Advertisment

കേരളത്തിലും ത്രിപുര മോഡലിനൊരുങ്ങി അമിത് ഷാ, തലമുതിര്‍ന്ന തീപ്പൊരി കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് ബിജെപിയുടെ കേരള പായ്ക്കേജ് ! കേരള ബിജെപിയ്ക്ക് പുതിയ നേതൃത്വം കൊണ്ടുവരും !

author-image
admin
New Update

കേരള രാഷ്ട്രീയത്തില്‍ ത്രിപുര മോഡല്‍ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങി ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ കര്‍മ്മപദ്ധതി. ഒന്നിനും കൊള്ളില്ലെന്ന് തെളിയിച്ചുകഴിഞ്ഞ ബി ജെ പി സംസ്ഥാന ഘടകത്തെ അപ്പാടെ പൊളിച്ചെഴുതി പുതിയ രാഷ്ട്രീയ നേതൃത്വത്തിന് സംസ്ഥാന ഘടകത്തിന്റെ ചുമതല കൈമാറാനാണ് സാധ്യത.

Advertisment

സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികളില്‍ നിലവിലെ ബി ജെ പിയ്ക്ക് പുറത്ത് നിന്നുള്ള നേതൃത്വം ഉണ്ടാകാനുള്ള സാധ്യതയാണ് ഉടലെടുക്കുന്നത്.

publive-image

മുതിര്‍ന്ന തീപ്പൊരി കോണ്‍ഗ്രസ് നേതാവിനെ തന്നെ ബി ജെ പിയിലെത്തിച്ച് സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് കൈമാറാനുള്ള നീക്കങ്ങളാണ് അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കേന്ദ്രമന്ത്രി പദവിയും സംസ്ഥാന അധ്യക്ഷ പദവിയും ഉള്‍പ്പെടെയുള്ള വമ്പന്‍ ഓഫറുകളാണ് നേതാവിന് നല്‍കിയിരിക്കുന്നത്.

ഇദ്ദേഹം സമ്മതം മൂളിയാല്‍ ഉടന്‍ കേരള ഘടകത്തിന്റെ പൊളിച്ചെഴുത്തിന് തുടക്കം കുറിക്കും. നിലവില്‍ കോണ്‍ഗ്രസില്‍ അസംതൃപ്തനാണ് ഈ നേതാവ്. കെ പി സി സി അധ്യക്ഷ പദവി ഉള്‍പ്പെടെ ആഗ്രഹിച്ചിട്ടും അതിനര്‍ഹതയുണ്ടായിരുന്നിട്ടും ഈ പദവികളിലെക്കൊന്നും പരിഗണിക്കപ്പെടാത്തതില്‍ കടുത്ത അസംതൃപ്തിയിലാണ് ഇദ്ദേഹം.  ഈ അസംതൃപ്തി മുതലെടുക്കാന്‍ തന്നെയാണ് അമിത് ഷായുടെ നീക്കം.

ബി ജെ പിയിലെത്തിയാല്‍ കോണ്‍ഗ്രസില്‍ എത്രകാലം പ്രവര്‍ത്തിച്ചാലും ലഭിക്കില്ലെന്ന് ഉറപ്പുള്ള പദവികളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. പൊതുവേ എല്ലാ വിഭാഗം ഗ്രൂപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനായ ഈ നേതാവിനെ ബി ജെ പിയിലെത്തിക്കാനായാല്‍ പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും ഒരു കുത്തൊഴുക്കാണ് അമിത് ഷാ പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് നേതാവിന്റെ ഡൈനാമിക് പ്രവര്‍ത്തന ശൈലി ഒരുപക്ഷെ സംസ്ഥാനത്ത് ബി ജെ പിയെ ഉടനടി ബദല്‍ ശക്തിയായി ഉയര്‍ത്തുമെന്നും അമിത് ഷാ കണക്കുകൂട്ടുന്നു. അതിനാല്‍ തന്നെ ഈ നേതാവില്‍ മാത്രം കണ്ണുംനട്ടാണ്‌ നിലവില്‍ അമിത് ഷായുടെ കേരള പായ്ക്കേജ് മുന്നോട്ട് നീങ്ങുന്നത്.

publive-image

സ്വന്തം പാര്‍ട്ടിയ്ക്ക് ശക്തിയില്ലാത്തിടത്ത് കോണ്‍ഗ്രസില്‍ നിന്നോ മറ്റ്‌ പാര്‍ട്ടികളില്‍ നിന്നോ കൂട്ടമായി നേതാക്കളെയും പ്രവര്‍ത്തകരെയും ബി ജെ പിയിലേക്ക് മെര്‍ജ് ചെയ്യുന്നതാണ് അമിത്ഷായുടെ ശൈലി. ത്രിപുരയില്‍ ഉള്‍പ്പെടെ ഈ നീക്കം ശക്തമായ വിജയത്തിന് കാരണമായി മാറിയ സാഹചര്യത്തില്‍ കേരളത്തിലും ഇതേ പ്രതീക്ഷയിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം.

ഈ പായ്ക്കേജ് ലക്ഷ്യത്തിലെത്തിയാല്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരും. മുന്‍ സംസ്ഥാന അധ്യക്ഷന്മാരും ദേശീയ രാഷ്ട്രീയത്തില്‍ സജീവവുമായ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ക്കും ദേശീയ തലത്തില്‍ കാര്യമായ അര്‍ഹമായ ചുമതലകള്‍ നല്‍കിയേക്കും.

സംസ്ഥാനത്ത് സി പി എമ്മിനെ മുഖ്യ ശത്രുവായി കണ്ട് രാഷ്ട്രീയ മുന്നേറ്റത്തിന് തയാറാകാനാണ് ബി ജെ പിയുടെ പദ്ധതി. അതിനാല്‍ തന്നെ സി പി എമ്മിനെ നേരിടാന്‍ ശക്തനായ നേതാവെന്ന നിലയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തന്നെ അമിത് ഷാ ലക്‌ഷ്യം വയ്ക്കുന്നത്. ആദ്യഘട്ട ചര്‍ച്ചകളില്‍ ഈ നേതാവ് വിമുഖത അറിയിച്ചെങ്കിലും ദൌത്യത്തില്‍ നിന്നും പിന്മാറാതെ ഇദ്ദേഹത്തിനു പിന്നാലെയാണ് അമിത് ഷാ ടീം.

അടുത്തിടെ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ സ്വാധീനമുറപ്പിക്കാന്‍ ലക്‌ഷ്യം വച്ച് ഈ നേതാവ് നടത്തിയ രാഷ്ട്രീയ നീക്കത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അട്ടിമറിച്ചത് ഈ നീക്കം മുന്‍കൂട്ടി മനസിലാക്കിയാണെന്നാണ് റിപ്പോര്‍ട്ട്.

ഈ നേതാവ് സമ്മതം മൂളിയാല്‍ കോണ്‍ഗ്രസില്‍ നിന്നും ഇടത് - വലത് സഖ്യ കക്ഷികളില്‍ നിന്നും ബി ജെ പിയിലേക്ക് കുത്തൊഴുക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

tripura election
Advertisment