തൃശൂരില്‍ തോല്‍ക്കുമെന്ന് പറഞ്ഞില്ലെന്ന് പറയാന്‍ പത്രക്കാരെ കണ്ടപ്പോഴും സുരേഷ് ഗോപി പാരയായെന്ന്‍ ആവര്‍ത്തിച്ച് ടി എന്‍ പ്രതാപന്‍

ന്യൂസ് ബ്യൂറോ, തൃശൂര്‍
Wednesday, May 15, 2019

തൃശൂര്‍:  സുരേഷ് ഗോപിയുടെ വരവ് തൃശൂരില്‍ തിരിച്ചടിയായെന്നും ജയപ്രതീക്ഷയില്‍ ആശങ്കയുണ്ടെന്നും കെ പി സി സി യോഗത്തില്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ടി എന്‍ പ്രതാപന്‍ രംഗത്ത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കിയതെന്ന് പറഞ്ഞ പ്രതാപന്‍ എന്നാല്‍ പത്രക്കാര്‍ക്ക് മുമ്പില്‍ നടത്തിയ വിശദീകരണത്തിലും ഇതേ വസ്തുതകള്‍ വീണ്ടും നിരത്തിയത് കൌതുകമായി.

മാധ്യമങ്ങള്‍ നല്‍കിയത് തെറ്റായ വാര്‍ത്തയാണെന്നും കുറഞ്ഞത് 25000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും ചിലപ്പോള്‍ അപ്രതീക്ഷിത വിജയങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു പ്രതാപന്‍ പറഞ്ഞത്. ഇതിനിടെ ആദ്യം വലിയ ഭൂരിപക്ഷം പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും സുരേഷ് ഗോപിയുടെ വരവ് തിരിച്ചടിയായെന്ന്‍ വീണ്ടും പ്രതാപന്‍ പറഞ്ഞുവയ്ക്കുകയും ചെയ്തു.

സുരേഷ് ഗോപിയുടെ വരവ് പ്രചരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായെന്ന്‍ പറഞ്ഞ പ്രതാപന്‍ ഇന്നലത്തെ മാധ്യമ വാര്‍ത്തകള്‍ അത്ര തെറ്റായിരുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എന്നാല്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് തന്നെ പിന്തള്ളപ്പെടുമെന്നാണ് പിന്നീട് പ്രതാപന്‍ പറഞ്ഞത്. സ്ഥാനാര്‍ഥിയും ഡി സി സി അധ്യക്ഷനുമായിട്ടും പ്രവര്‍ത്തകര്‍ക്കുള്ള ആത്മവിശ്വാസം പോലും സ്ഥാനാര്‍ഥിയായിരുന്ന പ്രതാപന് ഇല്ലായിരുന്നു എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസിലും യുഡിഎഫിലും ശക്തമായി ഉയര്‍ന്നത്.

യു ഡി എഫിന്റെ ഏറ്റവും ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് തൃശൂര്‍.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ യു ഡി എഫിനുണ്ടായ പരാജയം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതാപനെ രംഗത്തിറക്കിയത്. എന്നാല്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പ്രതാപന് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതു വിലയിരുത്തല്‍. എങ്കിലും യു ഡി എഫിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ ഇവിടെ പ്രതാപനെ തുണയ്ക്കും എന്ന് കരുതുന്നവരാണ് ഏറെയും.

×