Advertisment

നാട്ടില്‍ സംരംഭകരാകാനെത്തി അടുത്തിടെ ആത്മഹത്യ ചെയ്ത പ്രവാസികള്‍ പുനലൂരിലെ സുഗതനും കണ്ണൂരിലെ സാജനും മാത്രമെങ്കില്‍ ഇനി ആത്മഹത്യയ്ക്കൊരുങ്ങി 2 പേര്‍ കൂടിയുണ്ട്. കുവൈറ്റ് മലയാളികളായ കോഴിക്കോട്ടെ റെജിയും റാന്നിയിലെ ഷാജുവും ! അവരുടെ കഥകള്‍ ഇങ്ങനെ ..

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  നാട്ടില്‍ പണം മുടക്കാനിറങ്ങുന്ന പ്രവാസികള്‍ക്കെതിരെ നടക്കുന്നത് പകല്‍ക്കൊള്ള.  പ്രവാസിയാണെന്നതിനാല്‍ പണം ധാരാളമുണ്ടെന്നതും നാട്ടിലെ നിയമവും സമ്പ്രദായങ്ങളും അവര്‍ക്ക് കാര്യമായി അറിയില്ലെന്നതും നാട്ടില്‍ കാര്യമായ രാഷ്ട്രീയ ബന്ധങ്ങളില്ലെന്നതുമാണ് ഈ പകല്‍ക്കൊള്ളയ്ക്ക് തദ്ദേശ സ്ഥാപന ഭരണാധികാരികളെ പ്രേരിപ്പിക്കുന്ന ഘടകം.

Advertisment

publive-image

പുനലൂരില്‍ വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ വന്ന പ്രവാസി മലയാളി സുഗതന്‍ ആത്മഹത്യ ചെയ്തപ്പോഴാണ് പ്രവാസിക്കെതിരായ 'പിഴിച്ചില്‍' പുറംലോകം അറിയുന്നത്.  ചെറിയൊരു ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ വന്ന സുഗതനോട് ഭരണ കക്ഷിയിലെ രണ്ടാം ഘടക കക്ഷിയുടെ പ്രാദേശിക ഘടകം പിരിവ് ആവശ്യപ്പെട്ടത് ലക്ഷങ്ങളായിരുന്നു.  കൊടുക്കാതെ വന്നപ്പോള്‍ ഷെഡ്‌ഡിന് മുന്നില്‍ കൊടിനാട്ടി.

സാജനെ വെല്ലുവിളിച്ചത് ഉന്നതന്റെ ഭാര്യയായ നഗരസഭാധ്യക്ഷ 

കണ്ണൂരില്‍ പ്രവാസിയായ സാജന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കില്ലെന്നും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഭരണകക്ഷി ഉന്നത നേതാവിന്റെ ഭാര്യ കൂടിയായ നഗരസഭാധ്യക്ഷ വെല്ലുവിളിച്ചെന്നാണ് സാജന്റെ കുടുംബത്തിന്റെ ആരോപണം.

15 കോടി മുടക്കി നിര്‍മ്മിച്ച പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ പതിറ്റാണ്ടുകള്‍ സാജന്‍ ഗള്‍ഫിലെ മണലാരണ്യത്തില്‍ രാപകല്‍ പണിയെടുത്തുണ്ടാക്കിയ ആകെ സമ്പാദ്യമായിരുന്നു.  സാജന്റെ സ്വപ്നമായിരുന്നു തന്റെ സമ്പാദ്യം നാട്ടില്‍ വിനിയോഗിച്ച് ശിഷ്ടകാലം ഇവിടെ ജീവിക്കണമെന്നത്.

publive-image

പക്ഷെ, നാട്ടില്‍ ജീവിക്കണമെങ്കില്‍ ആര്‍ക്കൊക്കെ, എന്തൊക്കെ കൊടുക്കണമെന്ന് അറിയാന്‍ പറ്റാതായപ്പോഴാണ് സാജനും ജീവനൊടുക്കിയത്. ചരിത്രം പൊറുക്കാത്ത നീതികേടാണ്‌ നഗരസഭാധികൃതരില്‍ നിന്നും സാജനുണ്ടായത്.

