Advertisment

സമൂഹ അടുക്കള പ്രസക്തമാകുമ്പോൾ

author-image
admin
Updated On
New Update

- ജി. പി. രാമചന്ദ്രന്‍

Advertisment

(കൊറോണക്കാലത്ത് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സമൂഹ അടുക്കള നിര്‍ബന്ധമായി തുടങ്ങി. 2013/14 കാലത്ത് സമൂഹ അടുക്കള എന്ന ആശയത്തെ സംബന്ധിച്ച് ജി പി എഴുതിയ ലേഖനം. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം, ആലപ്പുഴയിലും മറ്റും 'വിശക്കുന്നവര്‍ക്ക് കഴിക്കാം, പണമുള്ളവര്‍ മാത്രം കൊടുക്കുക' എന്ന രീതിയിലുള്ള ചില ഹോട്ടലുകള്‍ തുടങ്ങിയിട്ടുണ്ട്. സമൂഹ അടുക്കള സജീവ ചർച്ചയാകുമ്പോൾ ഈ ലേഖനത്തിന്റെ പ്രസക്തി ചെറുതല്ല)

കേരള സമൂഹത്തിലെ സാംസ്‌ക്കാരികവും ലിംഗപരവും സാമ്പത്തികവും പാരിസ്ഥിതികവും ആരോഗ്യപരവും മറ്റുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരളവു വരെ പരിഹാരം കാണാന്‍ കഴിയുന്ന ഒരു പരീക്ഷണമായിരിക്കും സമൂഹ അടുക്കളയുടേത്.

ലളിതമായി പറഞ്ഞാല്‍; ഓരോ കുടുംബവും അവരവര്‍ക്കാവശ്യമുള്ള ഭക്ഷണം അവരവരുടെ വീടുകളിലെ അടുക്കളയില്‍ പാകം ചെയ്യുന്ന ഇപ്പോഴത്തെ രീതിക്കു പകരം, പ്രാദേശികമായി രൂപീകരിക്കുന്ന സമൂഹ അടുക്കളയില്‍ അതാത് പ്രാദേശിക സമൂഹത്തിനാവശ്യമുള്ള ഭക്ഷണം പാകം ചെയ്യുകയും ആവശ്യമുള്ളതു പോലെ വിതരണം ചെയ്ത് ഭക്ഷിക്കുകയും ചെയ്യുന്ന രീതിയെയാണ് സമൂഹ അടുക്കള എന്ന് വിഭാവനം ചെയ്യുന്നത്.

ഈ സമൂഹ അടുക്കളയിലേക്കാവശ്യമുള്ള വിഭവങ്ങള്‍ സംഭാവനയായി പിരിച്ചെടുക്കുകയോ, പങ്കെടുക്കുന്ന അംഗ കുടുംബങ്ങളില്‍ നിന്ന് ശേഖരിക്കുകയോ ചെയ്യാവുന്നതാണ്.

നിര്‍ബന്ധത്തിന്റെ അംശം ഒട്ടുമില്ലാതിരിക്കുന്നതാണ് നല്ലത്. പാചകം ചെയ്യുന്ന പ്രവൃത്തി സേവനമായി ചെയ്യുകയോ, കൂലി കൊടുത്ത് ചെയ്യിക്കുകയോ ആവാം. പൊതുവായി അതാത് പ്രദേശത്തുള്ള രുചികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം, മറ്റു നാടുകളിലെ രുചികളും പരീക്ഷിക്കാവുന്നതാണ്.

ഇക്കാലത്ത്, ചാനലുകളില്‍ നിരന്തരമായി കാണിക്കുന്ന പാചക റിയാലിറ്റി ഷോകളില്‍ നിന്നും പരീക്ഷണങ്ങളാവാം. ഇത്തരം സമൂഹ അടുക്കളകളുടെ മെച്ചങ്ങളെന്തൊക്കെയെന്നു പരിശോധിക്കാം.

സാമ്പത്തികമായ വന്‍ ലാഭമാണ് പ്രധാനപ്പെട്ട ഒരു ഗുണം. എല്ലാ വീടുകളിലും ആവശ്യത്തിനും അനാവശ്യത്തിനും ശേഖരിക്കുന്ന ഭക്ഷണാവശ്യാര്‍ത്ഥമുള്ള പലചരക്കിന്റെയും പച്ചക്കറിയുടെയും മാംസം, മീന്‍ എന്നിവയുടെയും അളവില്‍ ഗണ്യമായ കുറവു വരുന്നതാണ്.

