കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങി വീട്ടില്‍ പോകാതെ വരനും വധുവും നേരെ പോയത് നാട്ടുകാരിയ്ക്ക് രക്തം നല്‍കാന്‍. അമ്പരന്ന് ആശുപത്രി അധികൃതരും പരിഭ്രാന്തരായി നാട്ടുകാരും. ഒടുവില്‍ ഇരുവര്‍ക്കും ലൈക്കടിച്ച് ബന്ധുക്കള്‍ !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, August 31, 2018

കോഴിക്കോട്:  കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങിയപ്പോള്‍ വരന്‍ കേട്ട വാര്‍ത്ത നാട്ടുകാരിയായ പെണ്‍കുട്ടിക്ക് ബി പോസിറ്റീവ് രക്തം ആവശ്യമുണ്ടെന്നായിരുന്നു.  കാരശ്ശേരി സര്‍ക്കാര്‍ പറമ്പ് സ്വദേശിയായ വരന്‍ ഷില്‍ജുവും ഒട്ടും മടിച്ചില്ല, ഭാര്യ രേശ്മയോട് വിവരം പറഞ്ഞു – തന്റെ രക്തം ബി പോസിറ്റീവ് ആണ്. ഉടന്‍  നമുക്ക് ആ കുട്ടിയ്ക്ക് രക്തം കൊടുക്കണം. രേശ്മയ്ക്കും സമ്മതം.

ഉടന്‍ നവ വരനും  വധുവു൦ അധികമാരോടും പറയാതെ കെ എം സി ടി മെഡിക്കല്‍ കൊളേജിലേക്ക് തിരിച്ചു. രക്തം ദാനം നല്‍കി. അപ്പോഴേയ്ക്കും വിവാഹം കഴിഞ്ഞ് നവവധൂവരന്മാരെയുമായി വീട്ടിലേക്ക് പോകാന്‍ കാത്തുനിന്ന ബന്ധുക്കള്‍ പലരും വരനെയും വധുവിനെയും കാണാതെ പരിഭ്രാന്തിയിലായിരുന്നു. പിന്നെ ഷില്‍ജുവിന്റെ പ്രവര്‍ത്തി അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും അഭിനന്ദനവുമായി എത്തി.

ഇതിനിടെ വിവാഹ പന്തലില്‍ നിന്ന് നവവരനും വധുവും നേരെ ആശുപത്രിയിലേക്ക് വരുന്നത് കണ്ട് ആശുപത്രി അധികൃതരും ആദ്യം അമ്പരന്നു. പിന്നെയാണ് അറിയുന്നത് അവിടെ ചികിത്സയിലുള്ള കാരശ്ശേരി കക്കാട് സ്വദേശിനിയായ 21 കാരിയ്ക്ക് രക്തം കൊടുക്കാനാണ് ഇവരുടെ വരവെന്ന്. അതോടെ ആശുപത്രി ജീവനക്കാര്‍ക്കും കൗതുകമായി.

വരന്റെയും വധുവിന്റെയും ‘തിരക്ക്’ മനസിലാക്കി ഉടന്‍ രക്തം എടുത്ത് ഇരുവര്‍ക്കും ആശംസകള്‍ കൂടി നേര്ന്നാണ് ആശുപത്രി അധികൃതരും ഇവരെ യാത്രയാക്കിയത്.

×