Advertisment

ശൈഖ് സബാഹ്‌ അൽ ജാബിർ അൽ സബാഹ്‌ ഐക്യത്തിന്റെ സന്ദേശ വാഹകൻ: കെ. ഐ. ഐ. സി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈത്ത്: അറബ് മേഖലയിലെ പ്രതിസന്ധി തീർക്കാൻ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽ അഹ്‌മദ്‌ അൽ സബാഹ് എന്ന് കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുസ്മരിച്ചു. കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്‌മദ്‌ അൽസ്വബാഹിന്റെ (1929-2020) മരണത്തോടെ അറബ് ലോകത്തിനു ഒരു മാധ്യസ്ഥനെയാണ് നഷ്ടമായിരിക്കുന്നത്. ഏതു പ്രശ്നങ്ങളിലും മദ്ധ്യമനിലപാട് സ്വീകരിക്കുന്ന കുവൈത്ത് അമീറിനെ ലോകം ശ്രദ്ധിക്കുകയായിരുന്നു.

ആറു പതിറ്റാണ്ടിലേറെ കാലമായി ശൈഖ് സ്വബാഹ് കുവൈത്ത് രാഷ്ട്രീയത്തിൽ സജീവമാണ്. കുവൈത്ത് അമീർ ആയിരുന്ന അഹ്മദ് ജാബിർ അൽ സ്വബാഹിന്റെ നാലാമത്തെ പുത്രനായി 1929 ൽ ജനനം. ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശൈഖ് സ്വബാഹ് കുവൈത്തിലെ ആദ്യത്തെ മീഡിയ വകുപ്പ് മന്ത്രിയായിരുന്നു. അൽകുവൈത്ത് അൽയൗമ്, അൽ അറബി മാഗസിൻ തുടങ്ങിയവയുടെ പ്രസിദ്ധീകരണത്തിൽ ശൈഖ് സ്വബാഹ് വഹിച്ച പങ്ക് ചരിത്രത്തിൽ അടയാളപെട്ടു കിടക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം രണ്ടാമത്തെ വിദേശ കാര്യ മന്ത്രിയായും ശൈഖ് സ്വബാഹ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ലാണ് കുവൈത്ത് അമീറായി മജ്‌ലിസുൽ ഉമ്മയിൽ ഭരണഘടനാപരമായി സത്യ പ്രതിജ്ഞ ചെയ്യുന്നത്.

ജീവകാരുണ്യ പ്രവർത്തനം കൊണ്ടു ലോകത്തെ അതിശയിപ്പിക്കുന്ന കുവൈത്തിന്റെ പ്രിയപ്പെട്ട അമീർ വിടവാങ്ങുമ്പോൾ ലോകം തേങ്ങുകയാണ്. മുസ്‌ലിംലോകം പ്രതിസന്ധിയുടെ ചുരവക്കിലൂടെ കടന്നുപോകുമ്പോൾ ശൈഖ് സ്വബാഹിന്റെ അന്ത്യം കനത്ത ശൂന്യതയായി നിലനിൽക്കും. കുവൈത്തിന്റെ നന്മകൾ നിറഞ്ഞു കാണുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്ത് ജനതയുടെ ദുഃഖത്തിൽ പങ്കുചേരുകയും അമീറിന്റെ പരലോക മോക്ഷത്തിനു പ്രാർത്ഥിക്കുകയും ചെയ്യുന്നു.

കുവൈത്തിനു വീണ്ടും ഉയരങ്ങൾ കീഴടക്കി ഭദ്രതയോടെ നിലനിൽക്കുവാനും രാജ്യത്തെ നയിക്കുന്ന പുതിയ ഭരണാധികാരികൾക്ക് സ്ഥൈര്യം നൽകുവാനും നാഥൻ തുണക്കട്ടെ എന്നു പ്രാര്ഥിക്കുന്നതായും ഇസ്ലാഹി സെന്റർ പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് കൊടുവള്ളി ജനറൽ സെക്രട്ടറി ജസീർ പുത്തൂർ പള്ളിക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിക്കുന്നു.

Advertisment