Advertisment

കാഞ്ഞിരപ്പള്ളിയിൽ മാർ ജോസഫ് പുളിക്കൻ പുതിയ മെത്രാൻ ? ചങ്ങനാശേരി അതിരൂപത വിഭജിച്ച് നെടുമങ്ങാട് ആസ്ഥാനമായി പുതിയ രൂപത ! ആഫ്രിക്കയിൽ ഉൾപ്പെടെ രാജ്യത്തിന് പുറത്ത് 2 രൂപതകൾക്ക് തുടക്കം. ഇന്ത്യയിൽ പുതിയ മിഷൻ രൂപത. കർദ്ദിനാൾ മാർ ആലഞ്ചേരി കൂടുതൽ കരുത്തനായ ശേഷം ഇന്നുതുടങ്ങുന്ന സീറോ മലബാർ സിനഡ് ആരാധനാക്രമ ഏകീകരണം ഉൾപ്പെടെ നിർണ്ണായക തീരുമാനങ്ങൾക്ക് വേദിയായേക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  അതീവ പ്രധാനങ്ങളായ തീരുമാനങ്ങൾക്ക് വേദിയാകുമെന്ന് കരുതുന്ന സീറോ മലബാർ സഭയുടെ നിർണ്ണായക സിനഡ് യോഗം കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ തുടങ്ങി.

Advertisment

15 ന് സമാപിക്കുന്ന സിനഡിൽ പുതിയ മെത്രാന്മാർ, ആരാധനക്രമം, പുതിയ രൂപതകൾ, ചില രൂപതകളുടെ വിഭജനം, വിശുദ്ധ കുർബ്ബാനയിലെ ചില പ്രാർത്ഥനകളിൽ വരുത്താനിടയുള്ള മാറ്റങ്ങൾ തുടങ്ങി നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

publive-image

ഏതാനും വർഷങ്ങളായി സഭയിൽ എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ മുന്നിൽ നിർത്തി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ നടന്ന പടയൊരുക്കങ്ങൾക്കൊടുവിൽ ഏറെ കരുത്തനായി മാർ ആലഞ്ചേരി സഭയിൽ പിടിമുറുക്കിയതിനുശേഷമുള്ള ആദ്യ സിനഡ് യോഗമാണിത്.

വിമത നീക്കങ്ങളെ സഭയുടെ പരമ്പരാഗത ശൈലിയിൽ തന്നെ ഒതുക്കി ആശാസ്യകരമല്ലാത്ത പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ച് എല്ലാ പ്രശ്നങ്ങളും നിയന്ത്രണ വിധേയമാക്കിയ ആലഞ്ചേരി അതിനിടെ കെ സി ബി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകകൂടി ചെയ്തതോടെ ക്രിസ്ത്യൻ സഭകളിൽ തന്നെ കരുത്തനായി മാറി.

സഭയുടെ ശാപമായിരുന്ന വിമത നീക്കങ്ങളിൽ ദുർബലരായി മാറിയിരുന്ന കർദ്ദിനാൾമാരിൽ നിന്നും വിഭിന്നമായി മാർ ആലഞ്ചേരി കഴിഞ്ഞ 3 പതിറ്റാണ്ടിലേറെ കാലത്തിനുശേഷമുള്ള സീറോ മലബാർ സഭയിലെ ഏറ്റവും ശക്തനായ മേജർ ആർച്ച് ബിഷപ്പായി മാറിയതിന്റെ സൂചനകളാണ് ഇത്തവണത്തെ സിനഡിൽ പ്രതിഫലിക്കുക.

പുതിയതായി ചില രൂപതകളോ എസ്കാർകേറ്റുകളോ സ്ഥാപിച്ച് അവയ്ക്ക് പുതിയ മെത്രാന്മാരെ നിയമിക്കാനുള്ള തീരുമാനം സിനഡിൽ ഉണ്ടായേക്കും.

ആഫ്രിക്കയിൽ ഉൾപ്പെടെ രാജ്യത്തിന് പുറത്ത് പുതിയ രണ്ട് എസ്കാർകേറ്റുകൾക്കാണ് സാധ്യത. ഒപ്പം ഇന്ത്യയിൽ പുതിയ മിഷൻ രൂപതയ്ക്കും സാധ്യതയുണ്ട്. ഷംസാബാദ് രൂപതയെ വിഭജിച്ച് വിവിധ റീജിയനുകളാക്കി മാറ്റാനുള്ള തീരുമാനവും സിനഡിൽ ഉണ്ടായേക്കും.

പ്രായപരിധി പിന്നിട്ട മാർ. മാത്യു അറയ്ക്കൽ വിരമിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ചേക്കും. മറ്റ് പല സാധ്യതകളും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും നിലവിലെ സഹായമെത്രാൻ മാർ ജോസഫ് പുളിക്കൻ കാഞ്ഞിരപ്പള്ളിയുടെ പുതിയ മെത്രാനാകാനാണ് സാധ്യത.

ചങ്ങനാശേരി അതിരൂപത വിഭജിച്ച് തിരുവനന്തപുരം, കൊല്ലം, അമ്പൂരി, പുനലൂർ, നെടുമങ്ങാട് ഉൾപ്പെടെയുള്ള ഫെറോനകളെ ഉൾപ്പെടുത്തി നെടുമങ്ങാട് ആസ്ഥാനമായി പുതിയ രൂപത സ്ഥാപിക്കാനുള്ള നിർദ്ദേശവും സിനഡ് ചർച്ച ചെയ്യും.

പുതിയ രൂപത വന്നാൽ നിലവിലെ ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ ബിഷപ്പായി നിയമിതനാകും.

ചങ്ങനാശേരി അതിരൂപതയ്ക്ക് നിലവിൽ നെടുമങ്ങാട് പാസ്റ്ററൽ സെന്ററുണ്ട്. ഒപ്പം ഭാവിയിൽ നിലവിൽ ഒന്നായ എറണാകുളവും അങ്കമാലിയും വെവ്വേറെ രണ്ടു രൂപതകളാക്കി മാറ്റുന്ന കാര്യവും ചർച്ച ചെയ്‌തേക്കാം.

സീറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കുന്നത് സംബന്ധിച്ച കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിന്റെ കാലത്തെ സിനഡ് തീരുമാനം നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച തീരുമാനവും സിനഡിൽ ഉണ്ടായേക്കും.

ഒപ്പം വിശുദ്ധ കുർബ്ബാനയിൽ മാർ അദ്ദായി, മാർ മാറി എന്നിവരുടെ അനാഫൊറ പ്രാർഥനകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

alanchery
Advertisment