സുസൂക്കി മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കും. കേരളത്തിലാകമാനം സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, August 29, 2018

കൊച്ചി:  പ്രളയത്തില്‍ നിന്നും കരകയറി തിരിച്ചുവരുന്ന കേരളത്തിന് സുസൂക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ്.എം.ഐ.പി.എല്‍) സഹായം പ്രഖ്യാപിച്ചു.

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഒരു കോടി രൂപയുടെ ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സംസ്ഥാനത്തെ പ്രളയ ബാധിതരായ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് സംഭാവന.

നിലവിലെ സാഹചര്യത്തില്‍ നിന്നും കരകയറുന്നതിന് തങ്ങള്‍ കേരളത്തിലെ ജനങ്ങല്‍ക്കൊപ്പമുണ്ടെന്നും എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും സൂസൂക്കി മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ സതോഷി ഉചിത പറഞ്ഞു.

ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 10 വരെ സുസൂക്കി മോട്ടോര്‍സൈക്കിള്‍സ് സര്‍വ്വീസ് സെന്ററുകളില്‍ പ്രത്യേക സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനം സുസൂക്കിയുടെ സര്‍വ്വീസ് സെന്ററുകളിലോ ഡീലര്‍മാരുടെ സര്‍വ്വീസ് സെന്ററുകളിലോ പരിശോധിച്ച് ഉപയോഗ യോഗ്യമാക്കും.

എസ്എംഐപിഎല്‍ നെറ്റുവര്‍ക്കില്‍ വാഹനങ്ങള്‍ക്ക് ലേബര്‍ ചാര്‍ജ് ഒഴിവാക്കി സര്‍വ്വീസ് ചെയ്തു കൊടുക്കും. കൂടാതെ എന്‍ജിന്‍ ഓയില്‍, ഫില്‍ട്ടര്‍, എന്നിവ സൗജന്യമായി നല്‍കും. സാരമായ കേടുപാടുകള്‍ സംഭവിച്ച വാഹങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനുള്ള സഹായങ്ങള്‍ എസ്എംഐപിഎല്‍ പ്രതിനിധികള്‍ ചെയ്തു കൊടുക്കും.

ഇന്‍ഷുറന്‍സ് ലഭിക്കാത്ത ഉപഭോക്താക്കള്‍ക്ക് പാര്‍ട്സുകള്‍ക്ക് പ്രത്യേക ഓഫറുകല്‍ നല്‍കി വാഹനത്തെ ഉപയോഗ യോഗ്യമാക്കാനും കമ്പനി സഹായം നല്‍കും. വാഹനത്തിന്റെ ഉള്ളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യരുതെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 18001217996ല്‍ ബന്ധപ്പെടാം.

×