Advertisment

ഫ്രാന്‍സിസ് മാര്‍പാപ്പയെ വെല്ലുവിളിച്ച വിമത വൈദികരുടെ റിവീനല്‍ സെന്റര്‍ യോഗത്തിനെതിരെ കര്‍ശന നടപടിക്ക് നീക്കം ! വിമത വൈദികരുടെ അംഗബലം നാലിലൊന്നായി ചുരുങ്ങി ! സഹായമെത്രാന്മാര്‍ക്കിടയിലും ഭിന്നതയെന്ന് സൂചന !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ആഗോള സഭയുടെ പരമാധികാരി പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തീരുമാനത്തെ വെല്ലുവിളിച്ച് ഇന്ന് എറണാകുളത്ത് സഭയുടെ കീഴിലുള്ള റിവീനല്‍ സെന്‍ററില്‍ നടത്തിയ വിമത വൈദികരുടെ യോഗത്തിനെതിരെ കടുത്ത നടപടിക്ക് സാധ്യത. ഇവിടെ യോഗം നടത്താന്‍ അനുമതി നല്‍കിയ റിവീനല്‍ സെന്റര്‍ ഡയറക്ടറോടും അതിരൂപത ആസ്ഥാനത്ത് നിന്നും വിശദീകരണം ആരായും.

Advertisment

publive-image

സഭയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വത്തിക്കാന്റെ അന്തിമ വിധി തീര്‍പ്പ്‌ പുറത്തുവന്നതിനുശേഷവും ഇതേ സംബന്ധിച്ച് അവ്യക്തത പരത്തുന്ന വിധം പ്രസ്താവനകളും പ്രചരണങ്ങളും നടത്തുകയും വിമത യോഗം ചേരുകയും ചെയ്തത് അതീവ ഗൗരവമായി കാണണമെന്ന നിര്‍ദ്ദേശമാണ് ഇക്കാലത്തില്‍ വത്തിക്കാനില്‍ നിന്നുള്ള പൌരസ്ത്യ തിരുസംഘം നല്‍കിയിരിക്കുന്നത്. അതിനാല്‍ നടപടിക്ക് കാലതാമസം ഉണ്ടാകാനിടയില്ല.

publive-image

എറണാകുളം - അങ്കമാലി അതിരൂപതയിലെ 2 സഹായ മെത്രാന്മാരെ സസ്പെന്‍ഡ് ചെയ്യുകയും അതിരൂപതാ ചുമതലകളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തതിന് പിന്നാലെ പതിനഞ്ചോളം വൈദികര്‍ക്കെതിരെയും വത്തിക്കാന്‍ നടപടിക്കൊരുങ്ങുന്നുവെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഇന്ന് വിമത വൈദികര്‍ യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ വിമതര്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കാനാണ് സഭാ നേതൃത്വം ആലോചിക്കുന്നത്. ഇതിനായി സഭാ തലത്തിലുള്ള കൂടിയാലോചനകള്‍ ഇതിനോടകം സീറോമലബാര്‍ സഭാ ആസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു.

publive-image

വിമതര്‍ക്കിടയില്‍ ചോര്‍ച്ച തുടരുന്നു !

അതിരൂപതയിലെ അഞ്ഞൂറോളം വൈദികരില്‍ മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷമായിരുന്നു തുടക്കത്തില്‍ വിമത പക്ഷത്തിനുണ്ടായിരുന്നത്. എന്നാല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വൈദികര്‍ക്ക് മുമ്പില്‍ അവരവതരിപ്പിച്ച പല രേഖകളും വ്യാജവും കെട്ടിച്ചമയ്ക്കപ്പെട്ടവയുമാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.

ഇക്കാര്യത്തില്‍ ബോധ്യപ്പെട്ട ഭൂരിപക്ഷം വൈദികരും നിലപാട് തിരുത്തുകയും പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ ചിലര്‍ അതിരൂപതാ ആസ്ഥാനത്തെത്തി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ട് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.

അതിനാല്‍ തന്നെ പള്ളികള്‍ തോറും കയറി പ്രചരണം നടത്തിയിട്ടും ഇന്ന് രാവിലെ റിനീവല്‍ സെന്ററില്‍ നടത്തിയ യോഗത്തില്‍ പങ്കെടുപ്പിക്കാനായത് 128 വൈദികരെയാണ്. ഇതോടെ വിമത വൈദികരുടെ അംഗബലം 4 ല്‍ ഒന്നായി ചുരുങ്ങിയിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍.

publive-image

നടപടി നേരിട്ട സഹായമെത്രാന്മാര്‍ തമ്മിലും ഭിന്നത !

വിമത വൈദികര്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതിന് പിന്നാലെ നടപടി നേരിട്ട സഹായ മെത്രാന്മാര്‍ക്കിടയിലും ഭിന്നത ഉടലെടുത്തതായാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍.  മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വിമത നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ സഭയേയും വത്തിക്കാനെയും തള്ളിപ്പറയാനാകില്ലെന്ന നിലപാടിലാണ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നാണു സൂചന.

പശ്ചാത്തപിച്ച് തിരികെ വരാന്‍ തയാറായാല്‍ ആഗസ്റ്റില്‍ നടക്കുന്ന സഭാ സിനഡില്‍ വച്ച് കുരിശു കൈകളില്‍ പിടിച്ച് 'മനസ്താപ പ്രകരണം' ഏറ്റുചൊല്ലി അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും അദ്ദേഹത്തിനുകൂടി താല്പര്യമുള്ള മറ്റൊരു പദവിയില്‍ അദ്ദേഹത്തെ നിയമിക്കുകയും ചെയ്യും.  എന്തായാലും വിമത നീക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സഭ കൈക്കൊള്ളുക.  വത്തിക്കാന്റെ കര്‍ശന നിര്‍ദ്ദേശമാണ് ഇക്കാര്യത്തില്‍ കര്‍ദ്ദിനാളിന് ലഭിച്ചിട്ടുള്ളത്.

alanchery
Advertisment