ശബരിമല: പാര്‍ട്ടി അണികളിലും അനുഭാവികളിലും ആശയക്കുഴപ്പം. രാഷ്ടീയ വിശദീകരണങ്ങളുമായി ഇറങ്ങാന്‍ എല്‍ഡിഎഫിനെ നിര്‍ബന്ധിതരാക്കിയത് വോട്ടുചോര്‍ച്ച ഭയം ? 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 11, 2018

തിരുവനന്തപുരം:  ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി സി പി എം വിലയിരുത്തല്‍. പാര്‍ട്ടി അനുഭാവികളായ വിശ്വാസികളില്‍ പോലും സര്‍ക്കാര്‍ നിലപാട് കടുത്ത ആശയക്കുഴപ്പവും എതിര്‍പ്പും ഉളവാക്കിയതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തലങ്ങളില്‍ അടിയന്തിരമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ വിളിച്ച് കൂട്ടാന്‍ ഇടത് മുന്നണി തീരുമാനിച്ചിരിക്കുന്നത്.

സി പി ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാരുമായി കടുത്ത അഭിപ്രായ ഭിന്നതയാണുള്ളത്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ സി പി ഐ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസം 13 ന് തിരുവനന്തപുരത്ത് തുടങ്ങി 30 നകം എല്ലാ ജില്ലകളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് രാവിലെ ചര്‍ന്ന ഇടത് മുന്നണി യോഗത്തിന്റെ തീരുമാനം. പഞ്ചായത്ത് തലങ്ങളിലേക്കും രാഷ്ട്രീയ വിശദീകരണ യോഗം ചേരാന്‍ തീരുമാനമുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ശബരിമല വിഷയം വിശ്വാസ സമൂഹത്തില്‍ സര്‍ക്കാരിനെതിരായ തെറ്റിധാരണ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് നേതാക്കളുടെ ആഭിപ്രായം.

സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയത് ശരിയായില്ലെന്നാണ് മുന്നണി യോഗത്തിലുണ്ടായ വിമര്‍ശനം. ഇത് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്ന ധാരണ പടരാനിടയാക്കി.

ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന നിലയില്‍ വിശ്വാസികളുടെ പ്രശ്നത്തില്‍ ഇടപെടുമ്പോള്‍ ഉണ്ടാകേണ്ട ജാഗ്രത ഇക്കാര്യത്തിലുണ്ടായില്ലെന്നാണ് വിമര്‍ശനം. ഇതാണ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്ന ധാരണ പരത്തിയത്. ഇതോടെ പാര്‍ട്ടി അണികളിലും അനുഭാവികളിലും ശബരിമല പ്രശ്നം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഇത് പരിഹരിക്കുകയും പാര്‍ട്ടി അനുഭാവികള്‍ക്ക് വിശ്വാസ യോഗ്യമായ വിശദീകരണം ഉടന്‍ നല്‍കുകയുമാണ്‌ ഇടത് മുന്നണി ലക്‌ഷ്യം വയ്ക്കുന്നത്. എന്തായാലും ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കൈപൊള്ളിയിരിക്കുന്നു എന്ന് തന്നെയാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍ എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

×