Advertisment

തൃശൂർ ജില്ലയിൽ പ്രളയക്കെടുതികൾക്കിടയാക്കിയ സാഹചര്യങ്ങൾ സംബഡിച്ച് ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ

New Update

തൃശൂർ:  സംസ്ഥാനത്ത് മഴ കുറയുകയും ചെങ്ങന്നൂരിലുൾപ്പെടെ വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തിട്ടും പ്രളയക്കെടുതി തുടരുകയും ജനജീവിതം സ്തംഭനത്തിൽ തുടരുകയും ചെയ്യുന്ന ജില്ലകളിലൊന്നാണ് തൃശൂർ. തൃശൂർ ജില്ലയിൽ പ്രളയക്കെടുതികൾക്കിടയാക്കിയ സാഹചര്യങ്ങൾ സംബഡിച്ച് ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ.

Advertisment

ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ മേധാവി കൂടിയായ ജില്ലാ കലക്ടറെ പോലും യഥാസമയം അറിയിക്കാതെ അണക്കെട്ടുകൾ തുറന്നതാണ് ജില്ലയുടെ പല ഭാഗങ്ങളും പ്രളയത്തിലാവാൻ കാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു.

publive-image

അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് നിറഞ്ഞതും അതിനെ തുടർന്ന് ചാലക്കുടിപ്പുഴ കരകവിഞ്ഞെതുമാണ് തൃശുർ ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിലാവാൻ കാരണമായത് - ജോണ്‍ ഡാനിയല്‍ പറഞ്ഞു.

ഇന്നും വെള്ളം ഇറക്കുകയോ ജനജീവിതം സുഗമമാവുകയോ ചെയ്തിട്ടില്ല. ഡാമുകളുടെ നിയന്ത്രണം തമിഴ്നാടിന്നാണെന്നു സാങ്കേതിക കാരണം പറഞ്ഞ് ഒഴിഞ്ഞു മാറാൻ കേരള സർക്കാരിന് കഴിയില്ല. പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ശത്രുരാജ്യങ്ങൾ തമ്മിൽ പോലും ആശയ വിനിമയം നിർണായക സാഹചര്യങ്ങളിൽ അനിവാര്യമാണ്. സാധ്യവുമാണ്‌.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ, സംഘർഷങ്ങൾക്കിടയിൽ പോലും കേരളവും തമിഴ്നാടും തമ്മിൽ ആശയ വിനിമയം നിലനിൽക്കുന്നുണ്ട്. തൃശൂർ ജില്ലയുടെ ഭൂപ്രകൃതിയെയും പരിസ്ഥിതിയെയും മനുഷ്യജീവനുകളെയും ബാധിക്കുന്ന ഈ വിഷയത്തിൽ തദ്ദേശവാസികൾക്ക് പോലും 24 മണിക്കൂർ മുൻകൂട്ടിയെങ്കിലും മുന്നറിയിപ്പ് കൊടുക്കാതെ അണക്കെട്ട് തുറക്കാനുണ്ടായ സാഹചര്യത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേരള സർക്കാരിന് ഒഴിഞ്ഞ് നിൽക്കാനാവില്ല.

ജില്ലാ ഭരണകൂടത്തെയും ജില്ലയിലെ ജനങ്ങളെയും ഇക്കാര്യത്തിൽ ഇരുട്ടിൽ നിർത്തിയതിന് മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോട് ജില്ലാ കലക്ടർ വിശദീകരണം തേടണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

രാഷ്ട്രപതിയുടെ പ്രതിനിധിയായ ഇന്ത്യൻ ഭരണ സേവന വിഭാഗം ( ഐ.എ.എസ്) ജില്ലാ മേധാവിയെന്ന നിലയിലും ദുരന്ത നിവാരണ നിയമ പ്രകാരവും ജില്ലാ കലക്ടർക്ക് അതിന് അധികാരമുണ്ടെന്ന് കേരള ഗവൺമെന്റ് മറക്കരുത് - അദ്ദേഹം പറഞ്ഞു.

Advertisment