Advertisment

ഇന്ത്യയുടെ തൊട്ടടുത്തുള്ള രാജ്യത്ത് കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി; ഇനിയും എത്രനാള്‍ കാത്തിരിക്കണം; ശ്രീലങ്കയില്‍ കുടുങ്ങിയ മലയാളി ദമ്പതികള്‍ ചോദിക്കുന്നു

New Update

കൊച്ചി : വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശിയായ കപ്പൽ ജീവനക്കാരൻ ആർ.ഡി.ശ്രീജിത്തിന്റെയും ഭാര്യ ഗ്രീനിയുടെയും നാട്ടിലേക്കു മടങ്ങാനുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് 70 ദിവസം പിന്നിടുന്നു. മാർച്ച് 11നു സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ ഇവർ 19 മുതൽ കേരളത്തിൽ തിരിച്ചെത്താൻ ശ്രമം തുടങ്ങിയതാണ്. പക്ഷേ, കോവിഡ് ലോക്ഡൗണിൽ രാജ്യാന്തര വിമാന സർവീസുകൾ നിലച്ചതോടെ ആ ശ്രമം വഴിമുട്ടി. ലങ്കൻ തമിഴ് വംശജനായ ഒരു ഹോട്ടൽ ഉടമയുടെ സൻമനസ്സു കൊണ്ടു താമസവും ഭക്ഷണവും മുടങ്ങിയിട്ടില്ല.

Advertisment

publive-image

കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ മാർച്ച് 25ന് അടച്ചു പൂട്ടിയ ഹോട്ടലിലെ ഏക താമസക്കാർ ഈ ദമ്പതികളാണ്! കുക്ക് ഉൾപ്പെടെ ഏതാനും ജീവനക്കാരുമുണ്ട്. കർഫ്യൂ മൂലം ഹോട്ടലിനു പുറത്തിറങ്ങാനാകാതെ ശ്രീജിത്തും ഭാര്യയും തള്ളി നീക്കിയത് ആഴ്ചകൾ. ചൊവ്വാഴ്ചയാണു കർഫ്യൂവിൽ ഇളവു കിട്ടിയത്. കൊളംബോ വിമാനത്താവളത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ നിഗംബോയിലാണു ഹോട്ടൽ.

‘‘ 70 – 80 മലയാളികൾ ശ്രീലങ്കയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. മറ്റു സംസ്ഥാനക്കാർ വേറെയും. പക്ഷേ, ഇന്ത്യൻ ഹൈക്കമ്മിഷന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമില്ല. നാട്ടിലേക്കു വരാൻ നോർക്ക റൂട്സിൽ റജിസ്റ്റർ ചെയ്തിരുന്നു. ടൂറിസം വകുപ്പിനെയും അറിയിച്ചിരുന്നു. മന്ത്രിമാരുടെ ഓഫിസുകളിലും വിവരം അറിയിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ നോക്കാമെന്നാണു കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചത്.

മറ്റൊരു രാജ്യത്ത്, അതും ഇന്ത്യയോടു തൊട്ടടുത്ത ഒരു രാജ്യത്ത് മാസങ്ങളായി കുടുങ്ങിക്കിടക്കുകയാണ്. ഇനിയും, എത്ര നാൾ കാത്തിരിക്കണം?’’. ശ്രീജിത് ചോദിക്കുന്നു. ജൂൺ ഒന്നിനു കൊളംബോയിൽ നിന്നു തിരുച്ചിറപ്പള്ളിയിലേക്കു കപ്പൽ സർവീസുണ്ട്. 700 പേർക്കു പോകാം. പക്ഷേ, തമിഴ്നാട് സർക്കാരിന്റെ അഭ്യർഥന പ്രകാരമാണു സർവീസ്. അതിൽ ശ്രീജിത്തിനും ഭാര്യയ്ക്കും ഇടം കിട്ടില്ല.

covid 19 corona virus
Advertisment