Advertisment

കനേഡിയൻ മലയാളികൾക്കായി "കേരളീയം" ഓമ്‌നി -2 ടീവിയിൽ ഞായറാഴ്ച മുതൽ

author-image
ജെയ്‌സൺ മാത്യു
Updated On
New Update

ടൊറോന്റോ : റോജേഴ്‌സ് മീഡിയായുടെ കീഴിലുള്ള മൾട്ടികൾച്ചറൽ ചാനലായ ഓമ്‌നി -2 ടീവിയിൽ മലയാളം പരിപാടിയായ "കേരളീയം" സെപ്റ്റംബർ 20 ഞായറാഴ്ച മുതൽ സംപ്രേഷണം ആരംഭിക്കും.

Advertisment

publive-image

എല്ലാ ഞായറാഴ്ചയും ഉച്ചക്ക് 12 :30 -നായിരിക്കും സംപ്രേഷണം. പ്രോഗ്രാമിന്റെ പുനഃ സംപ്രേഷണം തിങ്കളാഴ്ച 2 .30 നും , ബുധനാഴ്ച രാവിലെ 7 -നും, വെളളിയാഴ്ച വൈകുന്നേരം 3 :30 -നും ഉണ്ടായിരിക്കും.

കാനഡയിലെ മലയാളികളുടെ ജീവിതചര്യയുടെ നേർചിത്രമാണ് "കേരളീയ"ത്തിലൂടെ വരച്ചുകാട്ടുന്നത്. കാൽനൂറ്റാണ്ടിലേറെയായി കാനഡയിൽ സ്ഥിരതാമസമാക്കിയ ആദ്യകാല കനേഡിയൻ മലയാളികളുടെ ജീവിതം പടുത്തുയർത്തിയ കഥ പറയുന്ന "പിന്നിട്ട വഴികൾ", ജീവിത വിജയം കൈവരിച്ച മലയാളികളെ പരിചയപ്പെടുത്തുന്ന "വിജയ വീഥി", വേറിട്ട വഴികളിലൂടെ ജീവിതത്തിന് ചാരുത പകർന്ന മലയാളികളുടെ "വേറിട്ട കാഴ്ചകൾ", മലയാളി വിഭവങ്ങളെയും മലയാളി റെസ്‌റ്റോറന്റുകളെയും പരിചയപ്പെടുത്തുന്ന "രുചിക്കൂട്ടിലെ പൊടിക്കൂട്ട് " തുടങ്ങിയ നിരവധി സെഗ്‌മെന്റുകൾ കേരളീയത്തിലൂടെ നമ്മുക്ക് കാണാനാവും.

കനേഡിയൻ മലയാളികൾ നേരിടുന്ന എല്ലാവിധ നിയമപ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിച്ചുകൊണ്ടുള്ള "നിയമ വീഥി" കൈകാര്യം ചെയ്യുന്നത് കാനഡയിലെ ഒരു മുതിർന്ന അഭിഭാഷകയായ ലതാ മേനോൻ ആണ്.

കലാ -സാഹിത്യ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ളവരും മികവ് പുലർത്തുന്ന മലയാളി കലാപ്രകടനങ്ങളും "കേരളീയ"ത്തിലൂടെ ഇനി സ്വീകരണ മുറികളിൽ എത്തും.

വീടുകൾ വാങ്ങുന്നതും വിൽക്കുന്നതും ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് രംഗത്തെ എല്ലാ സംശയങ്ങൾക്കും മറുപടിയും ഉപദേശങ്ങളും നൽകിക്കൊണ്ട് "സ്വപ്‌നവീട്‌ " എന്ന സെഗ്മെന്റ് അവതരിപ്പിക്കുന്നത് റീമാക്സ് റിയൽറ്റിയിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങിൽ ഉള്ള അനുഭവ സമ്പന്നനായ റിയൽറ്റർ മനോജ് കരാത്തയാണ് .

കുടുംബവിശേങ്ങൾ പങ്കുവെച്ചുകൊണ്ട് ഓരോ കുടുംബത്തെയും പരിചയപ്പെടുത്തികൊണ്ടുള്ള "ഫാമിലി പിക്ച്ചർ", സഞ്ചാരം ഇഷ്ട്ടപ്പെടുന്ന കനേഡിയൻ മലയാളി വ്‌ളോഗർമാരുടെ യാത്രാവിവരണങ്ങളടങ്ങിയ വീഡിയോകൾ പ്രേക്ഷകരിൽ എത്തിക്കാനായി "സഞ്ചാരം" തുടങ്ങിയ സെഗ്‍മെന്റുകളും വരുംഎപ്പിസോഡുകളിൽ കാണാവുന്നതാണ്.

എല്ലാ മാസാവസാനവും അതാതു മാസത്തെ പ്രധാന കേരളാ -കാനഡാ വാർത്തകൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു വാർത്താ ബുള്ളറ്റിനും സംപ്രേഷണം ചെയ്യുന്നതാണ്.

സോച്ചു മീഡിയായുടെ ബാനറിൽ നിർമ്മിക്കുന്ന "കേരളീയ"ത്തിന്റെ ആശയവും ആവിഷ്ക്കാരവും നിർവ്വഹിക്കുന്നത് ഏഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്ക് ഉദ്യോഗസ്ഥനായിരുന്ന സജി കൂനയിലാണ്. കാനഡയിലെ ഒരു അറിയപ്പെടുന്ന മലയാളം സാഹിത്യകാരനായ മാത്യു ജോർജാണ് പ്രോഗ്രാമിൻറെ സ്ക്രിപ്റ്റ് എഴുതുന്നത്. കൈരളി ടീവി യിലെ "ചമയം" എന്ന പ്രോഗ്രാമിന്റെ അവതാരകയായ മേഘാ പുത്തൂരാനാണ് ഈ പ്രോഗ്രാമിന്റെയും അവതാരക. പത്രപ്രവർത്തകയായ അനിതാ നായർ ക്രീയേറ്റീവ് കോൺട്രിബ്യുട്ടർ ആയി പിന്നണിയിൽ പ്രവർത്തിക്കുന്നു."കേരളീയ"ത്തിലെ വിവിധ പ്രോഗ്രാമുകളിൽ ഭാഗഭാക്കാകുവാൻ താല്പര്യമുള്ളവർക്ക് keraleeyamcanada@gmail.com -യിൽ ബന്ധപ്പെടാവുന്നതാണ്.

kerala
Advertisment