കൂട്ടമായി പ്ലാന്‍ ചെയ്ത് വാങ്ങുകയോ ശേഖരിക്കുകയോ ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ വലിയ ലാഭം തന്നെ ഉണ്ടാവുന്നതാണ്. മാത്രമല്ല, ആ പ്രദേശത്ത് ആരും തന്നെ പട്ടിണി കിടക്കുന്നില്ല എന്ന് ഈ സംവിധാനത്തിലൂടെ ഉറപ്പു വരുത്താന്‍ കഴിയുന്നു.

കൂട്ടമായി ഭക്ഷണം പാകം ചെയ്യുമ്പോള്‍, പണം സംഭാവന ചെയ്യാന്‍ കഴിയാത്തവര്‍ക്കും മറ്റും വേണ്ട ഭക്ഷണം കൊടുക്കുന്നത് ഒരു ഭാരമേ ആവില്ല. ഓരോ കുടുംബത്തിന്റെയും ബഡ്ജറ്റിലും സമൂഹ അടുക്കളയിലെ പങ്കാളിത്തത്തോടെ, വന്‍ കുറവ് വരുന്നതാണ്.

സമൂഹ അടുക്കളകള്‍ സുസ്ഥിരമായിക്കഴിഞ്ഞാല്‍, പിന്നീട് ആ പ്രദേശത്ത് പണി കഴിപ്പിക്കുന്ന വീടുകളില്‍ അടുക്കളകള്‍ പണിയേണ്ടി വരില്ല. വീടുകള്‍ക്കായുള്ള കെട്ടിട നിര്‍മാണച്ചെലവില്‍ ഇതു മൂലം വന്‍ ലാഭമുണ്ടാവുന്നു. ഫ്രിഡ്ജ്, ഓവന്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളും എല്ലാ വീട്ടിലും വേണ്ടതില്ല. ഗ്യാസ്, വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകളും ഗണ്യമായി കുറയുന്നതാണ്.

സ്ത്രീകളെ അടുക്കളയില്‍ നിന്ന് മോചിപ്പിക്കുക എന്ന സ്ത്രീവാദ ആശയത്തെ കൂടുതല്‍ വിപുലമാക്കി, കുടുംബത്തെ തന്നെ അടുക്കളയില്‍ നിന്ന് മോചിപ്പിക്കുക എന്ന ആശയം പ്രചാരത്തിലാവുന്നു. കുടുംബത്തിലെല്ലാവരുടെയും സമയവും പ്രയത്‌നവും കൂടുതല്‍ സര്‍ഗാത്മകമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.

കുടുംബം ഒന്നാകെ അടുക്കളയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതോടെ, അടുക്കള അടിമ എന്ന കീഴാള സ്ഥാനത്തു നിന്ന് സ്ത്രീക്ക് മോചനം ലഭിക്കുകയും സ്ത്രീ പുരുഷ തുല്യത ഒരളവു വരെ സ്ഥാപിതമാകുകയും ചെയ്യുന്നു.

എന്നാല്‍, പാചകത്തിലുള്ള താല്‍പര്യമോ മികവോ ആരും ഉപേക്ഷിക്കേണ്ടതുമില്ല. സമൂഹ അടുക്കളയില്‍ സേവനം ചെയ്‌തോ പ്രതിഫലത്തിന് പണിയെടുത്തോ പാചകകലയില്‍ തുടരാവുന്നതുമാണ്. ഇക്കാര്യത്തിലും സ്ത്രീക്കും പുരുഷനും തുല്യരീതിയിലാണ് അവസരം.

കേരളത്തെ ഇന്ന് ഭീമാകാരമായി ബാധിച്ചിരിക്കുന്ന മാലിന്യ പ്രശ്‌നത്തില്‍ നിന്ന് വലിയൊരളവുവരെ മോചനം നേടാനും സമൂഹ അടുക്കള ഉപകരിക്കുന്നതാണ്. വീടുവീടാന്തരം ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുന്നതിനാണ് പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കപ്പെടുന്നത്.

