ഗാന്ധി ജീവിതം പ്രമേയമാക്കിയ ‘ദി എഡ്ജ്’ സംഭാഷണ രഹിത ചെറുസിനിമക്ക്‌ സ്വീകാര്യതയേറുന്നു

സമദ് കല്ലടിക്കോട്
Friday, October 5, 2018

മണ്ണാർക്കാട്:  ഗാന്ധി ജീവിതം പ്രമേയമാക്കിയ ‘ദി എഡ്ജ്’ഗാന്ധി ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയേറുന്നു.രാമകൃഷ്ണൻ ചൂരിയോടൻ സംവിധാനം ചെയ്ത ഈ ചെറുചിത്രം നിരവധി വേദികളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടിയാണ് പ്രേക്ഷകരിലെത്തിക്കുന്നത്.

പാഠശാല ക്രിയേഷൻസിന്റെ ബാനറിൽ മോഹൻ കാരിയോടത്തും ഷൈനി രമേശും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വർണ്ണചിത്രങ്ങൾ വിറ്റ് ഉപജീവനം തേടുന്ന ഒരു സാധാരണ കുടുംബത്തിന്റെ ജീവിതാവസ്ഥകളിലൂടെയാണ് 22 മിനിറ്റ് ദൈർഘ്യമുള്ള ഈ ചെറുസിനിമ കടന്നുപോകുന്നത്. മഹാത്മാവ് ഈ ചിത്രത്തിൽ ഒരു പൊരുളും പ്രതീക്ഷയുമാണ്.

പ്രഗത്ഭരുടെ ഛായാപടങ്ങൾ വിറ്റ് അന്നന്നത്തേക്കുള്ള അന്നം കണ്ടെത്തുന്ന ഒരു ഗൃഹനാഥന്റെ ദാരിദ്ര്യവും വൈകാരിക മുഹൂർത്തവും ആർദ്രവും ഗ്രാമ്യവുമായ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്നു. സംഭാഷണമില്ലാതെ പശ്ചാത്തല സംഗീതത്തിൽ ഡയലോഗ് പ്രതിഫലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരി മണ്ണാർക്കാടാണ് മുഖ്യവേഷം ചെയ്തിരിക്കുന്നത്.

കോതകുർശ്ശി എൽ.പി സ്‌കൂൾ അധ്യാപിക പുഷ്പ ടീച്ചറും ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലെ നിവേദിതയും ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സിദ്ധാന്തങ്ങള്‍ക്ക്, അദ്ദേഹം അവതരിപ്പിച്ച പ്രവര്‍ത്തന മാതൃകകള്‍ക്ക്, ഭാരതത്തില്‍ ഗൗരവമായ സ്വീകാര്യത ലഭിച്ചോ എന്നു നാം അന്വേഷിക്കേണ്ടിയിരിക്കുന്നു ഓരോ ഗാന്ധിസ്മരണ ദിനത്തിലും.

സാമൂഹ്യ നീതിക്കും രാഷ്ട്ര സ്വാതന്ത്ര്യത്തിനും ലോക സമാധാനത്തിനും വേണ്ടി പ്രവർത്തിച്ച മഹാത്മജിക്കുള്ള ഓർമ ചിത്രമാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്ന് ദി എഡ്ജിന്റെ സംവിധായകൻ രാമകൃഷ്ണൻ ചൂരിയോടൻ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സാംസ്കാരിക സമിതികൾ,പ്രാദേശിക നാട്ടുകൂട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രദർശിപ്പിച്ച ‘ദി എഡ്ജ്’ഓൺലൈൻ മാധ്യമങ്ങളിൽ കൂടി പ്രേക്ഷകരിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. സാധാരണ സമൂഹത്തിന്‍റെയും നാട്ടുജീവിതത്തിന്റെയും പരിച്ഛേദമാണ് ദി എഡ്ജിൽ തെളിയുന്നത്.

×