പൂക്കളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുകള്‍ ഒളിപ്പിച്ച് ഒരു വിവാഹക്ഷണക്കത്ത്. പ്രകൃതിയോടിണങ്ങി വി. അബ്ദുറഹിമാന്‍ എംഎല്‍എയുടെ മകളുടെ വിവാഹക്ഷണക്കത്ത്

ന്യൂസ് ബ്യൂറോ, മലപ്പുറം
Friday, July 20, 2018

പ്രകൃതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വിവാഹക്ഷണക്കത്തുമായി മലപ്പുറം ജില്ലയിലെ താനൂര്‍ നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായ വി.അബ്ദുറഹിമാന്‍ എംഎല്‍എ. അബ്ദുറഹിമാന്റെ മകളുടെ വിവാഹക്ഷണക്കത്താണ് പ്രകൃതിയോട് യോജിച്ചുകൊണ്ട് നിര്‍മിച്ചിരിക്കുന്നത്.

പ്രകൃതിക്കുള്ള സമ്മാനമാണിതെന്നാണ് എംഎല്‍എ നല്‍കുന്ന വിശദീകരണം. കാരണം, ഈ വിവാഹക്ഷണക്കത്തിന് ഒരു സവിശേഷതയുണ്ട്. മണ്ണില്‍ വിതച്ചാല്‍ ഫലദായകമാകുന്ന ചെടികളുടെ വിത്ത് സഹിതമാണ് വിവാഹക്ഷണക്കത്തിന്റെ രൂപകല്പന. മകള്‍ റിസ്വാന ഷെറിന്റെ വിവാഹക്ഷണത്തിലാണ് വി.അബ്ദുറഹ്മാന്‍ എംഎല്‍എ അപൂര്‍വത ഒളിപ്പിച്ചിരിക്കുന്നത്.

റീസൈക്കിള്‍ഡ് കടലാസിലാണ് വിവാഹക്ഷണത്ത് പ്രിന്റ് ചെയ്തിരിക്കുന്നത്. ഈ ക്ഷണക്കത്ത് വെള്ളത്തിലിട്ടാല്‍ വിത്തുകള്‍ ലഭ്യമാകും. വിത്ത് നടുന്നതിനുള്ള നിര്‍ദേശങ്ങളും ക്ഷണക്കത്തിലുണ്ട്. പൂക്കളുടെയും ഔഷധ സസ്യങ്ങളുടെയും വിത്തുകളാണ് വിവാഹക്ഷണക്കത്തില്‍ ഒളിപ്പിച്ചിരിക്കുന്നത്.

തിരൂരില്‍ അടുത്ത ഞായറാഴ്ച നടക്കുന്ന കല്യാണത്തിന് മുന്നോടിയായി ഇതിനകം നിരവധി പേരെ ക്ഷണക്കത്ത് നല്‍കി എംഎല്‍എ ക്ഷണിച്ചിട്ടുണ്ട്.  ബംഗളൂരുവിലുള്ള ഒരു സുഹൃത്താണ് വിത്തുകള്‍ വിവാഹക്ഷണക്കത്തില്‍ നിക്ഷേപിക്കുന്നതിനുള്ള ആശയം എംഎല്‍എയോടെ പറഞ്ഞത്. ആശയം ഇഷ്ടപ്പെട്ട എംഎല്‍എ ഇതു പരീക്ഷിക്കുകയായിരുന്നു. പച്ചക്കറി വിത്തുകളും വിവാഹക്ഷണക്കത്തില്‍ ഒളിപ്പിച്ചിട്ടുണ്ട്.

വിവാഹക്ഷണക്കത്തിലൂടെ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുക എന്ന സന്ദേശം സമൂഹത്തിന് നല്‍കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കുകയുണ്ടായി. ദേശീയമാധ്യമങ്ങളടക്കം എംഎല്‍എയുടെ ഈ നടപടി വാര്‍ത്തയാക്കുകയും ചെയ്തു.

×