ഒരു കിലോ ആട്ട വീട്ടിലേക്ക് വാങ്ങി എന്നു കരുതുക. ആദ്യം നേരിയ ഒരു പ്ലാസ്റ്റിക് കവറിലും അതിനു പുറത്ത് ബ്രാന്റിന്റെ പേരും വിവരണങ്ങളുമടങ്ങിയ കട്ടിയുള്ള പ്ലാസ്റ്റിക് കവറും പിന്നീട് അതിടാന്‍ നിരോധിക്കപ്പെട്ട ഒരു പ്ലാസ്റ്റിക് കിറ്റും, അങ്ങിനെ മൂന്നു തരത്തിലുള്ള പ്ലാസ്റ്റിക്കുറകളാണ് മാലിന്യമായി കളയാനുണ്ടാവുക.

എന്നാല്‍, നാല്‍പതോ അമ്പതോ വീടുകളുടെ ഒരു സമുച്ചയത്തില്‍ രൂപീകൃതമാകുന്ന സമൂഹ അടുക്കളയിലേക്ക് ആട്ടയുടെ അമ്പതു കിലോയുടെ ഒരു ചാക്ക് വാങ്ങിയാല്‍ എത്ര കുറവ് മാലിന്യമേ ഉണ്ടാവൂ എന്ന് നേരില്‍ തന്നെ അറിയാന്‍ കഴിയും.

ഇങ്ങനെ ഓരോ കാര്യത്തിലുമായാല്‍, വന്‍ തോതില്‍ മാലിന്യം കുറയുക എന്ന ആഹ്ലാദകരമായ ഫലമാണുണ്ടാകാന്‍ പോകുന്നത്. മാത്രമോ, പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കാതെ കളയുമ്പോഴുണ്ടാവുന്ന മാലിന്യത്തിലും ഗണ്യമായ കുറവുണ്ടാകുന്നു.

സമൂഹ അടുക്കളയോടനുബന്ധിച്ച് സമൂഹ മാലിന്യ നിര്‍മാര്‍ജന സംവിധാനം കൂടി പ്രാബല്യപ്പെടുത്തിയാല്‍, ഒളിവില്‍ സഞ്ചിയിലാക്കി മാലിന്യം കളയുന്ന ഗതികേടും വൃത്തികേടും ഒഴിവാക്കുകയും ചെയ്യാം.

വീടുകളില്‍ പാകം ചെയ്യുമ്പോള്‍, പലപ്പോഴും ഭക്ഷ്യവസ്തുക്കള്‍ അധികം വരുക പതിവാണ്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ചൂടാക്കി ഉപയോഗിക്കുന്ന പ്രകൃതി വിരുദ്ധ അഭ്യാസം എല്ലാ വീട്ടിലും പതിവാണ്.

ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്ന വീടുകളിലാകട്ടെ, ആഴ്ചയിലൊരിക്കല്‍ കറികള്‍ പാകം ചെയ്ത് സൂക്ഷിച്ച് അതാത് ദിവസം ചൂടാക്കി ഉപയോഗിക്കുന്ന രീതികളുമുണ്ട്. ഇതെല്ലാം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നല്ല, ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് തുറന്ന സത്യമാണ്.

സമൂഹ അടുക്കള എന്നത് തുറന്നതും സുതാര്യവുമായ രീതിയായതുകൊണ്ട് അവിടത്തെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം കൂട്ടായി ഉറപ്പു വരുത്താന്‍ കഴിയുന്നു. ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ജോലി ചെയ്യുന്നവരുടെയോ മറ്റോ സഹായം തേടാവുന്നതുമാണ്.

വീടുകളില്‍ പ്രായമായ അച്ഛനമ്മമാരെ ഒറ്റക്കാക്കി, ലോകത്തിന്റെ വിവിധ കോണുകളില്‍ ജോലിക്കു പോകേണ്ടി വരുന്ന നിര്‍ഭാഗ്യവാന്മാരെക്കുറിച്ചും നിര്‍ഭാഗ്യവതികളെക്കുറിച്ചുമുള്ള കുറ്റാരോപണങ്ങള്‍ നിരവധിയായി നാം ആഖ്യാനം ചെയ്തു കഴിഞ്ഞു. ഈ പ്രശ്‌നത്തിനും സമൂഹ അടുക്കള ഒരു പരിഹാരമാണ്.

