പതിനേഴുകാരിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ കേരള കലാമണ്ഡലം അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Friday, January 11, 2019

തൃശൂര്‍:  വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കേരള കലാമണ്ഡലം സംഗീതാധ്യാപകനെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി രാജീവ് കുമാര്‍ (54) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലാമണ്ഡലത്തില്‍വെച്ച് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് പതിനേഴുകാരിയായ വിദ്യാര്‍ഥിനിയും രക്ഷിതാക്കളും അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് അധികൃതര്‍ക്കു പരാതി നല്‍കി.

കലാമണ്ഡലം നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അധ്യാപകനെ പുറത്താക്കാന്‍ നടപടി എടുക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കലാമണ്ഡലം അധികൃതര്‍ പോലീസിന് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് പ്രാഥമികാന്വേഷണം നടത്തി പോക്സോ നിയമപ്രകാരം കേസെടുത്തു. വ്യാഴാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.

×