Advertisment

കെ സുധാകരനും രമേശ്‌ ചെന്നിത്തലയും തമ്മിലിടയുന്നു. ഷുഹൈബ് സമരം അട്ടിമറിച്ചത് തനിക്കെതിരെയുള്ള നീക്കമെന്ന് സുധാകരന്റെ ആരോപണം ?

New Update

കണ്ണൂര്‍:  ഷുഹൈബ് സമരം അട്ടിമറിച്ചതിനെച്ചൊല്ലി കെ സുധാകരനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും തമ്മിലിടയുന്നു. 37 വെട്ടുകളേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തിയ നിരാഹാര സമര൦ യു ഡി എഫ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്‍ എട്ടാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

Advertisment

സമരം യു ഡി എഫ് ഏറ്റെടുക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. സമരത്തിന് വന്‍ ജനപിന്തുണ നേടാനായ സാഹചര്യത്തില്‍ നേതൃത്വം ഇടപെട്ട് സമരം അവസാനിപ്പിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സുധാകരന്റെ പ്രസക്തി വര്‍ധിച്ചുവന്ന സാഹചര്യത്തിലായിരുന്നു എന്നാണു സുധാകരന്‍ പക്ഷത്തിന്‍റെ വിലയിരുത്തല്‍.

publive-image

സുധാകരന് പ്രാധാന്യം വര്‍ധിക്കുന്നത് തടയാന്‍ പാര്‍ട്ടിയില്‍ ചിലര്‍ ഗൂഡാലോചന നടത്തുകയായിരുന്നെന്നാണ് ഇവരുടെ പരാതി.

അതേസമയം, പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ യഥാര്‍ത്ഥ കുറ്റവാളികളാണെന്നു സുധാകരന്‍ തന്നെ സമ്മതിച്ച സ്ഥിതിയ്ക്ക് സമരം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ദ്ധമില്ലെന്ന് മനസിലാക്കിയാണ് സമരം പിന്‍വലിക്കാന്‍ സാഹചര്യം ഒരുക്കിയതെന്നാണ് ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പിന്റെ വിശദീകരണം.

ഇതുവരെയുള്ള പോലീസ് അന്വേഷണം ശരിയെന്നും പിടിയിലായത് യഥാര്‍ത്ഥ കുറ്റവാളികളെന്ന്‍ സുധാകരന്‍ തന്നെ സമ്മതിക്കുകയും ചെയ്ത ശേഷം വീണ്ടും സമരം നീട്ടിക്കൊണ്ടുപോകുന്നത് നേടിയ ജനപിന്തുണ നഷ്ടപ്പെടാനെ ഇടയാക്കുകയുള്ളൂവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ സി ബി ഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ കണ്ണൂരില്‍ വന്‍ ജനവികാരം രൂപപ്പെടുത്താന്‍ സഹായകമാകുമായിരുന്നു എന്നാണു സുധാകരന്റെ പക്ഷം.

publive-image

അതേസമയം, സമരത്തെച്ചൊല്ലി തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം നിലനിന്നിരുന്നു എന്ന ആരോപണമുണ്ട്. സുധാകരന്റെ സമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താനാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. ഡീന്‍ കുര്യാക്കോസിനെയും സി ആര്‍ മഹേഷിനെയും സമരത്തിനിരുത്തിയതെന്നും സുധാകര പക്ഷം ആരോപിക്കുന്നു.

സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ചും അന്ന് രാവിലെ വരെ തര്‍ക്കം നിലനിന്നിരുന്നു. ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എം എല്‍ എമാരെ യോഗത്തിന് ക്ഷനിക്കാത്തത് സംബന്ധിച്ച തര്‍ക്കത്തില്‍ പ്രതിഷേധിച്ച് യോഗം തുടങ്ങും മുമ്പ് യോഗം ബഹിഷ്കരിച്ച് ഇരു വിഭാഗങ്ങളും അവരുടെ താല്പര്യം സംരക്ഷിച്ചു.

അതിനിടെ സുധാകരന് നിരാഹാര സമരത്തിനിടെ ചൂടുവെള്ളം എത്തിച്ചുകൊടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കാപ്പി എത്തിച്ചതാണെന്ന നിലയില്‍ പ്രചരണം നടത്തിയതിന് പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗമാണെന്ന പ്രതിഷേധം സുധാകരനുണ്ട്. ഇതൊക്കെ തനിക്കെതിരെയുള്ള പാര്‍ട്ടിയിലെ കരുതിക്കൂട്ടിയുള്ള നീക്കമായാണ് സുധാകരന്‍ സംശയിക്കുന്നത്.

താന്‍ കെ പി സി സി അധ്യക്ഷനാകുന്നത് തടയാനാണ് ഇതെന്നും സുധാകരന്‍ സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് സുധാകരനും ചെന്നിത്തലയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നത്.

shuhaib
Advertisment