തുലാഭാരത്തട്ട് പൊട്ടിവീണ സംഭവം: രാജ്യം വിശ്വപൗരനെന്നു വിശേഷിപ്പിക്കുന്ന ശശി തരൂര്‍ രക്ഷപെട്ടത് തലനാരിഴയ്ക്കെന്നു റിപ്പോര്‍ട്ട്. ഇരുമ്പുപട്ട തലയില്‍ പതിച്ചത് മില്ലീമീറ്റര്‍ മാറിയായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്നത് വന്‍ ദുരന്തമെന്ന് വിലയിരുത്തല്‍. തരൂരിന്റെ പരാതിയില്‍ അന്വേഷണം തുടരും. വോട്ടെടുപ്പ് കഴിഞ്ഞാല്‍ തരൂരിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കും  

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 19, 2019

തിരുവനന്തപുരം:  തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി താഴെ വീണ സംഭവത്തില്‍ ശശി തരൂര്‍ രക്ഷപെട്ടത് തലനാരിഴയ്ക്കെന്നു പോലീസ് വിലയിരുത്തല്‍. ജീവഹാനിക്ക് വരെ കാരണമാകാമായിരുന്ന അപകടത്തില്‍ നിന്നും രാജ്യം വിശ്വപൗരനെന്ന്‍ വിശേഷിപ്പിക്കുന്ന ശശി തരൂര്‍ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപെടുകയായിരുന്നെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. സംഭവത്തില്‍ തരൂരിന്റെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അപകടത്തില്‍ രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായ പരിക്കുകളാണ് ശശി തരൂരിന് സംഭവിച്ചത്. തലയോട്ടിയുടെ മുമ്പിലും പിമ്പിലുമായി ചെറുതും വലുതുമായി 11 തുന്നിക്കെട്ടുകളാണ് ഉള്ളത്.

തുലാഭാരതട്ടിന്റെ കൊളുത്ത് ഇളകിമാറി ഇരുമ്പുപട്ട ത്രാസിലിരിക്കുകയായിരുന്ന ശശി തരൂരിന്റെ നേരെ തലയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ത്രാസിന്റെ കൂര്‍ത്ത മുന ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് തരൂരിന്റെ തലയിലേക്ക് പതിച്ചത്. ശക്തമായ പ്രഹരമുണ്ടായാല്‍ ജീവഹാനി വരെ സംഭവിക്കാവുന്ന നിരവധി ഭാഗങ്ങളാണ് മനുഷ്യ ശരീരത്തിന്റെ കഴുത്തിന് മുകള്‍ ഭാഗത്തുള്ളത്.

അത്തരം ഭാഗങ്ങളോട് ചേര്‍ന്ന് തന്നെയായിരുന്നു തരൂരിന് തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായത്. ഇത് മില്ലിമീറ്റര്‍ വ്യത്യാസത്തില്‍ മാറിയാണ് വീണതെങ്കില്‍ വലിയ അത്യാഹിതമായിരുന്നു സംഭവിക്കുകയെന്നാണ് നിഗമനം.

ഐക്യരാഷ്ട്രസഭയിലേക്ക് മത്സരിക്കാന്‍ പരിഗണിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പൌരനും യു എന്‍ മുന്‍ അണ്ടര്‍ സെക്രട്ടറിയും എഴുത്തുകാരനും എന്ന നിലയില്‍ തരൂര്‍ വിശ്വപൗരനായാണ്‌ അറിയപ്പെടുന്നത്. രാഷ്ട്രീയത്തിന് അപ്പുറമായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളിലെ പ്രമുഖര്‍ പോലും പ്രധാന വിഷയങ്ങളില്‍ അഭിപ്രായം തേടുന്ന വ്യക്തിത്വമാണ് ശശി തരൂര്‍. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉള്‍പ്പെടെയുള്ളവര്‍ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും ശശി തരൂരിന്റെ അഭിപ്രായങ്ങള്‍ക്കാണ് വില കല്‍പ്പിക്കുന്നത്.

ഇത്തവണ തിരുവനന്തപുരത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്‌താല്‍ സുപ്രധാന വകുപ്പില്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാകുമെന്നുറപ്പുള്ള നേതാവാണ്‌ ശശി തരൂര്‍. മാത്രമല്ല, ഒരു മന്ത്രി എന്നതിനപ്പുറം കേന്ദ്ര സര്‍ക്കാരില്‍ പ്രധാന ഉപദേശകന്റെ റോളിലും തരൂര്‍ ഉണ്ടായേക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിയുകയും ചൊവ്വാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയാകുകയും ചെയ്‌താല്‍ തരൂരിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നതിന് വിലക്കുണ്ടെങ്കിലും അത് വകവയ്ക്കാതെ തരൂര്‍ ഇപ്പോള്‍ പ്രചരണ രംഗത്ത് സജീവമാണ്.

×