Advertisment

ഭക്ഷണം ഉണ്ടാക്കിവച്ച് കഴിക്കാന്‍ വിളിച്ചപ്പോള്‍ അമ്മയെ ചവിട്ടി നിലത്തിട്ട് കൊലപാതകം. വീടിനുപിന്നില്‍ അമ്മയുടെ മൃതദേഹം കത്തിക്കൊണ്ടിരിക്കുമ്പോള്‍ കുളികഴിഞ്ഞുവന്ന് അമ്മ ഉണ്ടാക്കിവച്ചത് ഭക്ഷിച്ചു. പിന്നെ കൂട്ടുകാരനൊപ്പം പുറത്തുപോയി ഐസ്ക്രീം കഴിച്ചു. പോലീസ് പിടിച്ചപ്പോള്‍ അമ്മയ്ക്കെതിരെ അപവാദ പ്രചരണം. 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കൊലപാതക വിവരണം അമ്പരപ്പിക്കുന്നത്

New Update

തിരുവനന്തപുരം:  പേരൂര്‍ക്കട അമ്പലമുക്ക്‌ മണ്ണടി ലൈനില്‍ ദ്വാരകയില്‍ ദീപ (50)യുടെ കൊലപാതകം പോലീസിനെപ്പോലും അമ്പരപ്പിക്കുന്നത്. അമ്മയെ കൊലചെയ്ത കേസില്‍ അറസ്റ്റിലായ 22 കാരനായ മകന്‍ അക്ഷയിന്റെ വെളിപ്പെടുത്തലുകള്‍ പോലീസിനെപ്പോലും അതിശയിപ്പിക്കുന്ന വിധമായിരുന്നു.

Advertisment

കുവൈറ്റിലെ പ്രവാസി മലയാളിയായ അശോകന്റെ ഭാര്യയായ ദീപ രാവിലെ മകനുവേണ്ടി ഉണ്ടാക്കിവച്ച ഭക്ഷണം അവന് വിളമ്പിക്കൊടുക്കാന്‍ കാത്തിരിക്കുമ്പോഴായിരുന്നു ഉച്ചയ്ക്ക് സിനിമയ്ക്ക് പോയ മകന്‍ വൈകിട്ട് 3 മണിയോടെ തിരികെയെത്തിയത്.

publive-image

അമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോഴാണ് മകന്‍ പഠനാവശ്യത്തിനെന്നു പറഞ്ഞ് അമ്മയോട് പണം ആവശ്യപ്പെടുന്നതും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും. ഉടന്‍ പിന്നില്‍ നിന്നും അമ്മയെ ചവിട്ടി വീഴ്ത്തിയ മകന്‍ മുഖമടിച്ചു നിലത്തുവീണ ദീപയെ ബെഡ്ഷീറ്റ് കൊണ്ട് വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പായപ്പോള്‍ വീടിനു പുറകില്‍ മാലിന്യം കത്തിക്കുന്ന കുഴിയില്‍ അമ്മയുടെ മൃതദേഹം കൊണ്ടിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മൃതദേഹത്തിന് മുകളില്‍ തീ ആളിക്കത്തിക്കാന്‍ വിറകും ഓലയും കൊതുമ്പും കൊണ്ടിട്ടു. പിന്നെ കുളിമുറിയില്‍ കയറി കുളിച്ചുവന്ന് വീടിനുള്ളിലെത്തി ഒന്നും സംഭവിക്കാത്ത മട്ടില്‍ വിളക്ക് കത്തിച്ചു പ്രാര്‍ഥിച്ചു.

തുടര്‍ന്ന്‍ അമ്മയുടെ മൃതദേഹം അപ്പുറത്ത് കത്തിക്കൊണ്ടിരിക്കുമ്പോള്‍ രാവിലെ അമ്മ തയാറാക്കി വച്ച ഭക്ഷണം എടുത്ത് കഴിച്ചു. ഇതിനിടയില്‍ മൃതദേഹത്തിന് മുകളില്‍ തീ കുറയുന്നതിനനുസരിച്ച് വിറക് ഇട്ടുകൊടുത്തുകൊണ്ടിരുന്നു.

ഇതിനിടയില്‍ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി അവനോടൊപ്പം നാലാഞ്ചിറയില്‍ പോയി ഐസ്ക്രീം കഴിച്ചു മടങ്ങിവന്നു. രാത്രി വീണ്ടും മൃതദേഹത്തിനുമുകളില്‍ വിറകിട്ടുകൊടുത്ത ശേഷം ഉറങ്ങാന്‍ കിടന്നു.

രാവിലെ 2 സുഹൃത്തുക്കളെ വിളിച്ചുവരുത്തിയശേഷം ഒരു ഭാവഭേദവും പ്രകടിപ്പിക്കാതെ വീടിനു പുറകില്‍ ഒരു സാധനം കിടപ്പുണ്ടെന്നും പോയി നോക്കാനും പറഞ്ഞു. എന്തോ തമാശ എന്ന നിലയില്‍ കൂട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ മൃതദേഹം കാണുന്നത്.