ഒരു പ്രദേശത്തെ പ്രായമായവര്‍ക്കൊക്കെയുമുള്ള ഭക്ഷണം, സമൂഹ അടുക്കളയില്‍ നിന്ന് എളുപ്പത്തില്‍ കൊടുക്കാവുന്നതേ ഉള്ളൂ. ഈ സംവിധാനം നിലവില്‍ വരുകയാണെങ്കില്‍, അതി ധനികരായ പല പ്രവാസികളും തങ്ങളുടെ മാതാപിതാക്കള്‍ താമസിക്കുന്ന പ്രദേശത്തെ സമൂഹ അടുക്കളയുടെ മുഴുവന്‍ ചിലവും വഹിക്കാന്‍ വരെ തയ്യാറായേക്കും.

സ്‌കൂളുകളില്‍ നിന്ന് തിരിച്ചുവരുന്ന കുട്ടികളെ കാത്ത് വീടുകളില്‍ കാത്തിരിക്കാന്‍ നിര്‍വാഹമില്ലാത്ത ഉദ്യോഗസ്ഥ ദമ്പതികള്‍ക്കും സമൂഹ അടുക്കള വലിയ ആശ്വാസമായിരിക്കും.

അതായത്, ഒരു പ്രദേശത്തെ സമൂഹ അടുക്കള അതാത് പ്രദേശത്തെ വൃദ്ധ സദനത്തിന്റെയും ശിശു പരിപാലന കേന്ദ്രത്തിന്റെയും ധര്‍മങ്ങള്‍ കൂടി നിര്‍വഹിക്കുമെന്നര്‍ത്ഥം.

ജാതി മത വിഭജനങ്ങളെയും നല്ലൊരളവുവരെ സമൂഹ അടുക്കളക്ക് മറികടക്കാനാവും. പ്രാദേശികമായി രൂപപ്പെടുന്നതു കൊണ്ട്, കേരളം പോലെ വ്യത്യസ്ത ജാതി മതക്കാര്‍ ഇട കലര്‍ന്ന് താമസിക്കുന്നതിനാല്‍, എല്ലാവരും തമ്മിലുള്ള ഐക്യവും ഒരുമാബോധവും സമത്വ ചിന്തയും വര്‍ദ്ധിക്കും.

അയല്‍ക്കാര്‍ തമ്മിലുള്ള വസ്തു തര്‍ക്കങ്ങള്‍, വഴിത്തര്‍ക്കങ്ങള്‍ എന്നിവയും ഈ അടുക്കളയിലൂടെ പരിഹരിക്കാവുന്നതാണ്. തരിശിടുന്ന സ്ഥലങ്ങള്‍ കൃഷിഭൂമിയായി വീണ്ടെടുക്കാനും അവിടെ ധാന്യങ്ങളും പച്ചക്കറിയും പൊതു ഉടമസ്ഥതയിലും സേവനത്തിലും കൃഷി ചെയ്ത് വിളവെടുക്കാനും സാധിക്കുകയാണെങ്കില്‍ ആ വിഭവങ്ങളും സമൂഹ അടുക്കളക്ക് ഉപകാരമാവും.

സമൂഹ അടുക്കള എന്നത് പുതിയ ഒരാശയമല്ല. അമേരിക്കയിലെ സാള്‍ട് ലേക് നഗരത്തില്‍ വണ്‍ വേള്‍ഡ് എവരിബഡി ഈറ്റ്‌സ് - ഒറ്റ ലോകം എല്ലാവരും ഭക്ഷിക്കുന്നു - എ കഫേ, സമൂഹ അടുക്കള എന്ന ആശയത്തില്‍ കെട്ടിയുണ്ടാക്കിയതാണ്.

ഒരു കൈ സഹായിക്കൂ, ഒരു കൈയും ഒഴിവാക്കരുത് - എ ഹാന്റ് അപ്, നോട്ട് എ ഹാന്റ് ഔട്ട് - എന്നാണ് ഈ അടുക്കളയുടെ നിലപാട്. നിങ്ങള്‍ക്ക് കഴിയാവുന്നത്ര പണം മാത്രമേ ഭക്ഷണം കഴിക്കുന്നവര്‍ കൊടുക്കേണ്ടതുള്ളൂ.