ഇത് രണ്ടും അടുത്തകാലത്ത് ദശാബ്ദങ്ങള്‍ മണലാരണ്യത്തില്‍ പണിയെടുത്ത് ആ സമ്പാദ്യവുമായി നാട്ടില്‍ സംരംഭകരായി നാടിനായി ജീവിക്കാന്‍ വന്നവരുടെ ആത്മഹത്യയാണെങ്കില്‍ ഉടന്‍ ഇതേ സാഹചര്യം നേരിടുന്ന മറ്റ്‌ രണ്ടു പ്രവാസി സംരംഭകര്‍ കൂടി ആത്മഹത്യയുടെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

publive-image

കോഴിക്കോട് വേങ്ങരയില്‍ റെജിയുടെ സ്ഥാപനത്തിന് ഉപരോധം

കോഴിക്കോട്ടെ പ്രവാസി റെജി വേങ്ങേരിയില്‍ തുടങ്ങാന്‍ വേണ്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സര്‍വീസ് സ്റ്റേഷനാണ് ഇപ്പോള്‍ ഭരണകക്ഷിയുടെ ഉപരോധം മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. 25 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്ന റെജി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചാണ് 75 ലക്ഷം മുതല്‍മുടക്കി സര്‍വീസ് സ്റ്റേഷന്‍ പണികഴിപ്പിച്ചത്.

പുഴയില്‍ നിന്നും 15 മീറ്റര്‍ അകലത്തിലേ നിര്‍മ്മാണം പാടുള്ളൂ എന്നാണു ചട്ടം. എന്നാല്‍ റെജിയുടെ സര്‍വീസ് സ്റ്റേഷന് 75 മീറ്റര്‍ അകലമാണ് പുഴയുമായുള്ളത്. കോര്‍പറേഷന്‍ സര്‍വീസ് സ്റ്റേഷന് അനുമതി നല്‍കിയെങ്കിലും പാര്‍ട്ടി പ്രാദേശിക നേതാക്കളെ 'കാണേണ്ടപോലെ' കണ്ടില്ലെന്നതാണ് റെജിക്ക് വിനയാകുന്നത്.

അതിനാല്‍ ഭരണകക്ഷി പ്രാദേശിക നേതാക്കള്‍ റെജിയുടെ സ്ഥാപനത്തിന് തൊഴില്‍ ഉപരോധം ഏര്‍പ്പെടുത്തി. കുവൈറ്റില്‍ കൈരളി ചാനലിന്‍റെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു റെജിയെന്നതാണ് മറ്റൊരു കൌതുകം.

publive-image

റാന്നി പഴവങ്ങാടിയില്‍ ഷാജുവിന്റെ സ്ഥാപനം തുടങ്ങാനനുവദിക്കില്ലെന്ന വാശി പഞ്ചായത്തിന്

കഴിഞ്ഞ 28 വര്‍ഷമായി കുവൈറ്റില്‍ പ്രവാസി ജീവിതം നയിക്കുന്ന റാന്നി പഴവങ്ങാടി സ്വദേശി ഷാജു വര്‍ഗീസ്‌ ആണ് നാട്ടില്‍ മടങ്ങിയെത്തി സംരംഭകനാകാന്‍ പഞ്ചായത്ത് ലൈസന്‍സിനായി കയറിയിറങ്ങി മനസ് മടുത്ത് നില്‍ക്കുന്ന മറ്റൊരു ഹതഭാഗ്യന്‍. കുവൈറ്റില്‍ നിന്നും പലതവണ അവധിയെടുത്ത് നാട്ടിലെത്തി കഴിഞ്ഞ 6 മാസമായി ലൈസന്‍സിനായി നെട്ടോട്ടമോടുകയാണ് ഷാജു.

പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും പലതവണ കണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. അതുമായി ബന്ധപ്പെട്ട ദുരനുഭവങ്ങള്‍ അടുത്ത ദിവസം തന്നെ തുറന്നു പറയാനൊരുങ്ങുകയാണ് ഷാജുവും കുടുംബവും.

publive-image

ഇത്തരം നിരവധി പ്രവാസികളാണ് ശിഷ്ടകാലം നാട്ടില്‍ ജീവിക്കാനുള്ള കൊതി കാരണം ഒരായുസ് മുഴുവന്‍ ജോലിയെടുത്ത സമ്പാദ്യവുമായി ഒന്നും ചെയ്യാനാകാതെ നാട്ടില്‍ വന്ന്‍ നട്ടം തിരിയുന്നത്.

വാരിക്കോരി കൈക്കൂലി കൊടുത്താല്‍ എല്ലാം വളരെ ഭംഗിയായി നടക്കും. പ്രവാസിയാണെങ്കില്‍ നാട്ടില്‍ ഉള്ളവര്‍ കൊടുക്കുന്നതിന്റെ ഇരട്ടിയെങ്കിലും കൊടുക്കണമെന്നതാണ് നാട്ടിലെ അഖിലിത നിയമം. അതിന് തയാറാകാത്തവരാണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്.

കാരണമില്ലാതെ മുടക്കുന്യായങ്ങള്‍ പറഞ്ഞ് ഇത്തരം പകല്‍ക്കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്ന തദ്ദേശസ്ഥാപന മേധാവികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളാണ് ആവശ്യം.

 

 

sajan suicide
Advertisment