Advertisment

സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞ പോലീസുകാരെ എസ് എഫ് ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. അറസ്റ്റ് ചെയ്തവരെ നേതാക്കളെത്തി പോലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിൽ ട്രാഫിക് പോലീസുകാരെ എസ്.എഫ്.ഐ. പ്രവർത്തകർ ക്രൂരമായി മർദിച്ചു. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ വിനയ ചന്ദ്രന്‍, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

Advertisment

പാളയം യുദ്ധസ്മാരകത്തിന് സമീപം ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. വഴിയാത്രക്കാർ നോക്കിനിൽക്കവേയാണ് യൂണിഫോമിലായിരുന്ന പോലീസുകാരെ ഇരുപതോളം എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചത്.

publive-image

ട്രാഫിക് നിയമം ലംഘിച്ച് ‘യു’ടേൺ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പോലീസുകാരൻ അമൽകൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പോലീസുകാരനുമായി തർക്കിച്ച യുവാവ് യൂണിഫോമിൽ പിടിച്ച് തള്ളി. ഇതുകണ്ട് സമീപത്ത് നിന്ന പോലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു.

ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികൻ ഫോൺചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാർത്ഥികൾ പാഞ്ഞെത്തി. ഇവർ എത്തിയ ഉടൻ രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മർദ്ദിച്ചു.

വിദ്യാർത്ഥികളുടെ അക്രമണത്തിൽ നിന്നും ഓടിമാറിയ ട്രാഫിക് പോലീസുകാരൻ അമൽകൃഷ്ണയാണ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. പോലീസ് എത്തിയപ്പോഴേക്കും ഇരു പോലീസുകാരെയും വിദ്യാർത്ഥികൾ തല്ലി അവശരാക്കിയിരുന്നു. ഇരുവരും എഴുന്നേൽക്കാൻ പോലും കഴിയാതെ റോഡിൽ കിടക്കുകയായിരുന്നു.

വൈകിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് സംഘം സംഘത്തിലുണ്ടായിരുന്ന ചിലരെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കേറ്റിയെങ്കിലും എസ്എഫ്ഐ നേതാക്കളെത്തി ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്ഥലത്തേക്ക് എത്തിയതോടെ പൊലീസ് ഇവരെ വിട്ടയച്ചു. തുടര്‍ന്ന് മര്‍ദ്ദനമേറ്റ പൊലീസുകാരെ ജനറല്‍ ആശുപത്രിയിലെത്തിച്ചു.

Advertisment