എല്ലാ സ്ത്രീകളും ശബരിമലയ്ക്ക് പോകണ്ട: ശബരിമല വിഷയത്തില്‍ സമരത്തിനിറങ്ങിയ സിപിഎം വനിതാ പ്രവര്‍ത്തകര്‍ തുറന്നുപറഞ്ഞത് കേരളത്തിന്റെ പൊതുവികാരം. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കാന്‍ സമരത്തിനിറങ്ങിയ സിപിഎമ്മിനെ പൊളിച്ചടുക്കി മനോരമ ചാനല്‍

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Tuesday, October 9, 2018

പത്തനംതിട്ട:  ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സി പി എം മഹിളാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ അഭിപ്രായം പോലും സ്ത്രീകള്‍ ശബരിമലയിലേക്ക് പോകേണ്ടതില്ലന്ന്‍. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളോട് ലൈവായി ചോദ്യം ചോദിച്ച മനോരമ ന്യൂസ് റിപ്പോര്‍ട്ടറാണ് സമരത്തിന്റെ പൊള്ളത്തരം പൊളിച്ചടുക്കിയത്.

സമരത്തിന്റെ മുന്‍ നിരയിലിരുന്ന സ്ത്രീകള്‍ തന്നെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞതോടെ സമരത്തിന്റെ കാര്യം ജഗപൊകയായി. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കാന്‍ സി പി എം സമരപ്പന്തലില്‍ കൊണ്ടുവന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വ്യക്തമായി പറഞ്ഞത് എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം വേണ്ടെന്ന്‍.

മൂന്ന്‍ സ്ത്രീകളോട് മനോരമ റിപ്പോര്‍ട്ടര്‍മാര്‍ ഇതേ ചോദ്യം ചോദിച്ചപ്പോഴും അവര്‍ക്കൊന്നും ഒരു സംശയവും ബാക്കിയുണ്ടായില്ല – ശബരിമലയില്‍ സ്ത്രീകള്‍ പോകേണ്ട – അത്രതന്നെ !

പി കെ ശ്രീമതി എം പി ഉദ്ഘാടനം ചെയ്യുന്ന പത്തനംതിട്ട ടൗണില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ നിലപാട് മാത്രം മതി സി പി എമ്മിനും സര്‍ക്കാരിനും ശരിയായ നിലപാട് സ്വീകരിക്കാന്‍. പക്ഷേ, അതൊന്നും ഗൗനിക്കാതെ വീണ്ടും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി തുടരുന്നുവെന്നാണ് വിശ്വാസികളുടെ പക്ഷം.

×