Advertisment

തോമസ് ചാണ്ടിയുടെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം ചേർന്ന സമ്മേളനത്തിൽ അന്തരിച്ച നേതാവിനുള്ള ആദരാഞ്ജലി 'അവധിക്ക്' വച്ച് സർക്കാർ ! നാണക്കേടും അനാദരവും ചൂണ്ടിക്കാട്ടി അന്തരിച്ച മുൻ സ്പീക്കറുടെ മകനായ ശബരീനാഥൻ എംഎൽഎയുടെ കത്ത് ! അമളി മനസിലായപ്പോൾ ആദരാഞ്ജലി അടുത്ത സമ്മേളനത്തിലെന്ന് സ്പീക്കർ !!

New Update

തിരുവനന്തപുരം:  പൗരത്വ നിയമ ഭേദഗതിയിൽ സംയുക്ത പ്രമേയം പാസാക്കാൻ സമ്മേളിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അന്തരിച്ച മുതിർന്ന നേതാവും മുൻമന്ത്രിയും സഭയിലെ കക്ഷി നേതാവുമായിരുന്ന തോമസ് ചാണ്ടിയോട് അനാദരവ്.

Advertisment

സമ്മേളനത്തിന് മുമ്പ് നിയമസഭാംഗം മരണപ്പെട്ടാൽ പിന്നീട് ചേരുന്ന ആദ്യ സമ്മേളനത്തിലെ ആദ്യ ദിവസം തന്നെ അന്തരിച്ച സഭാംഗത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന പതിവാണ് തോമസ് ചാണ്ടിയുടെ കാര്യത്തിൽ തെറ്റിയത്.

publive-image

13 വർഷം എം എൽ എ ആയിരുന്ന ഭരണകക്ഷി നേതാവ് തോമസ് ചാണ്ടിയോട് കാണിച്ച അനാദരവ് ചൂണ്ടിക്കാട്ടിയതും പ്രതിപക്ഷത്തെ യുവ നിയമസഭാ സാമാജികനായിരുന്ന കെ എസ് ശബരീനാഥനാണ്.

ശബരീനാഥന്റെ പിതാവും മുൻ സ്പീക്കറുമായിരുന്ന ജി കാർത്തികേയനും സഭാംഗമായിരിക്കെ മരണപ്പെടുകയും പിന്നീട് ചേർന്ന സഭ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തിരുന്നു.

കാർത്തികേയനും തോമസ് ചാണ്ടിയും ഉൾപ്പടെ ഇതുവരെ 46 അംഗങ്ങൾ സഭാംഗങ്ങളായിരിക്കെ മരണപ്പെടുകയും അവർക്ക് നിയമസഭ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്ത ചരിത്രം ചൂണ്ടിക്കാട്ടിയായിരുന്നു അന്തരിച്ച നേതാവിനോട് കാണിച്ച അനാദരവ് ശബരീനാഥൻ എം എൽ എ നിയമസഭയിൽ ചൂണ്ടിക്കാണിച്ചത്.

എന്തായാലും ഓർക്കാപ്പുറത്ത് അടികിട്ടിയപോലെ ഭരണകക്ഷി ബാച്ചുകാർക്ക് പറ്റിയ അമളി മറച്ചുവയ്ക്കാൻ പാടുപെടേണ്ടി വന്നു.

ഇതോടെ ഇടപെട്ട സ്പീക്കർ ഇത് പ്രത്യേക സമ്മേളനം ആയതിനാലാണ് ആദരാഞ്ജലി ഒഴിവാക്കിയതെന്നും അടുത്ത സമ്മേളനത്തിൽ തോമസ് ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി തടിതപ്പി.

ആദരാഞ്ജലി അവധിക്ക് വച്ചെന്ന് കളിയാക്കാനും ചില പ്രതിപക്ഷ അംഗങ്ങൾ മറന്നില്ല.

publive-image

കുട്ടനാട്ടിൽ നിന്ന് 2006 മുതൽ 3 തവണകളായി വിജയിച്ചുവന്ന തോമസ് ചാണ്ടി 13 വർഷമായി നിയമസഭാംഗമാണ്. ഇതിനിടെ ഇതേ മന്ത്രിസഭയിൽ 10 മാസക്കാലം മന്ത്രിയുമായിരുന്നു. മാത്രവുമല്ല, ഭരണകക്ഷിയിലെ പ്രമുഖ ഘടകകക്ഷിയുടെ സംസ്ഥാന പ്രസിഡന്റും നിയമസഭയിലെ കക്ഷി നേതാവും കൂടിയായിരുന്നു തോമസ് ചാണ്ടി.

അങ്ങനുള്ള നേതാവ് മരിച്ചിട്ട് 10 ദിവസം പൂർത്തിയാകും മുമ്പ് ചേർന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാതെ ആദരവ് അവധിക്ക് വച്ച നടപടിയാണ് സഭയിലും പുറത്തും വൻ വിമർശനങ്ങൾക്ക് കാരണമായത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് എം എൽ എ ശബരീനാഥൻ സ്പീക്കർക്ക് നൽകിയ കത്ത് ഇതിനോടകം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കത്തിന്റെ ഉള്ളടക്കം ഇങ്ങനെ..

സര്‍ ,

കേരള നിയമസഭയിലെ മുതിർന്ന അംഗവും എൽഡിഎഫ് മന്ത്രിയും കക്ഷി നേതാവുമായിരുന്ന ശ്രീ തോമസ് ചാണ്ടി സാർ മരണപ്പെട്ടത് ഡിസംബർ 20നാണ്. ഒരു അംഗം മരണപ്പെടുന്നതിനു ശേഷം നിയമസഭ ചേരുമ്പോൾ സഭ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുന്നത്/ ചരമോപചാരം അർപ്പിക്കുന്നത് പതിവാണ്.

ഒന്നാം കേരളനിയമസഭ മുതൽ ഇന്നുവരെ 46 അംഗങ്ങൾ മരണപ്പെട്ടപ്പോൾ സഭ അനുശോചനം രേഖപ്പെടുത്തിയതിന്റെ ചരിത്രവുമുണ്ട്.

പട്ടികജാതി പട്ടികവർഗ്ഗ സംവരണം നില നിർത്തുവാനുള്ള നിയമ നിർമ്മാണത്തിനും പൗരത്വ ആക്റ്റിനെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കുവാൻ പ്രത്യേക നിയമസഭ ഇന്ന് ചേരുമ്പോൾ സ്വാഭാവികമായി തോമസ് ചാണ്ടി സാറിനു ചരമോപചാരം അർപ്പിക്കും എന്ന് കരുതി.

എന്നാൽ കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിറ്റിങ് മെമ്പർ മരണപ്പെട്ടിട്ട് അനുശോചനം രേഖപ്പെടുത്താതെ നടപടികളിലേക്കു സഭ പോയി. ഇത് തികച്ചും നിർഭാഗ്യകരമാണ്, സഭയുടെ മാന്യതയ്ക്ക് ഒരു കളങ്കമാണ്. ഈ വിഷയത്തിൽ എന്റെ വ്യക്തിപരമായ വിയോജിപ്പ് ബഹുമാനപ്പെട്ട സ്പീക്കറെ രേഖാമൂലം അറിയിക്കുന്നു.

Advertisment