Advertisment

എങ്ങുമെത്താതെ എസ്.എഫ്.ഐയിലെ ആള്‍മാറാട്ട വിവാദം; അനൗദ്യോഗിക അന്വേഷണം എത്തിനിന്നത് ജില്ലയിലെ ഉന്നത നേതാവിലേക്ക്; പാര്‍ട്ടിതല അന്വേഷണം നിർത്തിയത് വിവാദങ്ങൾ മറയ്ക്കാനോ?

New Update

publive-image

Advertisment

തിരുവനന്തപുരം: എസ്.എഫ്.ഐയിലെ ആള്‍മാറാട്ട വിവാദം ആറിത്തണുത്തതോടെ പാര്‍ട്ടിതല അന്വേഷണവും മന്ദീഭവിപ്പിച്ച് സി.പി.എം ജില്ലാ നേതൃത്വം. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനാകുന്നതിന് വേണ്ടി കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ നേതാവ് ആള്‍മാറാട്ടം നടത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചെങ്കിലും ഒരടി പോലും മുന്നോട്ടുപോയിട്ടില്ല.


കാട്ടാക്കട മേഖലയില്‍ നിന്നുളള നേതാക്കളെല്ലാം സംശയനിഴലിലായ പശ്ചാത്തലത്തിൽ. സംശയത്തിന്റെ പുകമറയില്‍ നിന്ന് ഒഴിവാകുന്നതിനായി കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷും, അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫനും പാര്‍ട്ടിയില്‍ നിന്ന് പിന്തുണ നല്‍കിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. സംഘടനാ തലത്തില്‍ ജില്ലയില്‍ ഏറ്റവും ഉയരത്തിലുളള നേതാവിലേക്കാണ് അനൗദ്യോഗിക അന്വേഷണം എത്തിനിന്നത്. 


ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഡി.കെ.മുരളി എം.എല്‍.എ, എസ്.പുഷ്പലത എന്നിവരെയാണ് ആള്‍മാറാട്ട വിവാദം അന്വേഷിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം ചുമതലപ്പെടുത്തിയത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതാ നേതാവിനെ ഒഴിവാക്കി, മത്സരിക്കുക പോലും ചെയ്യാതിരുന്ന എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനാകാന്‍ നടത്തിയ നീക്കത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും സഹായിച്ചോ എന്നതും പാര്‍ട്ടി കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് വിവാദം തണുത്തതോടെ അന്വേഷണവും തണുപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ഭാഗമായ നേതാക്കള്‍ നല്‍കുന്ന സൂചന.

ആള്‍മാറാട്ടം നടത്തിയ എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി എ.വിശാഖിന് ഒറ്റയ്ക്ക് ഈ നീക്കം നടത്താനാകില്ലെന്ന് ഏതാണ്ട് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ആരാണ് പിന്തുണ നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് വിഷയം ചര്‍ച്ച ചെയ്ത പാര്‍ട്ടി ജില്ല കമ്മിറ്റിയില്‍ അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. കാട്ടാക്കട മേഖലയില്‍ നിന്നുളള നേതാക്കളെല്ലാം സംശയനിഴലിലായ പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യം ഉയര്‍ന്നത്. സംശയത്തിന്റെ പുകമറയില്‍ നിന്ന് ഒഴിവാകുന്നതിനായി കാട്ടാക്കട എം.എല്‍.എ ഐ.ബി.സതീഷും, അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫനും പാര്‍ട്ടിയില്‍ നിന്ന് പിന്തുണ നല്‍കിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