അതേ സമയം ഒരാള്‍ക്കോ ഒരു കുടുംബത്തിനോ എന്തു കൊടുക്കാന്‍ കഴിയുമെന്നു പരിഗണിക്കാതെ തന്നെ അവര്‍ക്കാവശ്യമുള്ള ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. സേവന തല്‍പരരായ ആളുകളുടെ പരിശ്രമഫലമായാണ് കഫേ പ്രവര്‍ത്തിക്കുന്നത്.

ഉയര്‍ന്ന നിലവാരമുള്ളതും ജൈവികവും ലളിതവുമായ ഭക്ഷണമാണ് അവിടെ ലഭിക്കുന്നത്. നോ മെനു, നോ പ്രൈസസ് എ്ന്ന രീതിയും നടപ്പിലാക്കിയിരിക്കുന്നു. അതായത്, എന്താണോ ലഭ്യമാവുക അതെല്ലാവര്‍ക്കും ലഭിക്കും; ഓരോന്നിനും നിശ്ചിതമായ വില കല്‍പിച്ചിട്ടുമില്ല.

വിലയായി പണം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ശ്രമദാനവും നിര്‍വഹിക്കാം. പാചകം ചെയ്യുക, പാത്രം കഴുകുക, തോട്ടത്തില്‍ പണിയെടുക്കുക തുടങ്ങിയ പണികളൊക്കെ സമയവും കായിക ശേഷിയുമുള്ളവര്‍ക്ക് ചെയ്യാവുന്നതാണ്.

നിങ്ങള്‍ കഴിച്ച ഭക്ഷണത്തിനനുസൃതമായതിനേക്കാള്‍ ജോലി ചെയ്താല്‍ മീല്‍സ് കൂപ്പണുകളും ലഭിക്കും. ഇവ പിന്നീടുപയോഗിക്കുകയോ, മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയോ ചെയ്യാം. കൃത്രിമത്വമില്ലാതെ കൃഷി ചെയ്തുണ്ടാക്കുന്ന ഫലമൂലാദികള്‍ സംഭാവന ചെയ്യുന്നവര്‍ക്കും സ്വാഗതം.

സസ്യ, സസ്യേതര വിഭവങ്ങള്‍ ഇട കലര്‍ന്ന പാചകമാണ് ഇവിടെയുള്ളത്. കാളനാവാമെങ്കില്‍ കാളയുമാവാമെന്നു ചുരുക്കം. വീട്ടു ഭക്ഷ്യ വസ്തുക്കളാണ് ഹോട്ടല്‍ ഭക്ഷണമെന്നതിനേക്കാള്‍ ഇവിടെ കൂടുതലുണ്ടാക്കുന്നത്.

റൊട്ടി, സൂപ്പ്, സാലഡ്, ജൈവ കോഫിയും ചായയും, ഡെസര്‍ട്, ധാന്യങ്ങള്‍, പരിപ്പ്, ചോറ് എന്നിവയൊക്കെയാണ് സാധാരണം. കഴിയുന്നതും അതാത് പ്രദേശത്തുള്ള ലഭ്യതക്കനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.

2003ല്‍ ഡെനിസ് സെറെറ്റയാണ് കഫേ ആരംഭിച്ചത്. ഓഹ്യോ സ്റ്റേറ്റ് സര്‍വകാലാശാലയില്‍ നിന്ന് ബിരുദമെടുത്ത ഡെനിസ് ഇന്റര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് മെഡിസിനില്‍ നിന്നും ഡിപ്ലോമ പാസായിട്ടുണ്ട്. ഇപ്പോള്‍ കഫേ വലുതായി, വണ്‍ വേള്‍ഡ് എവരിബഡി ഈറ്റ്‌സ് എന്ന ഫൗണ്ടേഷന്‍ തന്നെ നിലവില്‍ വന്നു കഴിഞ്ഞു.

