നെല്‍കൃഷിയില്‍ നൂറുമേനി കൊയ്‌ത്‌ വെമ്പിള്ളി പാടശേഖരം

സാബു മാത്യു
Wednesday, October 3, 2018

തൊടുപുഴ:  നെല്‍കൃഷി അന്യം നില്‍ക്കുന്ന കാലഘട്ടത്തില്‍ നെല്‍കൃഷിയില്‍ നൂറുമേനി കൊയ്‌ത്‌ ഒരു പാടശേഖരം. നാകപ്പുഴയിലെ വെമ്പിള്ളി പാടശേഖരമാണ്‌ വിജയകരമായി നെല്‍കൃഷി നടത്തിവരുന്നത്‌. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഇവിടെ നെല്‍കൃഷി തുടര്‍ച്ചയായി നടത്തുന്നുണ്ട്‌.

നാകപ്പുഴയിലെ വിവിധ പാടശേഖരങ്ങളില്‍ ഒന്നായ ഇവിടുത്തെ കൃഷിവിജയം മറ്റുള്ളവര്‍ക്കും പ്രേരണയാകുന്നുണ്ട്‌. രാസകീടനാശിനികള്‍ ഉപയോഗിക്കാതെ കഴിയുന്നതും ജൈവരീതിയിലാണ്‌ ഇവിടുത്തെ കൃഷി. ഞവര, രക്തശാലി, മറ്റ്‌ നാടന്‍ വിത്തിനങ്ങള്‍ എന്നിവയാണ്‌ കൃഷി ചെയ്യുന്നത്‌. നെല്‍കൃഷിയ്‌ക്കു പുറമെ ഔഷധസസ്യങ്ങളുടെ കൃഷിയും നടത്തുന്നു.

15 വര്‍ഷവും രാസവസ്‌തുക്കളോ കീടനാശിനികളോ ഉപയോഗിക്കാതെയുള്ള നാടന്‍ കൃഷിരീതിയാല്‍ പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി കണ്ടു വരുന്നതായും കര്‍ഷകര്‍ പറയുന്നു.

ദിവസങ്ങളോളം തോരാത പെയ്‌ത മഴ മൂലമുണ്ടായ പ്രളയക്കെടുതിയില്‍ നിന്നും ആഗോള താപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളാലുള്ള വരള്‍ച്ചയില്‍ നിന്നും വര്‍ഷങ്ങളായി നാകപ്പുഴ ഗ്രാമത്തെ സംരക്ഷിച്ചു വരുന്നത്‌ കൂട്ടായി നിലനില്‍ക്കുന്ന ഈ പാടശേഖരമാണ്‌. അന്യം നിന്നുപോകുന്ന പാടശേഖരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയിലേയ്‌ക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.

ഡോ. മാത്യൂസ്‌ വെമ്പിള്ളിയുടെ നേതൃത്വത്തില്‍ വെമ്പിള്ളി പാടശേഖരത്ത്‌ ഒരു വര്‍ഷത്തിലെ രണ്ട്‌ നെല്‍കൃഷിയും ഇടവിളയായി പയറും എള്ളും സമ്മിശ്രമായും കൃഷിചെയ്യുന്നു. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ക്ഷീരോത്‌പ്പാദന കേന്ദ്രം വെമ്പിള്ളി ആയുര്‍വേദ ആശുപത്രി പരിസരത്ത്‌ പ്രവര്‍ത്തിച്ചു വരുന്നു.

ഉടുമ്പന്നൂര്‍ കോഡ്‌സിന്റെ സഹകരണത്തോടെ തേന്‍കൃഷിയും, കൂടാതെ അക്വാപോണിക്‌സ്‌, ഹൈഡ്രോ പോണിക്‌സ്‌ എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പച്ചക്കറികൃഷിയും ക്ഷീരകൃഷിയും മത്സ്യകൃഷിയും വരുന്ന വര്‍ഷത്തിലേയ്‌ക്കുള്ള പ്രവര്‍ത്തനങ്ങളാണ്‌. നെല്‍വയലുകള്‍ സംരക്ഷിക്കപ്പെട്ടാല്‍ അത്‌ പ്രകൃതിയ്‌ക്കു മനുഷ്യനും ഏറെ ഉപകരിക്കുമെന്നാണ്‌ വെമ്പിള്ളി പാടശേഖരം നല്‍കുന്ന സന്ദേശം.

×