ആദ്യം കത്ത് നല്‍കിയത് അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫനായിരുന്നു. സി.എസ്.ഐ വിഭാഗത്തില്‍ നിന്നുളള നേതാവായ ജി.സ്റ്റീഫന്‍ സഭാ നേതൃത്വവുമായും സഭയുടെ ഉടമസ്ഥതയിലുളള കാട്ടാക്കട ക്രിസ്ത്യന്‍ കോളജുമായും ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ്. കോളജുമായി അടുത്ത ബന്ധമുളളതുകൊണ്ട് സംശയമുന തനിക്കുനേരെ നീളുന്നുവെന്ന് മനസിലാക്കിയാണ് സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയത്. കാട്ടാക്കടയിലെ സി.പി.എം പ്രാദേശിക വിഭാഗീയതയില്‍ സ്റ്റീഫന്റെ എതിരാളിയായ ഐ.ബി.സതീഷ്, സ്റ്റീഫന്റെ കത്ത് തന്നെ സംശയത്തിലാക്കാതിരിക്കുന്നതിന് വേണ്ടിയാണ് ആള്‍മാറാട്ട വിവാദത്തിലെ പാര്‍ട്ടി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതിയത്.

പ്രദേശത്തെ രണ്ട് പ്രധാന നേതാക്കളും അന്വേഷണാവശ്യം ഉന്നയിച്ചതോടെ നേതൃത്വം, വിവാദത്തില്‍ അവര്‍ക്ക് പങ്കില്ലെന്ന അനുമാനത്തിലേക്കെത്തി. ആരാണ് യഥാര്‍ത്ഥത്തില്‍ സഹായിച്ചതെന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നുവന്നു. സംഘടനാ തലത്തില്‍ ജില്ലയില്‍ ഏറ്റവും ഉയരത്തിലുളള നേതാവിലേക്കാണ് അനൗദ്യോഗിക അന്വേഷണം എത്തിനിന്നത്. എന്നാല്‍ സംസ്ഥാനതലത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയിരിക്കുന്ന നേതാവിലേക്ക് അന്വേഷണം എത്തിയാല്‍ അത് വിവാദം കൂടുതല്‍ മൂര്‍ച്ഛിക്കാന്‍ മാത്രമേ ഉപകരിക്കു എന്ന് മനസിലാക്കിയ ജില്ലാ നേതൃത്വത്തിന് മുന്നില്‍ അന്വേഷണം മന്ദീഭവിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് വന്നു. അതുകൊണ്ടാണ് പാര്‍ട്ടി കമ്മീഷന്‍ അന്വേഷണ നടപടികള്‍ ആരംഭിക്കാതെ താളം ചവിട്ടുന്നതെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

ഉയര്‍ന്ന നേതാക്കളിലേക്ക് എത്തുന്നത് അപകടമാണെന്ന് നേതൃത്വം തിരിച്ചറിഞ്ഞതിനാല്‍ എസ്.എഫ്.ഐയുടെ 53 വര്‍ഷത്തെ യശസുറ്റ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തിയ ആള്‍മാറാട്ട വിവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏരിയ സെക്രട്ടറിയായ എ.വിശാഖില്‍ ഒതുക്കാനാണ് സാധ്യത. സി.പി.എം പ്‌ളാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ വിശാഖിനെ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എസ്.എഫ്.ഐയുടെ ജില്ലാ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിശാഖിനെ സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ആള്‍മാറാട്ടം നടത്തി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനാകാനുളള നീക്കത്തില്‍ വിശാഖിനെ സ്‌പോണ്‍സര്‍ ചെയ്ത പാർട്ടിയിലെ ഉന്നതനെ കണ്ടെത്താന്‍ ജില്ലാ സെക്രട്ടറി വി.ജോയിക്കും താല്‍പര്യമില്ല. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇടപടല്‍ വരാതെ വി.ജോയിയുടെ നിലപാടില്‍ മാറ്റം വരാനും സാധ്യതയില്ല. വിവാദം പൊട്ടിപ്പുറപ്പെട്ട സമയത്ത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ബ്രിട്ടണില്‍ പര്യടനത്തിലായിരുന്നു. വിവാദത്തെപ്പറ്റി ഇതുവരെ പരസ്യമായി പ്രതികരിക്കാത്ത എം.വി.ഗോവിന്ദന്‍ ഇടപെടുന്നില്ലെങ്കില്‍ ആള്‍മാറാട്ട വിവാദത്തിലെ പാര്‍ട്ടിയില്‍ നിന്നുളള സ്‌പോണ്‍സര്‍ അജ്ഞാതനായി തുടരുമെന്നാണ് നേതാക്കള്‍ പറയുന്നത്.

Advertisment