മറ്റു നാലു പേര്‍ക്കു പുറമെ ഗ്രീസിലെ തെസലോനിക്കിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മറിയാനാ ബോയനൈഡ്‌സും ബോര്‍ഡിലംഗമാണ്. മിഷിഗന്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി പരീക്ഷക കൂടിയായ മറിയാനാ യൂറോപ്പു മുഴുവനും വണ്‍ വേള്‍ഡ് എവരിബഡി ഈറ്റ്‌സ് എന്ന സങ്കല്‍പം പ്രചരിപ്പിക്കുകയാണ്.

വണ്‍ വേള്‍ഡ് എവരിബഡി ഈറ്റ്‌സ് എന്ന പേരില്‍ ആലീസ് എലിയറ്റ് സംവിധാനം ചെയ്ത ഡോക്കുമെന്ററി ഡെനിസിന്റെ കഫേയുടെ ചരിത്രവും വര്‍ത്തമാനവും വിവരിക്കുന്നു.

കഫേയിലെ വെള്ളക്കരം സ്ഥിരമായി ഒരാളടക്കുന്നു. മറ്റൊരാള്‍, കാലേക്കര്‍ പച്ചക്കറി തോട്ടം കഫേക്കായി സംഭാവന ചെയ്തിരിക്കുന്നു. മറ്റു ചിലര്‍ സ്ഥിരമായി പാത്രം കഴുകുന്നു; വേറെ ചിലരാകട്ടെ, ഉപകരണങ്ങള്‍ നേരെയാക്കി കൊടുക്കുന്നു. കഫേക്കായി കെട്ടിടം വിട്ടുകൊടുത്തിട്ടുള്ള കെട്ടിടമുടമ, ഡെനിസിനിഷ്ടമുള്ള വാടക നിശ്ചയിച്ച് തരാമെന്നാണ് പറഞ്ഞിട്ടുള്ളത്.

വിലയിടാതെ ഭക്ഷണം വിതരണം ചെയ്യുന്ന ഒരു കഫേ നിലനില്‍ക്കില്ല എന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധരുടെയും വിപണി പണ്ഡിറ്റുകളുടെയും വ്യാഖ്യാനം. എന്നാലത് ശരിയല്ലെന്ന് കഴിഞ്ഞ ഒമ്പതു കൊല്ലമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

http://www.oneworldeverybodyeatsfoundation.org/ എന്നതാണ് ഫൗണ്ടേഷന്റെ വെബ് വിലാസം. ഓഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെ എച്ച് ജി പാര്‍സ ഇതു സംബന്ധിച്ച ഗവേഷണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൊളറാഡോയിലെ ഡെന്‍വറില്‍ 2006 ലാരംഭിച്ച സേം കഫേ (സോ ഓള്‍ മേ ഈറ്റ്), 2008 ലാരംഭിച്ച വണ്‍ വേള്‍ഡ് സ്‌പൊക്കേന്‍ എന്ന സംഘടന, 2009ല്‍ ന്യൂജഴ്‌സിയിലെ ഹൈലാന്റ് പാര്‍ക്കില്‍ ആരംഭിച്ച എ ബെറ്റര്‍ വേള്‍ഡ് കഫേ, എന്നിവ സമാന മാതൃകയിലുള്ളതാണ്.

2010 മുതല്‍, owee ഫൗണ്ടേഷന്‍ ജനുവരി മാസത്തില്‍ വാര്‍ഷിക സമ്മേളനവും വിളിക്കാനാരംഭിച്ചിട്ടുണ്ട്. 2014ലെ സമ്മേളനം, ടെക്‌സാസിലെ ഓസ്റ്റിന്‍ നഗരത്തിലായിരുന്നു.

വ്യക്തിപരവും സാമൂഹികവുമായ പല തകരാറുകളെയും മറി കടക്കാന്‍ ഭക്ഷണ പാചക-വിതരണ രീതിയില്‍ സ്വീകരിക്കുന്ന ഈ നൂതനത കൊണ്ട് കഴിയുമെന്നാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ വാദിക്കുന്നത്. കഫേയിലെ ജോലിക്കാര്‍ക്ക് മികച്ച വേതനവും ലഭ്യമാക്കിയിട്ടുണ്ട്.

