറായില്ല. പകരം പിണറായി വിജയൻ അധികാരത്തിൽ വരണമെന്നാഗ്രഹിച്ച ചില ബിഷപ്പുമാർ റബ്ബർ വിലസ്ഥിരതാ ഫണ്ട് തട്ടിപ്പാണെന്ന് അരമനകൾ തോറും നടന്ന് പ്രചരിപ്പിക്കുകയായിരുന്നു.

ചില ബിഷപ്പുമാർ ഇത് ഏറ്റുപറഞ്ഞതറിഞ്ഞ അന്നത്തെ യു ഡി എഫ് നേതാക്കൾ ഈ ബിഷപ്പുമാരെ സന്ദർശിച്ച് സർക്കാർ പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം പണം ലഭിക്കാതെ പോയ ഒരു കർഷകന്റെയെങ്കിലും പേര് പറയാമോ എന്ന് ചോദിച്ചപ്പോൾ ബിഷപ്പുമാർക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

പിന്നീട് യു ഡി എഫ് മാറി ഇടതുപക്ഷം അധികാരത്തിലെത്തി കാരുണിഹ നിർത്തലാക്കി.

എം എൻ ഗോവിന്ദൻ നായരുടെ ലക്ഷംവീട് പദ്ധതിയ്ക്കും ടി വി തോമസിന്റെ ചെറുകിട വ്യവസായ വിപ്ലവത്തിനും ഇ ചന്ദ്രശേഖരൻ നായരുടെ മാവേലി സ്റ്റോർ പദ്ധതിയ്ക്കും ശേഷം കേരളം കണ്ട ഏറ്റവും ബൃഹത് പദ്ധതികളായിരുന്നു കാരുണ്യ ബെനഫിറ്റ് ഫണ്ടും റബ്ബർ വില സ്ഥിരതാ ഫണ്ടും.

റബ്ബർ വില സ്ഥിരതാ ഫണ്ടെന്ന പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല. കഴിഞ്ഞ മൂന്നര വര്ഷങ്ങളിലേറെയായി ഈ പടഹതിയുടെ പേരിൽ ഒരുരൂപ കർഷകന് ലഭിക്കാതെ വന്നപ്പോഴും ബിഷപ്പുമാർ ഒരക്ഷരം മിണ്ടിയില്ല, ഇടയലേഖനങ്ങളും ഇറങ്ങിയില്ല.

ഇതുവരെ സഭ എന്തുകൊണ്ട് മൗനം പാലിച്ചു എന്നത് വിശ്വാസികൾക്കിടയിൽ ഗൗരവതരമായ ചർച്ചകൾ നടന്ന വിഷയമാണ്. അതിനാൽ തന്നെ സഭാ നേതൃത്വത്തിന്റെ പുതിയ വേഷംകെട്ടിന് നിന്നുകൊടുക്കാൻ വിശ്വാസികളും ഒരുക്കമല്ല.

സഭ ഒട്ടനവധി ആന്തരിക പ്രതിസന്ധികൾ നേരിടുന്ന കാലഘട്ടമാണിത്. വൈദികർ ഒന്നിന് പിന്നാലെ ഒന്നായി പീഡന കേസുകളിൽ അകപ്പെടുന്നു, സഭയിലേക്ക് നക്സലുകൾ നുഴഞ്ഞുകയറുന്നു, നക്സൽ ബന്ധമുള്ള വൈദികർ പോലും ഉണ്ടെന്ന തരത്തിൽ സഭയ്ക്കുള്ളിൽ നിന്നുതന്നെ വിമർശനം ഉയരുന്നു.

ഈ സാഹചര്യത്തിൽ സഭ അതിനുള്ളിലെ ആത്മീയ നവീകരണത്തിന് നേതൃത്വം കൊടുക്കാതെ പകരം രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ട ജോലി ഏറ്റെടുത്ത് രംഗത് വരുന്നത് അപഹാസ്യമാണെന്ന വിമർശനം ശക്തമാണ്.

ബിഷപ്പുമാർ പോലും സഭയുടെ മുൻഗണന വിഷയങ്ങളുടെ പരിധിക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതോടെ സഭയിൽ വീണ്ടുമൊരു വള്ളോപ്പള്ളി പിതാവോ, സൂസപാക്യം തിരുമേനിയോ, കുന്നുകുളം പിതാവോ ഉണ്ടാകുന്നില്ലെന്നത് ഖേദകരമെന്ന സത്യം വിളിച്ചുപറയുന്നവരും ഏറെയാണ്.

Advertisment