എറണാകുളം കരയോഗം കൈത്താങ്ങായി. സുബാഷിനും രുഗ്മയ്ക്കും മംഗല്യ സൗഭാഗ്യം

സുഭാഷ് ടി ആര്‍
Thursday, August 30, 2018

കൊച്ചി:  കടുത്ത വെള്ളപ്പൊക്കത്തില്‍ ദുരന്തം അനുഭവിച്ച സുബാഷിനും രുഗ്മയ്ക്കും നിശ്ചയിച്ച ദിനത്തില്‍ തന്നെ എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തില്‍ മംഗല്യ സൗഭാഗ്യം സിദ്ധിച്ചു. പറവൂര്‍ വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തിലെ സുബാഷ് കെ ബി, എറണാകുളം നെട്ടൂര്‍ സ്വദേശിയായ കാട്ടെല്‍ വീട്ടില്‍ രുഗ്മ സോമനെ എറണാകുളത്തെ സാംസ്കാരിക നായകന്മാരുടെ സാന്നിധ്യത്തില്‍ താലി ചാര്‍ത്തിയത് ചടങ്ങിനെത്തിയവരുടെ കണ്ണുകളെ ഈറനണിയിച്ചു.

എറണാകുളം കരയോരം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്റെയും പ്രസിഡന്റ് കെ പി കെ മേനോന്റെയും നേതൃത്വത്തില്‍ രാവിലെ 11.45 നു നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വരനും വധുവും പരസ്പരം പൂമാലകള്‍ ചാര്‍ത്തുകയും തുടര്‍ന്ന്‍ താലികെട്ട് നടത്തുകയും ചെയ്തു.

കരയോഗം വക സമ്മാനങ്ങളും നല്‍കി. ചടങ്ങിനെത്തിച്ചേര്‍ന്ന പൌരപ്രമുഖരായ എം കെ സാനു മാസ്റ്റര്‍, പ്രൊഫ. കെ വി തോമസ്‌ എം പി, മുന്‍ പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, കെ എല്‍ മോഹന വര്‍മ്മ, സി ഐ സി സി ജയചന്ദ്രന്‍, ആശാലത, സി ജി രാജഗോപാല്‍ എന്നിവര്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‍ വിവാഹ സദ്യയില്‍ എല്ലാവരും പങ്കെടുത്ത് വധൂവരന്മാരെ യാത്രയാക്കി.

കഴിഞ്ഞ 16 ന് തന്റെ ജന്മദിനത്തില്‍ പറവൂര്‍ ലക്ഷ്മി കോളേജ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് സുബാഷ് തന്റെ സ്വന്തം വീട്ടില്‍ വെള്ളം കയറിയ ദുരിതാവസ്ഥയെ അവഗണിച്ചാണ് തന്നെ രക്ഷപെടുത്തിയതെന്നു രുഗ്മ പറഞ്ഞു. ഞങ്ങളുടെ വിവാഹം പറവൂര്‍ വെങ്കിടെശ്വര ഓഡിറ്റോറിയത്തിലാണ് നിശ്ചയിച്ചിരുന്നതെന്നും അത് മുടങ്ങിയ അവസ്ഥയില്‍ എറണാകുളം കരയോഗം ഒരു ദൈവ നിശ്ചയം പോലെ ഞങ്ങളുടെ വിവാഹം ഏറ്റെടുത്ത് നടത്തി തന്നതില്‍ ജഗദീശ്വരനോട് നന്ദി രേഖപ്പെടുത്തുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

സുബാഷ് കാറിന്റെ സ്പെയര്‍ പാര്‍ട്സ് വില്‍പ്പന നടത്തുകയും രുഗ്മ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥിനിയുമാണ്‌.

എറണാകുളം കരയോഗം പ്രഖ്യാപിച്ച പ്രത്യേക പദ്ധതി പ്രകാരം നടന്ന കേരളത്തിലെ ആദ്യത്തെ വിവാഹമാണ് ഇന്നലെ ടി ഡി എം ഹാളില്‍ നടത്തിയത്. പ്രളയ ദുരിത്ത്താല്‍ വിവാഹം മുടങ്ങി പോകുകയോ, നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയോ ചെയ്യുന്ന ജാതി, മത ചിന്തകള്‍ക്ക് അതീതമായി ആര്‍ക്കും കരയോഗത്തിന്റെ ഈ വിവാഹ പദ്ധതി പ്രകാരം വിവാഹം നടത്തികൊടുക്കാന്‍ തയാറാണെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ക്ഷണിതാക്കളായി 150 പേരെ പങ്കെടുപ്പിക്കാനും വധൂവരന്മാര്‍ക്ക് 10000 രൂപ നല്‍കുന്നതിനും കരയോഗം തീരുമാനിച്ചിട്ടുണ്ട്.

×