Advertisment

ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷ പദവിയിലേക്ക് ! ഉമ്മന്‍ചാണ്ടിയെ അധ്യക്ഷനാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തം; കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നാളെ നടത്തുന്ന ചര്‍ച്ചയിലെ പ്രധാന അജണ്ടയും പുതിയ പിസിസി പ്രസിഡന്റ് തന്നെ!  ഉമ്മന്‍ചാണ്ടിയല്ലെങ്കില്‍ കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരും പരിഗണനയില്‍; ശശി തരൂരിനെ അധ്യക്ഷനാക്കണമെന്ന ആവശ്യവും സജീവം; മുല്ലപ്പള്ളിയെ ഒതുക്കാന്‍ നിയമസഭാ സീറ്റ് നല്‍കും; കെപിസിസി അധ്യക്ഷ പദവിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ആവശ്യമുന്നയിച്ച് എ ഗ്രൂപ്പ്; കേരള യാത്രാ ഷെഡ്യൂള്‍ ചെന്നിത്തല സ്വയം തീരുമാനിച്ചതില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി !

New Update

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി പകരം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് നീക്കം തുടങ്ങി. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കാണ് പ്രഥമ പരിഗണന.

Advertisment

publive-image

നാളെ ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ സമ്മതമറിയിച്ചാല്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാവില്ല. മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ സീറ്റ് നല്‍കിയാകും അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുക.

ഉമ്മന്‍ചാണ്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വൈമനസ്യം കാട്ടിയാല്‍ മാത്രമെ മറ്റൊരാളെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കൂ. അങ്ങനെ വന്നാല്‍ പുതിയ അധ്യക്ഷ സ്ഥാനത്തിനായി എ,ഐ ഗ്രൂപ്പുകള്‍ അവകാശവാദം ഉന്നയിക്കും. സാമുദായിക പ്രാതിനിധ്യം നോക്കിയാല്‍ കെ സുധാകരനെയാണ് പരിഗണിക്കേണ്ടത്.

പക്ഷേ കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ ഐ ഗ്രൂപ്പിന് പോലും താല്‍പര്യമില്ല. കെ മുരളീധരന്റെ പേരും പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ശശി തരൂരിന് വേണ്ടി ഗ്രൂപ്പിനതീതമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുണ്ട്.

അതിനിടെ മുല്ലപ്പള്ളിയെ നിലനിര്‍ത്തി ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതും ആലോചനയിലുണ്ട്. ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ആവശ്യമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയ വിലയിരുത്തല്‍ ചര്‍ച്ചകളില്‍ സംസ്ഥാന നേതൃതല മാറ്റം വേണ്ടെന്നായിരുന്നു നേതാക്കള്‍ക്കിടയിലെ ധാരണ.

എന്നാല്‍ പാര്‍ട്ടിയില്‍ മാറ്റമുണ്ടാക്കി എന്ന കൃത്യമായ സൂചന അണികള്‍ക്ക് നല്‍കണമെങ്കില്‍ സംസ്ഥാന തലത്തിലടക്കം മാറ്റമാണ് വേണ്ടതെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് കെപിസിസി തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നു എന്ന പ്രതീതി വരുത്താമെന്നാണ് ഒരഭിപ്രായം.

ഇതല്ലെങ്കില്‍ ഡിസിസി അധ്യക്ഷന്‍മാരെ മാറ്റി മുല്ലപ്പള്ളിയെ നില നിര്‍ത്തുക എന്ന ഫോര്‍മുലയും പരിഗണിക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഒഴികെയുള്ള എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റാനാണ് സാധ്യത. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ അധ്യക്ഷന്‍മാരുടെ മാറ്റം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

പിസിസി അധ്യക്ഷ പദവിയിലെത്തിയില്ലെങ്കില്‍ പോലും ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്ത് കൊണ്ടു വരണമെന്ന ആവശ്യം ഘടകകക്ഷികള്‍ അടക്കം ഉന്നയിച്ചത് ദേശീയ നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ഒരു നിര്‍ണായക പദവി നല്‍കിയാലേ ഗുണം ചെയ്യൂ എന്നാണ് കോണ്‍ഗ്രസിലെ തന്നെ അഭിപ്രായം. ഉമ്മന്‍ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാനാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

എന്നാല്‍ ഇതിനോട് രമേശ് ചെന്നിത്തലക്ക് അനുകൂല നിലപാടല്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ മുന്നണിയുടെ കേരളയാത്രയെ കുറിച്ച് ചര്‍ച്ച നടത്തി തുടങ്ങിയപ്പോള്‍ തന്നെ ചെന്നിത്തല തീരുമാനം സ്വയം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് എ ഗ്രൂപ്പിനിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. കടുത്ത പ്രതിഷേധമാണ് ഇതിലുള്ളത്.

kerala niyamasabha election
Advertisment