Advertisment

യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കിഫ്ബി സിഇഒ; ഇ.ഡിയുടെ അന്വേഷണത്തെക്കുറിച്ച് അറിയില്ല; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നതായി അറിയില്ലെന്നും അന്വേഷണത്തിനുള്ള പശ്ചാത്തലമില്ലെന്നും കിഫ്ബി സിഇഒ കെ.എം.എബ്രഹാം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയുടെ നിക്ഷേപ നയം അനുസരിച്ചാണ് യെസ് ബാങ്കിൽ പണം നിക്ഷേപിച്ചതും പിൻവലിച്ചതുമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കെ എം എബ്രഹാം പറഞ്ഞു. കിഫ്ബി 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതിനെതിരെ പരാതി കിട്ടിയെന്നാണു രാജ്യസഭയിൽ ധനകാര്യ സഹമന്ത്രി അറിയിച്ചിരിക്കുന്നത്. അന്വേഷണം തുടങ്ങിയതായി പറഞ്ഞിട്ടില്ല. കിഫ്ബിക്ക് അന്വേഷണം സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടുമില്ല.

2017 മേയ് മുതൽ കിഫ്ബി സ്വരൂപിച്ച പണം വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വകാര്യബാങ്കിനെയാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ ഉയര്‍ന്ന റേറ്റിങ് വേണമെന്ന മാനദണ്ഡം കിഫ്ബിയുടെ കമ്മിറ്റി നിശ്ചയിച്ചിരുന്നു. മുന്തിയ റേറ്റിങ് ഉണ്ടായിരുന്ന ബാങ്കായിരുന്നു യെസ് ബാങ്ക്. വിവിധ ഏജൻസികൾ അവർക്കു നല്ല റേറ്റിങ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കിഫ്ബി റേറ്റ് നോക്കി നിക്ഷേപം നടത്തിയത്.

യെസ് ബാങ്കിൽ നിക്ഷേപിച്ച 250 കോടി രൂപ ബാങ്കിന്റെ തകർച്ചയ്ക്കു മുമ്പുതന്നെ ഈ പണം പിൻവലിക്കുകയുണ്ടായി. 2019 ഓഗസ്റ്റ് 8നായിരുന്നു ഈ പിൻവലിക്കൽ ബാങ്കിന്റെ സാമ്പത്തികനില സകരാറിലാണെന്ന സൂചന കിട്ടിയ മാത്രയിൽ പണം പിൻവലിക്കുകയായിരുന്നു.

ബാങ്കിന്റെ റേറ്റിങ് താഴുന്നത് കണ്ടതോടെയാണ് ഈ തീരുമാനമെടുത്തത്. കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപം നടത്തുന്ന സന്ദർഭത്തിൽ ട്രിപ്പിൾ എ റേറ്റിങ് ഉണ്ടായിരുന്നു. ഇത് ക്രമേണം ഇടിയുന്നത് മനസ്സിലാക്കിയ കിഫ്ബി ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സമിതി ഉടനെ പണം തിരിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment