കോളജുകള്‍ക്ക് സംസ്ഥാന അക്രഡിറ്റേഷന്‍ സംവിധാനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 4, 2018

തിരുവനന്തപുരം: കോളേജുകളുടെ ദേശീയ അംഗീകാര ഏജന്‍സിയായ നാക് മാതൃകയില്‍ സംസ്ഥാനത്തും അക്രഡിറ്റേഷന്‍ സംവിധാനം വരുന്നു. അടുത്ത വര്‍ഷം ജനുവരി മുതല്‍ സംസ്ഥാന അക്രഡിറ്റേഷനില്‍ അപേക്ഷ സ്വീകരിക്കും.സംസ്ഥാനത്തെ കോളേജുകളുടെ ഗുണനിലവാരം ഉയര്‍ത്തുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.

ദേശീയ ഏജന്‍സിയായ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ആണ് കോളജുകളുടെ നിലവാരം കണക്കാക്കി വന്നിരുന്നത്. ഇതേ മാതൃകയിലാണ് സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (സാക്) നിലവില്‍ വരുന്നത്. സാക് അക്രഡിറ്റേഷന്‍ ലഭിച്ച കോളജുകള്‍ക്ക് മാത്രമേ ഭാവിയില്‍ സര്‍ക്കാര്‍ സഹായം ലഭിക്കൂ എന്ന് ഉന്നത് വിദ്യാഭ്യാസ കൗണ്‍സില്‍ ബോര്‍ഡ് യോഗത്തിന് ശേഷം കെ.ടി ജലീല്‍ വ്യക്തമാക്കി.

സാക് പരിശോധനയ്ക്ക് സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍, ഒരുക്കേണ്ട സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വ്യക്തത ഡിസംബറിന് മുന്‍പേ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ കോളജുകള്‍ക്ക് അക്രഡിറ്റേഷനായി അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാം. ഏകദേശം 40,000 കോളജുകളും 1000 സര്‍വകലാശാലകളുമുള്ള രാജ്യത്ത് 1200 കോളജുകള്‍ക്കും 59 സര്‍കലാശാലകള്‍ക്കും മാത്രമാണ് NAAC ന്റെ അക്രഡിറ്റേഷന്‍ പരിശോധനകള്‍ നടന്നിരിക്കുന്നത്.

×