സാധാരണ ഹോട്ടലുകളില്‍ ജോലിക്കാരുടെ വേതനം അത്ര മികച്ചതല്ലെന്നോര്‍ക്കുക. ഉപഭോക്താവിന്റെ ഭിക്ഷയായ ടിപ്പിനു വേണ്ടി അവര്‍ കാത്തു നില്‍ക്കുന്നത് ലോകം മുഴുവനുമുള്ള കാഴ്ചയാണല്ലോ! വിശപ്പിന്റെ ലോകത്തിന് വിരാമമിടുക എന്നതാണ് ഫൗണ്ടേഷന്റെ ആത്യന്തിക ലക്ഷ്യം.

ഭക്ഷ്യ സുരക്ഷ, സമൂഹ വത്ക്കരണം, ഭക്ഷ്യ വിഭവങ്ങളുടെ കൈകാര്യം എന്നീ മേഖലകളില്‍ അതീവ ശ്രദ്ധേയമായ സംഭാവനകളാണ് ഇത്തരം കൂട്ടായ്മകള്‍ക്ക് നല്‍കാനാവുക. സ്പിരിറ്റ് ഇന്‍ ബിസിനസ് - ഗൈഡ് ഫോര്‍ സ്റ്റാര്‍ടിംഗ് എന്ന കമ്യൂണിറ്റി കഫേ എന്ന ഗൈഡ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വായിക്കാവുന്നതാണ്.

കേരളത്തിലും മറ്റും നടക്കാറുള്ള സമൂഹ നോമ്പുതുറ, പൂരങ്ങളിലും പള്ളിപ്പെരുന്നാളുകളിലും നേര്‍ച്ചകളിലും പതിവുള്ള സൗജന്യ ശാപ്പാട് എന്നിവയെല്ലാം സമൂഹ അടുക്കളയുടെ പ്രാരംഭമായി കരുതാവുന്നതുമാണ്.

ഇവയെല്ലാം അതാത് മത സമുദായങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍, അവക്ക് അവയുടേതായ പരിമിതികളുണ്ട്. അവയെ, മതനിരപേക്ഷ സമൂഹ അടുക്കളയിലൂടെ വേണം മറി കടക്കാന്‍.

കേരളത്തെ സംബന്ധിച്ചിടത്തോളവും ഈ ആശയം തികച്ചും നൂതനമാണെന്ന് കരുതേണ്ടതില്ല. അയല്‍കൂട്ടം എന്ന ആശയവുമായി ജീവിതം മുഴുവനും നിലകൊണ്ട ഡി പങ്കജാക്ഷക്കുറുപ്പ് ഇക്കാര്യത്തില്‍ നമുക്ക് മുമ്പേ നടന്ന ആളാണ്.

1923ല്‍ ജനിച്ച് 2004ല്‍ മരിക്കുന്നതുവരെയും അയല്‍കൂട്ടം എന്ന ആശയം പ്രായോഗികവത്ക്കരിക്കുന്നതിനു വേണ്ടി അശ്രാന്തമായി പരിശ്രമിച്ച അദ്ദേഹത്തിന്റെ ദര്‍ശനം ഇപ്രകാരമായിരുന്നു.

'വളരെ ലളിതവും സ്വാഭാവികവും സത്യസന്ധവും ആണ് ദര്‍ശനം കാണുന്ന പോംവഴി. നാം പരസ്പരം ഉണ്ട് എന്നുറപ്പാക്കുക. നിത്യേന കാണുന്നവരുമായി ഉള്ളു തുറന്ന് അടുത്തു പെരുമാറുക. അകലാതിരിക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുക.

മനുഷ്യന്‍ അന്യോന്യം നല്ല വ്യക്തിബന്ധത്തില്‍ നിന്ന് ചെറു വൃത്തങ്ങളായി കൂടി ആലോചിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം സ്വസ്ഥമാവും. പ്രശ്‌നങ്ങള്‍ അന്നും ഉണ്ടാവും. അതതു സമൂഹങ്ങളില്‍ അവ പരിഹരിക്കപ്പെട്ടുകൊള്ളും. പ്രാദേശികാടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഓരോ ചെറു സമൂഹവും പരസ്പരം ബന്ധപ്പെട്ട് വിശ്വസമൂഹമായിക്കൊള്ളും.'

Advertisment