സുഹൃത്തുക്കള്‍ പരിഭ്രാന്തരായി വിറങ്ങലിച്ചു പോയെങ്കിലും അക്ഷയ് ഒരു ഭാവഭേദവും കൂടാതെയാണ് അവരോടു പ്രതികരിച്ചത്.

പിന്നീട് കൊല്ലത്തുള്ള അമ്മാവനെ ഫോണില്‍ വിളിച്ച് ഒരു അത്യാവശ്യം ഉണ്ടെന്നും ഉടന്‍ വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. അമ്മാവനും ബന്ധുക്കളും വീട്ടിലെത്തുമ്പോഴും അക്ഷയിന് ഭാവവ്യത്യാസമില്ലായിരുന്നു.

ഇവരാണ് വിവരം പോലീസില്‍ അറിയിക്കുന്നത്.  ഈ വിവരങ്ങളെല്ലാം പോലീസിനോട് വിശദീകരിക്കുമ്പോഴും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ അക്ഷയിന് ഭാവവ്യത്യാസമൊ അമ്മയെ കൊലചെയ്തതിലുള്ള പശ്ചാത്താപമോ ഒന്നും ഉണ്ടായിരുന്നില്ല.

publive-image

നന്തന്‍കോട്ടെ വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും കൊലചെയ്ത കേഡല്‍ ജിന്‍സണ്‍ രാജയുടെ പെരുമാറ്റത്തെയും മാനസിക നിലവാരത്തെയും അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു അക്ഷയിന്റെ പെരുമാറ്റം.

സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രോജക്ഷന്‍റെ പേരിലായിരുന്നു കേഡല്‍ ജില്‍സണ്‍ ഉറ്റവരെ കൊലചെയ്തത്. സമാന സാഹചര്യങ്ങളാണ് അക്ഷയിന്റെ കാര്യത്തിലും പോലീസ് സംശയിക്കുന്നത്.

17 വര്‍ഷം മുമ്പാണ് അശോകനും ദീപയും മക്കളും ഇവിടെ താമസത്തിനെത്തിയത്. അക്ഷയും സഹോദരി അനഘയും തിരുവനന്തപുരത്താണ് പഠിച്ചത്.  അനഘയും ഭര്‍ത്താവും കുഞ്ഞും കുവൈറ്റില്‍ തന്നെയാണ്. ദീപ തലസ്ഥാനത്ത് എല്‍ ഐ സി ഏജന്റാണ്.

പാലോട് സ്വദേശിയായ അശോകന്‍ നാട്ടില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു. കട വിറ്റശേഷമാണ് നാട്ടിലെ വീട് വിറ്റ്‌ നഗരത്തിലേക്ക് താമസം മാറ്റിയത്. പിന്നീടാണ് അശോകന്‍ കുവൈറ്റിലേക്ക് പോയത്. മകളുടെ വിവാഹത്തിനും പിന്നീട് ഇവരുടെ കുട്ടിയുടെ പ്രസവത്തിനും നൂലുകെട്ട് ചടങ്ങുകള്‍ക്കുമായി നാട്ടിലെത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കകം അശോകന്‍ വീണ്ടും നാട്ടിലെത്താനിരിക്കെയാണ് കുടുംബത്ത് അതിദാരുണമായ സംഭവം അരങ്ങേറുന്നത്.

അമ്മയെ കൊലപ്പെടുത്തിയതിന് കാരണമായി മകന്‍ പറയുന്നത് അമ്മയെക്കുറിച്ചുള്ള അപവാദങ്ങളാണ്. അമ്മയെ മകന് സംശയമായിരുന്നത്രേ. ഇക്കാര്യം സഹോദരിയോടും അച്ഛനോടും പറഞ്ഞിരുന്നുവെന്നും മകന്‍ പറയുന്നു. ഏതാനും നാളുകളായി അമ്മയും അച്ഛനും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നും അക്ഷയ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിലെ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ.

നാട്ടുകാരുമായും അയല്‍വാസികളുമായും നല്ല പെരുമാറ്റമായിരുന്നു ദീപയുടേത്. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന ദീപ ക്ഷേത്ര കാര്യങ്ങളിലും സജീവമായിരുന്നു. എസ് എന്‍ ഡി പി വനിതാസംഘം, റസിഡന്റ്‌ അസോസിയേഷന്‍ എന്നിവയിലൊക്കെ നിറസാന്നിധ്യമായിരുന്നു ദീപ.

അമ്മയെക്കുറിച്ച് നാട്ടുകാര്‍ക്കൊക്കെ മോശം അഭിപ്രായമാണെന്ന് മകന്‍ പോലീസിനോട് പറയുമ്പോഴും ദീപയെക്കുറിച്ച് നാട്ടുകാര്‍ക്ക് അങ്ങനൊരഭിപ്രായമില്ല. അതിനാല്‍ തന്നെ പോലീസിനെ സംബന്ധിച്ച് ഈ കേസ് അതിശയകരമാണ്.

murder deepa murder
Advertisment