യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ എംഎല്‍എമാരെ പരിഗണിക്കുന്നതിനെതിരെ വെടിപൊട്ടിച്ച് ഹൈബി ഈഡന്‍ ! അവസരം ലഭിച്ചവര്‍ പുതിയവര്‍ക്ക് വേണ്ടി വഴിമാറണമെന്ന് ഹൈബിയുടെ എഫ് ബി പോസ്റ്റ്‌ !

അനൂപ്. R
Thursday, December 6, 2018

കൊച്ചി:  എം എല്‍ എമാരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവ എം എല്‍ എ ഹൈബി ഈഡന്‍ എം എല്‍ എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പുതിയൊരു നേതൃത്വം കടന്നുവരുന്നതിനുള്ള അവസരമാണ് എം എല്‍ എമാരെ മത്സരിപ്പിക്കുന്നത് വഴി നഷ്ടമാക്കുന്നതെന്നാണ് ഹൈബിയുടെ വിമര്‍ശനം.

കെ എസ് യു സംസ്ഥാന പ്രസിഡന്റ്, ദേശീയ അധ്യക്ഷന്‍, നിയമസഭാംഗത്വം തുടങ്ങി നിരവധി അവസരങ്ങള്‍ പാര്‍ട്ടി തനിക്ക് നല്‍കി.  രണ്ടു തവണ എം എല്‍ എ ആയി.  പുതിയൊരു നേതൃത്വം സംഘടനയിലേക്ക് കടന്നു വരേണ്ടത് ഇന്നത്തെ ആവശ്യമാണ്‌.  അതുകൊണ്ടുതന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കില്ലെന്നും ഹൈബി പറയുന്നു.

എ ഗ്രൂപ്പില്‍ നിന്നും ഷാഫി പറമ്പിലും ഐ ഗ്രൂപ്പില്‍ നിന്നും ശബരീനാഥനുമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇവരെ ലക്‌ഷ്യം വച്ചാണ് യുവനിരയിലെ ശ്രദ്ധേയനായ നേതാവ് ഹൈബി ഈഡന്റെ വിമര്‍ശനം.

ഹൈബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ ചുവടെ;

ലോകത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ യൂത്ത് കോൺഗ്രസിൽ ജനാധിപത്യപരമായി ഒരു പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാനുള്ള പ്രക്രിയ നടക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായ അംഗത്വ വിതരണം ഇന്ന് അവസാനിക്കും. പതിനെട്ടു വയസ്സ് മുതൽ മുപ്പത്തിയഞ്ചു വയസ്സ് വരെയുള്ളവർക്കു ഈ സംഘടനയോട് ചേർന്ന് പ്രവർത്തിക്കാൻ വേണ്ടി തികച്ചും സുതാര്യമായ ഒരു പ്രക്രിയയാണ് ഇത്. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.

ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന എല്ലാ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഉപദേശം ഞാൻ ഉൾക്കൊള്ളുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ പാർട്ടിയിൽ ഏറെ അംഗീകാരം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. സേക്രട്ട് ഹാർട്ട് കോളേജിൽ പഠനം തുടങ്ങിയപ്പോൾ മുതലാണ് പാർട്ടിയുടെ സജീവ പ്രവർത്തകനാവുന്നത്.

കെ.എസ്.യു.വിന്റെ യൂണിറ്റ് സെക്രട്ടറിയായി, പിന്നീട് പ്രീഡിഗ്രി പ്രതിനിധി, യൂണിറ്റ് പ്രസിഡന്റ്, യൂണിവേഴ്സിറ്റി യൂണിയൻ അംഗം, കോളേജ് യൂണിയൻ ചെയർമാൻ പിന്നീട് കെ.എസ്.യു.വിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് പിന്നീട് ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന് ഏറ്റവും വലിയ അംഗീകാരമായി എൻ..എസ്.യു.(ഐ) ദേശീയ അധ്യക്ഷൻ വരെ എത്താൻ സാധിച്ചു.

പാർട്ടിയുടെ നേതൃത്വം വിശ്വാസമർപ്പിച്ചു എനിക്ക് നൽകിയ മറ്റു ഉത്തരവാദിത്വങ്ങൾ വേറെയും നിരവധിയായിരുന്നു. രണ്ടായിരത്തി പതിനൊന്നിൽ പതിമൂന്നാം നിയമസഭയുടെ ബേബി അംഗമാവാൻ എനിക്ക് സാധിച്ചത് പാർട്ടി എനിക്ക് സംഘടനാതലത്തിൽ നൽകിയ അംഗീകാരമാണ്. പിന്നീട് രണ്ടായിരത്തി പതിനാറിലും എം.എൽ.എ. ആകുവാനുള്ള അവസരം പാർട്ടി തന്നു.

സംഘടനാ പ്രവർത്തനമാണ് ഒരു രാഷ്ട്രീയ പ്രവർത്തകന് പക്വത നൽകുന്നത്. പുതിയ നേതൃത്വം ഉയർന്നു വരേണ്ടതും സംഘടനാ പാടവത്തിൽ നിന്നാണ്. പുതിയ ഒരു നേതൃത്വത്തിന്റെ കടന്നു വരവിനു അതിനുള്ള അവസരം നൽകുക എന്നതാണ് ഇന്നത്തെ ആവശ്യം. യൂത്ത് കോൺഗ്രസ് സമരസജ്ജമായ ഒരു സംഘടനയാക്കി മാറ്റി അതിനു ഊർജ്ജം നൽകി നാളെയുടെ നേതാക്കളെ സൃഷ്ടിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യവും. അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല.

അത് മറ്റൊരു നേതൃത്വത്തിന് അവസരം നൽകുന്നതിനാണ്. സംഘടനയിൽ ഏറെ അവസരം ലഭിച്ചവർ വീണ്ടും ഭാരവാഹിത്വത്തിൽ കടിച്ചു തൂങ്ങി സംഘടനയിൽ പുതിയ ഊർജ്ജത്തിനുള്ള അവസരം നഷ്ടമാക്കരുത് എന്നാണു എന്റെ അഭിപ്രായം. മറ്റൊരു തലമുറയ്ക്ക് വേണ്ടി പാർട്ടിയിലെ സ്ഥിരം മുഖങ്ങൾ മാറി നിൽക്കണം എന്നതാണ്. അതിനു നിങ്ങളുടെ പിന്തുണയുണ്ടാവണമെന്നാണ് എന്റെ അഭ്യർത്ഥന.

ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനായി, കെ.എസ്.യു.ക്കാരന്റെ അതേ വീറും വാശിയുമോടെ പോരാട്ട വീഥിയിൽ പുതിയ നേതൃത്വത്തിന്റെ കൂടെ ഞാൻ എന്നും ഉണ്ടാവും. ഈ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാവുന്ന എല്ലാ സഹപ്രവർത്തകർക്കും ആശംസകൾ…

×