ഇരുട്ടിനെ ഇല്ലാതാക്കാന്‍ ഗുരുവിന്‌ കഴിയും

സമദ് കല്ലടിക്കോട്
Wednesday, September 5, 2018

ത്‌ പട്ടഞ്ചേരി കരിപ്പാലിയിലെ വിജയശേഖരന്‍ മാഷ്‌. അരനൂറ്റാണ്ടുകാലമായി അധ്യാപനം ഒരു പുണ്യപ്രവൃത്തിയായി കാണുന്ന അസാധാരണ വ്യക്തി. വണ്ടിത്താവളം കെ.കെ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്നും പ്രിന്‍സിപ്പലായി വിരമിച്ചശേഷം കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ആദിവാസി കുട്ടികളെ എസ്‌.എസ്‌.എല്‍.സി. എന്ന കടമ്പ കടത്താന്‍ പ്രതിഫലം പറ്റാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

സമൂഹത്തിന്റെ എല്ലാ മേഖലയില്‍നിന്നും പിന്തള്ളപ്പെട്ട ആദിവാസികളുടെ കഷ്ടതകളും ആധികളും കുറച്ചുകൊണ്ടുവരാന്‍ വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ മാത്രമേ കഴിയൂ എന്ന്‌ വിശ്വസിക്കുന്ന സഹൃദയന്‍. അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി, മുതലമട തുടങ്ങിയ വനമേഖലയില്‍നിന്നും പട്ടഞ്ചേരിയിലെ ട്രൈബല്‍ മെട്രിക്‌ ഹോസ്റ്റലില്‍ പഠിക്കാനെത്തുന്ന കുട്ടികള്‍ക്കാണ്‌ വിജയശേഖരന്‍ മാഷിന്റെ സേവനം.

1990ലാണ്‌ പട്ടഞ്ചേരിയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ പ്രീ മെട്രിക്‌ ഹോസ്റ്റല്‍ സ്ഥാപിതമായത്‌. അന്നുമുതല്‍ വേതനം പറ്റാതെ ആദിവാസികള്‍ക്ക്‌ അറിവ്‌ നല്‍കുന്നുവെന്ന്‌ മാത്രമല്ല ആവശ്യമുള്ളവര്‍ക്ക്‌ ഭക്ഷണം കൊടുക്കാനും തയ്യാര്‍. മാഷിന്റെ സ്വന്തം വീട്ടിലെ ട്യൂഷന്‍ കേന്ദ്രത്തിലാണ്‌ ക്ലാസ്‌.

രാവിലെ ഏഴുമണിക്ക്‌ തുടങ്ങുന്ന സൗജന്യ ട്യൂഷന്‍ രാത്രി 9.30 വരെ നീളും. 87 കുട്ടികളാണ്‌ ഇപ്പോള്‍ ഹോസ്റ്റലിലുള്ളത്‌. ഇത്തവണ മാത്രം എട്ട്‌ വിദ്യാര്‍ത്ഥികള്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷക്ക്‌ തയ്യാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതിയ 14 ആദിവാസി കുട്ടികളും മികച്ചരീതിയില്‍ വിജയിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദളിത്‌ ആദിവാസി കുട്ടികള്‍ക്ക്‌ പാലക്കാട്‌ അക്ഷര ഫൗണ്ടേഷന്റെ സഹായത്തോടെ എന്‍ട്രന്‍സ്‌ പരീക്ഷ പരിശീലന ക്ലാസും സൗജന്യമായിതന്നെ നല്‍കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ സ്‌കൂളുകള്‍ മതിയായ അടിസ്ഥാന സൗകര്യമുള്ളവയാണ്‌.

എന്നാല്‍ പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ക്കായുള്ള ഈ സ്ഥാപനങ്ങളില്‍ കൂടി നല്‍കപ്പെടുന്ന വിദ്യാഭ്യാസം പലപ്പോഴും ഗുണനിലവാരമില്ലാത്തതാണ്‌. മൂല്യാധിഷ്‌ഠിത-തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‍കപ്പെടുന്നില്ല. പത്താംക്ലാസിനുശേഷം ഈ കുട്ടികളുടെ ഭാവി എന്തെന്നും ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. ഇതാണ്‌ മാഷിന്റെ പരിഭവം.

അറിവിന്റെ വെളിച്ചം എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്നത്‌ മാത്രമാണ്‌ ഈ ഗുരുവര്യന്റെ ലക്ഷ്യം. പിന്തുണയുമായി ഭാര്യയും മകനും കൂടെയുണ്ട്‌. ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ്‌ മാഷിന്റെ ശ്രദ്ധ. ധാരാളം ശിഷ്യഗണങ്ങളുള്ള ഇദ്ദേഹം പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ ഒരു മാര്‍ഗദര്‍ശിയായിതന്നെ സേവനം ചെയ്യുന്നു.

അശരണര്‍ക്കുവേണ്ടി നാം എന്ത്‌ ചെയ്യുന്നുവെന്നാണ്‌ മാഷിന്റെ ജീവിതം ഉയര്‍ത്തുന്ന ചോദ്യം. ശുദ്ധമായ പ്രവൃത്തിയോടെയും ശുദ്ധമായ മനസ്സോടെയും ജീവിച്ച്‌ ക്ഷണികമായ ഈ ജീവിതത്തെ അടയാളപ്പെടുത്തുകയാണ്‌ വിജയശേഖരന്‍ മാഷ്‌.

×