Advertisment

ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടം സൗദി സ്ഥാനപതിയുടെ വീട്ടില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്; ശരീരം വെട്ടിനുറുക്കിയ നിലയില്‍

New Update

Related image

Advertisment

ലണ്ടന്‍: ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടിലും പൂന്തോട്ടത്തിലുമായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ബ്രീട്ടിഷ് വാര്‍ത്താചാനലായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ശരീരം വെട്ടിനുറുക്കി മുഖം വികൃതമാക്കപ്പെട്ട നിലയിലാണ്. അതേസമയം, സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പിലെ കിണറില്‍നിന്നും ശരീരാവശിഷ്ടം കണ്ടെത്തിയതായി തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. ആസൂത്രിതമായിരുന്നു കൊലപാതകം എന്നുള്ള ആരോപണം ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.

മൃതദേഹാവശിഷ്ടങ്ങള്‍ സ്ഥാനപതിയുടെ വസതിക്കരികിലുള്ള കിണറില്‍നിന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി തുര്‍ക്കിയിലെ റോഡിന പാര്‍ട്ടി നേതാവ് ഡോഗു പെരിന്‍ജെക് രംഗത്ത് വന്നിരുന്നു.

ഖഷോഗ്ഗിയുടെ മരണത്തിന് പിന്നില്‍ സൗദിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഖഷോഗ്ഗി കൊല്ലപ്പെട്ടതാണെന്ന് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. എന്നിട്ടും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താന്‍ സൗദി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് എര്‍ദോഗന്‍ ചോദിച്ചു.

നേരത്തേ ഖഷോഗ്ഗിയുടെ മരണവുമായി ബന്ധപ്പെട്ട് സൗദിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇതുവരെ അത്തരത്തില്‍ യാതൊന്നും പുറത്തുവിടാന്‍ തുര്‍ക്കി തയ്യാറായിട്ടില്ല.

Advertisment